ബംഗളൂരു: ട്രാക്കിൽ പുതിയ വേഗം തീർത്ത് റെക്കോഡിട്ട ‘ഉഡുപ്പി എക്സ്പ്രസ്’ എച്ച്.എച്ച്. മണികണ്ഠയുടെ സ്വപ്നനേട്ടത്തിന് പിന്നിലെ പരിശീലനക്കൈകൾ മലയാളികളുടേത്. മണികണ്ഠയെ കണ്ടെത്തിയ കോച്ചും നിലവിലെ പരിശീലകനും മലയാളികളാണ്; ട്രാക്കിലെ മുൻ ഇന്റർനാഷനലുകളായ കണ്ണൂർ ആലക്കോട് പാച്ചാണി കാപ്പിയിൽ കെ.പി. സയ്ന്റിസണും വയനാട് കാക്കവയൽ വാരിയാട് ടി. അബൂബക്കറും. ഹൈദരാബാദിലെ ആർട്ടിലറി സെന്ററിൽ ആർമി പരിശീലകരാണിവർ. 2004ൽ ഇസ്ലാമാബാദിൽ നടന്ന സൗത്ത് ഏഷ്യൻ ഗെയിംസിൽ ട്രിപ്ൾ ജംപിൽ വെങ്കല മെഡൽ ജേതാവാണ് 49 കാരനായ സയന്റിസൺ. 2006 സാഫ് ഗെയിംസിൽ 4X 400 മീറ്റർ റിലേയിൽ ഭൂപേന്ദർ, മലയാളികളായ കെ.എം. ബിനു, ജോസഫ് എന്നിവർക്കൊപ്പം വെള്ളിമെഡൽ ജേതാവാണ് അബൂബക്കർ.
2019ൽ മൂഡബിദ്രിയിൽ നടന്ന കർണാടക ജൂനിയർ മീറ്റിൽനിന്നാണ് സയ്ന്റിസൺ മണികണ്ഠയെ കണ്ടെത്തുന്നത്. കഴിഞ്ഞ ഏഷ്യൻ ഗെയിംസിൽ അഞ്ചാമതെത്തിയ കർണാടക തുമകുരു സ്വദേശി യശസ്സിനെയും ഇതേ മീറ്റിൽനിന്നാണ് സയന്റിസൺ പൊക്കി സർവിസസിൽ എത്തിക്കുന്നത്. അവിടെനിന്ന് നേരെ അബൂബക്കറിന്റെ കൈകളിലേക്ക്.10.6 ഉം 10.7 ഉം സെക്കൻഡായിരുന്നു ആ സമയത്ത് മണികണ്ഠയുടെ വേഗം. ഈ വർഷം കഠിന പരിശീലനം ലഭിച്ചതോടെ പെർഫോമൻസ് ഗ്രാഫ് ഉയർന്നു.
കഴിഞ്ഞ സെപ്റ്റംബറിൽ നടന്ന ഇന്റർ സർവിസസ് ചാമ്പ്യൻഷിപ്പിൽ10.31സെക്കൻഡിൽ ഓടിയെത്തി. മണികണ്ഠ റെക്കോഡ് നേടുമെന്ന പ്രതീക്ഷ തനിക്കുണ്ടായിരുന്നെന്ന് അബൂബക്കർ പറഞ്ഞു. ബംഗളൂരുവിൽ നടക്കുന്ന ദേശീയ ഓപൺ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ 100 മീറ്ററിൽ സെമിയിൽ തന്നെ റെക്കോഡിട്ട മണികണ്ഠക്ക് പക്ഷേ, ഫൈനലിൽ ആ നേട്ടം ആവർത്തിക്കാനായില്ല. മികച്ച പെർഫോമൻസ് തന്നെ പുറത്തെടുത്തെങ്കിലും സ്റ്റേഡിയത്തിലെ കാറ്റ് വില്ലനായെന്ന് കോച്ച് അബൂബക്കർ ചൂണ്ടിക്കാട്ടി. 22 കാരനായ മണികണ്ഠക്ക് തിളങ്ങുന്ന ഭാവിയുണ്ടെന്നും വരാനിരിക്കുന്ന ദേശീയ ഗെയിംസിൽ ശിഷ്യൻ സ്വന്തം റെക്കോഡ് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ബംഗളൂരു: ദേശീയ ഓപൺ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വേഗതാരങ്ങളായി സർവിസസിന്റെ എച്ച്.എച്ച്. മണികണ്ഠയും തമിഴ്നാടിന്റെ ഗിരിധറാണിയും. പുരുഷന്മാരുടെ 100 മീറ്ററിൽ സെമിഫൈനലിൽ ദേശീയ റെക്കോഡിട്ട (10.23 സെക്കൻഡ്) മണികണ്ഠക്ക് പക്ഷേ ഫൈനലിൽ 10.42 സെക്കൻഡിലായിരുന്നു ഫിനിഷിങ്. സർവിസസിന്റെ തന്നെ നിഖിൽ പാട്ടീൽ വെള്ളിയും റെയിൽവേസിന്റെ ബി. ശിവ വെങ്കലവും നേടി. വനിതാ വിഭാഗത്തിൽ കർണാടകയുടെ സ്നേഹ എസ്.എസ് വെള്ളിയും പഞ്ചാബിന്റെ കമൽജീത് കൗർ വെങ്കലവും നേടി. വനിതകളുടെ ലോങ് ജംപിൽ ആന്ധ്രയുടെ ഭവാനി യാദവ് സ്വർണം നേടി. മലയാളി പരിശീലകൻ തിരുവനന്തപുരം സ്വദേശി അജിത് കുമാറിന്റെ ശിഷ്യയായ ഭവാനി, ഉഡുപ്പി മൂഡബിദ്രി മംഗളൂരു ആൽവാസ് കോളജ് വിദ്യാർഥിനിയാണ്. ലോങ്ജംപിൽ കേരളത്തിന്റെ നീനയും പ്രഭാവതിയും മത്സരിച്ചെങ്കിലും മെഡൽ നേടാനായില്ല. മറ്റു മത്സരഫലങ്ങൾ (സ്വർണം, വെള്ളി, വെങ്കലം ക്രമത്തിൽ: ഷോട്ട്പുട്ട് (വനിത): അബാ കത്വ, മൻപ്രീത് കൗർ, സൃഷ്ടി. 110 മീ. ഹർഡ്ൽസ് (പുരു.): തേജസ് ഷിർസെ, മാധവേന്ദ്ര, മാനവ്. 100 മീ. ഹർഡ്ൽസ് (വനിത): പ്രഗ്യാൻ പ്രശാന്ത്, സപ്ന കുമാരി, അഞ്ജലി സി. ഡിസ്കസ് ത്രോ (പുരു.): നിർഭയ് സിങ്, ഗഗൻദീപ് സിങ്, പ്രഭ്ജോത് സിങ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.