ബുഡാപെസ്റ്റ്: ചതുരംഗപ്പലകകളിൽ തീപടർത്തുന്ന യുവനിരയെ കൂട്ടി ചെസ് ഒളിമ്പ്യാഡിൽ ഇന്ത്യ കുറിച്ചത് സമാനതകളില്ലാത്ത വീരചരിതം. അവസാന റൗണ്ട് വരെ നീണ്ട ആവേശപ്പോരാട്ടങ്ങളിൽ പുരുഷ, വനിത ടീമുകൾ എതിരാളികൾക്കുമേൽ തകർപ്പൻ ജയം കുറിച്ചതോടെയായിരുന്നു രാജ്യം കാത്തിരുന്ന അഭിമാന കിരീടത്തിലേക്ക് ഇരു ടീമും കരുക്കൾ നീക്കിക്കയറിയത്. അവസാന റൗണ്ട് മത്സരങ്ങളുടെ ദിനമായ ഞായറാഴ്ച പുരുഷ വിഭാഗത്തിൽ ഡി. ഗുകേഷ്, അർജുൻ എരിഗെയ്സി, ആർ. പ്രഗ്നാനന്ദ എന്നിവർ എതിരാളികളെ അനായാസം കീഴടക്കിയപ്പോൾ വനിതകൾ അസർബൈജാനെ വീഴ്ത്തിയത് 3.5-05ന്. 2014, 2022 രണ്ടുവട്ടം വെങ്കലം നേടിയതായിരുന്നു മുമ്പ് പുരുഷ ടീം കുറിച്ച വലിയ വിജയം. വനിതകൾ 2022ൽ ചെന്നൈയിൽ നടന്ന ഒളിമ്പ്യാഡിൽ വെങ്കലം നേടിയിരുന്നു.
സമീപകാലത്ത് ഇന്ത്യൻ യുവനിര ലോക ചെസിൽ അതിവേഗം ബഹുദൂരം കുറിക്കുന്ന വിജയപർവങ്ങൾക്ക് മനോഹര പൂർത്തീകരണം കൂടിയായി ഓപൺ വിഭാഗത്തിൽ കന്നിക്കിരീടം.
ലോക ചാമ്പ്യൻഷിപ്പിൽ വിശ്വനാഥൻ ആനന്ദിന്റെ പിൻഗാമിയാകാൻ അവസാന പോരിനിറങ്ങാൻ കാത്തിരിക്കുന്ന ഗുകേഷും ഒപ്പം അർജുൻ എരിഗെയ്സുമായിരുന്നു ഇന്ത്യൻ പോരാട്ടങ്ങളിലെ രാജകുമാരന്മാർ. സമനില പോലും കിരീടം സമ്മാനിക്കുമെന്നുറപ്പുള്ള സ്ലൊവീനിയക്കെതിരായ അവസാന അങ്കത്തിൽ വ്ലാദിമിർ ഫെഡോസീവിനെതിരെ ഗുകേഷ് നീക്കങ്ങളിലെ കൃത്യതയും മികവുമായി മുന്നിൽനിന്നു. മൂന്നാം ബോർഡിൽ കറുത്ത കരുക്കളുമായി ജാൻ സുബെലിക്കെതിരെ കളിച്ച എരിഗെയ്സും സമാനമായി ജയിച്ചു. അതോടെ, ശരിക്കും പ്രതിരോധത്തിലായ എതിരാളികൾക്കു മേൽ പ്രഗ്നാനന്ദ കൂടി ജയം പിടിച്ചതോടെ പുരുഷടീം പരമാവധി 22 പോയന്റിൽ 21ഉം നേടി തങ്ങളുടെ ഭാഗം പൂർത്തിയാക്കി. ഉസ്ബകിസ്താനോട് വഴങ്ങിയ സമനില മാത്രമായിരുന്നു ടീമിന്റെ ഏക പോയന്റ് നഷ്ടം.
തൊട്ടുപിറകെ വനിതകളിൽ ഡി. ഹരിക, ദിവ്യ ദേശ്മുഖ്, വന്തിക അഗ്രവാൾ എന്നിവരും ജയിച്ചപ്പോൾ ആർ. വൈശാലി സമനില വഴങ്ങി. ദിവ്യ ദേശ്മുഖായിരുന്നു ഇന്ത്യൻ പോരാട്ടത്തിന് കരുത്ത് പകർന്നത്. ജയം ആധികാരികമായിട്ടുകൂടി മറുവശത്ത്, കസാഖ്സ്താനെ യു.എസ് സമനിലയിൽ പിടിച്ചതോടെയായിരുന്നു വനിത കിരീടം ഉറപ്പായത്. ഇന്ത്യൻ പെൺകൊടികൾ 19 പോയന്റ് നേടി. പോളണ്ടിനെതിരെ മാത്രമായിരുന്നു ടീമിന്റെ തോൽവി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.