ചെന്നൈ: ശിൽപനഗരമായ മഹാബലിപുരത്ത് നടക്കുന്ന ചെസ് ഒളിമ്പ്യാഡിൽനിന്ന് പാകിസ്താൻ ടീം മടങ്ങിയത് കടുത്ത നിരാശയോടെ. മത്സരത്തിന്‍റെ അവസാന നിമിഷങ്ങളിലാണ് പാകിസ്താൻ തങ്ങളുടെ ടീമിനെ പിൻവലിച്ചത്. ഒളിമ്പ്യാഡിന്‍റെ ദീപശിഖ ജമ്മു-കശ്മീരിലൂടെ കൊണ്ടുപോയത് മനഃപൂർവമാണെന്നും ഇതിലൂടെ ഇന്ത്യ അന്താരാഷ്ട്ര ചെസ് ചാമ്പ്യൻഷിപ്പിനെ രാഷ്ട്രീയവത്കരിച്ചതിലുള്ള പ്രതിഷേധമാണ് തീരുമാനത്തിന് കാരണമെന്നുമാണ് പാകിസ്താൻ വിശദീകരിക്കുന്നത്.
ആദ്യമായാണ് ഇന്ത്യയിൽ ചെസ് ഒളിമ്പ്യാഡ് നടക്കുന്നത്. ഇതിനെ രാഷ്ട്രീയവത്കരിച്ച് ടീമിനെ പിൻവലിച്ച തീരുമാനം നിർഭാഗ്യകരമാണെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് പ്രതികരിച്ചിരുന്നു. വ്യാഴാഴ്ച രാവിലെയാണ് പാകിസ്താനിൽനിന്ന് 19 അംഗ സംഘം പുണെയിൽനിന്ന് വിമാനമാർഗം ചെന്നൈയിലെത്തിയത്. ഇവരെ തമിഴ്നാട് അധികൃതരും ഒളിമ്പ്യാഡ് സംഘാടക സമിതി ഭാരവാഹികളും വരവേറ്റു. തുടർന്ന് ഇവരെ ലക്ഷ്വറി വാഹനങ്ങളിൽ ചെന്നൈ ഒ.എം.ആർ റോഡിലെ ശിറുശേരിയിലെ നക്ഷത്ര ഹോട്ടലിലേക്ക് കൊണ്ടുപോയി. വ്യാഴാഴ്ച രാത്രി പൊടുന്നനെയാണ് ടീമിനെ പിൻവലിക്കുന്നതായ പാകിസ്താൻ സർക്കാറിന്‍റെ അറിയിപ്പ് എത്തിയത്. രാത്രി 11ഓടെതന്നെ ടീമംഗങ്ങൾ കടുത്ത നിരാശയോടെ ഇൻഡിഗോ എയർലൈൻസിൽ പുണെയിലേക്ക് തിരിച്ചു. ഇവരെ ഒളിമ്പ്യാഡ് സംഘാടക സമിതി യാത്രയയച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.