ഗോണ്ട (ഉത്തർപ്രദേശ്): ഇന്ത്യൻ ഗുസ്തി ഫെഡറേഷനെ ആഗോള കൂട്ടായ്മയായ യുനൈറ്റഡ് വേൾഡ് റസ് ലിങ് (യു.ഡബ്ല്യു.ഡബ്ല്യു) സസ്പെൻഡ് ചെയ്ത സംഭവത്തിൽ ബ്രിജ് ഭൂഷൺ ശരൺസിങ്ങിനെതിരെ ആഞ്ഞടിച്ച് ലോക ചാമ്പ്യൻഷിപ് മെഡൽ ജേത്രി ഒളിമ്പ്യൻ വിനേഷ് ഫോഗട്ട്. ദേശീയ ഫെഡറേഷന്റെ യശസ്സ് നഷ്ടപ്പെട്ടതിനെക്കുറിച്ച് ആരെങ്കിലും ശരിയായ വിലയിരുത്തൽ നടത്തിയാൽ അയാൾ പൂർണമായും തുറന്നുകാട്ടപ്പെടുമെന്നും ദേശീയ ത്രിവർണത്തെ ഒരു മാഫിയ കളങ്കപ്പെടുത്തിയെന്നും വിനേഷ് സമൂഹമാധ്യമത്തിൽ കുറിച്ചു.
എന്നാൽ, ഫെഡറേഷന് സസ്പെൻഷൻ ലഭിച്ചതിന് ഉത്തരവാദികൾ ധർണ ജീവികളാണെന്നും അവരാണ് ഗുസ്തിയെയും താരങ്ങളെയും കളിയാക്കിയതെന്നും തനിക്കെതിരെ പ്രക്ഷോഭം നടത്തിയവരെ ഉദ്ദേശിച്ച് ബ്രിജ് ഭൂഷൺ പറഞ്ഞു. യഥാസമയം തെരഞ്ഞെടുപ്പ് നടത്താത്തത് ചൂണ്ടിക്കാട്ടിയാണ് ഇന്ത്യൻ ഗുസ്തി ഫെഡറേഷനെ കഴിഞ്ഞ ദിവസം യു.ഡബ്ല്യു.ഡബ്ല്യു സസ്പെൻഡ് ചെയ്തത്. ഇതോടെ ലോക ചാമ്പ്യൻഷിപ്പിലടക്കം താരങ്ങൾക്ക് ഇന്ത്യൻ ബാനറിന് കീഴിൽ മത്സരിക്കാൻ കഴിയാത്ത സ്ഥിതി വന്നിരിക്കുകയാണ്. ആഗസ്റ്റ് 12നാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാൽ, ഹരിയാന ഗുസ്തി അസോസിയേഷൻ നൽകിയ ഹരജി പരിഗണിച്ച് കോടതി തെരഞ്ഞെടുപ്പ് സ്റ്റേ ചെയ്യുകയായിരുന്നു. ബി.ജെ.പി ലോക്സഭാംഗമായ ബ്രിജ് ഭൂഷണായിരുന്നു ഇന്ത്യൻ ഗുസ്തി ഫെഡറേഷന്റെ പ്രസിഡന്റ്. ബ്രിജ് ഭൂഷൺ ലൈംഗികാതിക്രമം നടത്തിയതായി വ്യക്തമാക്കി വനിത താരങ്ങൾ രംഗത്തെത്തിയതോടെ വിനേഷ് ഉൾപ്പെടെ ഒളിമ്പിക്, ലോക ചാമ്പ്യൻഷിപ് മെഡൽ ജേതാക്കളടക്കം പ്രക്ഷോഭത്തിലായിരുന്നു. ബ്രിജ് ഭൂഷൺ ഇനി നേതൃത്വത്തിലുണ്ടാവില്ല, തെരഞ്ഞെടുപ്പ് ഉടൻ നടത്തും തുടങ്ങി കേന്ദ്ര കായിക മന്ത്രി നൽകിയ ഉറപ്പുകളെത്തുടർന്നാണ് ഇവർ സമരരംഗത്തുനിന്ന് താൽക്കാലികമായി പിൻവാങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.