തിരുവനന്തപുരം: 64ാമത് സംസ്ഥാന സ്കൂൾ കായികമേളക്ക് കൊടിയിറങ്ങിയപ്പോൾ അവസാന ഇനത്തിലും സ്വർണം നേടി സമ്പൂർണാധിപത്യത്തോടെ പാലക്കാട് കിരീടം നിലനിർത്തി. സ്കൂൾ വിഭാഗത്തിൽ വമ്പൻമാരെ മലർത്തിയടിച്ച മലപ്പുറം കടകശേരി ഐഡിയൽ ഇ.എച്ച്.എസ്.എസിനാണ് ചാമ്പ്യൻ പട്ടം. കുത്തകകൾ തകരുകയും പുതിയ താരോദയങ്ങൾ പ്രകടമാകുകയും ചെയ്ത മേളയിൽ മലപ്പുറവും കോഴിക്കോടും വൻ കുതിപ്പാണ് നടത്തിയത്. വർഷങ്ങളായി കുത്തകയാക്കി വച്ചിരുന്ന കിരീടങ്ങളിൽ നിന്ന് എറണാകുളവും കോതമംഗലം മാർബേസിലും അഞ്ചാംസ്ഥാനത്തേക്ക് കൂപ്പുകുത്തുകയും ചെയ്തു. 2019 ൽ കണ്ണൂരിൽ നടന്ന മേളയിൽ 16 റെക്കോഡുകൾ പിറന്നെങ്കിൽ കോവിഡ് ഉയർത്തിയ വെല്ലുവിളിയെ തുടർന്ന് രണ്ട് വർഷത്തിന് ശേഷം നടന്ന മീറ്റിൽ ആറ് റെക്കോഡുകൾ മാത്രമാണുണ്ടായത്.
32 സ്വർണവും 21 വെള്ളിയും 18 വെങ്കലവുമുൾപ്പെടെ 269 പോയന്റോടെയാണ് പാലക്കാട് കിരീടം നിലനിർത്തിയത്. 13 സ്വർണവും 17 വെള്ളിയും 14 വെങ്കലവുമായി 149 പോയന്റോടെയാണ് മലപ്പുറത്തിന്റെ രണ്ടാംസ്ഥാനത്തേക്കുള്ള കുതിപ്പ്. അവസാന മേളയിൽ ആറാം സ്ഥാനത്തായിരുന്നു മലപ്പുറം. എട്ട് സ്വർണവും 16 വീതം വെള്ളിയും വെങ്കലവുമുൾപ്പെടെ 122 പോയന്റോടെ കോഴിക്കോട് മൂന്നാം സ്ഥാനം നിലനിർത്തി.
വർഷങ്ങളായി ജേതാക്കളായിരുന്ന എറണാകുളത്തിന് 11 സ്വർണവും ആറ് വെള്ളിയും എട്ട് വെങ്കലവുമായി 81 പോയന്റോടെ അഞ്ചാംസ്ഥാനം നേടാനേ ആയുള്ളൂ. 89 പോയന്റുള്ള കോട്ടയത്തിനാണ് നാലാംസ്ഥാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.