ചെന്നൈ: പ്രൈം വോളിബാള്‍ ലീഗ് മൂന്നാം സീസണ് കിരീടപ്പോരാട്ടം ഇന്ന് ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. വൈകീട്ട് 6.30ന് കരുത്തരായ കാലിക്കറ്റ് ഹീറോസ് ലീഗിലെ പുതുമുഖക്കാരായ ഡല്‍ഹി തൂഫാന്‍സിനെ നേരിടും. എട്ട് നഗര ഫ്രാഞ്ചൈസി ടീമുകള്‍ മത്സരിച്ച ഒന്നര മാസം നീണ്ട സീസണിനാണ് സമാപനമാവുന്നത്. കൊല്‍ക്കത്ത തണ്ടര്‍ബോള്‍ട്ട്സ്, അഹ്മദാബാദ് ഡിഫന്‍ഡേഴ്സ് ടീമുകളായിരുന്നു യഥാക്രമം ആദ്യ രണ്ടു സീസണുകളിലെ ചാമ്പ്യന്മാര്.
മുന്‍ സീസണുകളില്‍നിന്ന് വ്യത്യസ്തമായി തുടക്കം മുതല്‍ വിസ്മയിപ്പിക്കുന്ന പ്രകടനമായിരുന്നു കാലിക്കറ്റ് ഹീറോസിന്റേത്. ലീഗ് റൗണ്ടില്‍ എട്ടു മത്സരങ്ങളില്‍നിന്ന് 12 പോയന്റുമായി ടേബിളില്‍ ഒന്നാമതെത്തിയ ടീം, രണ്ടു ബോണസ് പോയന്റുമായാണ് സൂപ്പര്‍ ഫൈവില്‍ പ്രവേശിച്ചത്. മുംബൈ മിറ്റിയോഴ്സിനും ബംഗളൂരു ടോർപിഡോസിനുമെതിരെ ജയിച്ച് വീണ്ടും പട്ടികയില്‍ ഒന്നാമതെത്തി ചരിത്രത്തിലെ തങ്ങളുടെ ആദ്യ ഫൈനല്‍ പ്രവേശനം ഉറപ്പാക്കി. ടീമിനായി ആരാധകര്‍ നല്കിയ വലിയ പിന്തുണക്ക് കപ്പിലൂടെ പകരം നൽകുമെന്നും ആരാധകരുടെ വിശ്വാസംകാക്കുമെന്നും ക്യാപ്റ്റന്‍ ജെറോം വിനീത് പറഞ്ഞു.
ഡല്‍ഹി തൂഫാന്‍സ് 12 പോയന്റ് നേടി രണ്ടാം സ്ഥാനക്കാരായാണ് ലീഗ് റൗണ്ട് അവസാനിപ്പിച്ചത്. സൂപ്പര്‍ ഫൈവില്‍ ബംഗളൂരു ടോർപിഡോസിനെയും കാലിക്കറ്റ് ഹീറോസിനെയും പരാജയപ്പെടുത്തിയ അവര്‍ ലീഗ് റൗണ്ടിലെ ഒരു ബോണസ് പോയന്റിന്റെ ബലത്തില്‍ എലിമിനേറ്ററിന് യോഗ്യത നേടുകയായിരുന്നു. നിലവിലെ ചാമ്പ്യന്മാരായ അഹ്മദാബാദിനെ പരാജയപ്പെടുത്തിയാണ് ടീം കാലിക്കറ്റ് ഹീറോസിനെതിരെയുള്ള കലാശക്കളി ഉറപ്പിച്ചത്. കിരീടം നേടി സീസണ് അവസാനിപ്പിക്കാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് തൂഫാന്‍സ് ക്യാപ്റ്റന്‍ സഖ്ലെയ്ന്‍ താരീഖ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.