റേഞ്ചില്‍ ഇനി ബിന്ദ്രജാലമില്ല ഇന്ത്യന്‍ ഷൂട്ടിങ്ങിലെ ഗോള്‍ഡന്‍ ബോയ് വിരമിച്ചു

പഞ്ചാബിലെ പട്യാലയില്‍ കണ്ണെത്താ ദൂരത്തോളം പരന്നുകിടന്ന കരിമ്പിന്‍പാടങ്ങള്‍ക്കിടയില്‍ മകനുവേണ്ടി കോടികള്‍ മുടക്കി ഷൂട്ടിങ് റേഞ്ച് ഒരുക്കുമ്പോള്‍ എ.എസ്. ബിന്ദ്രയെ കിറുക്കന്‍ എന്നായിരുന്നു നാട്ടുകാരും ബന്ധുക്കളും വിളിച്ചത്. കുഞ്ഞുപ്രായത്തില്‍ തോക്കില്‍ ഇഷ്ടം തോന്നിയ മകനെ പിന്തിരിപ്പിക്കാന്‍ ബന്ധുക്കള്‍ ഉപദേശിക്കുകയും ചെയ്തു. പക്ഷേ, ആ അച്ഛന്‍ മകന്‍െറ ഇഷ്ടങ്ങള്‍ക്കൊപ്പമായിരുന്നു.ചണ്ഡിഗഢിലെ പ്രമുഖമായ സെന്‍റ് സ്റ്റീഫന്‍ സ്കൂളില്‍ പഠിച്ചിറങ്ങിയപ്പോള്‍ കൂട്ടുകാര്‍ക്കെല്ലാം മെഡിക്കല്‍-എന്‍ജിനീയറിങ്ങിനോടായിരുന്നു താല്‍പര്യം. അപ്പോഴും തോക്കിലെ പ്രേമം കൈവിടാതിരുന്ന അഭിനവ് ബിന്ദ്രക്കൊപ്പം അച്ഛന്‍ ബിന്ദ്രയും നിന്നു.പരിശീലനത്തിന് മാത്രം ലക്ഷങ്ങള്‍ വേണ്ടിവരുന്ന ഇനം. മികച്ച പരിശീലകരാരും തന്നെ രാജ്യത്തുമില്ല. ഇന്ത്യന്‍ നിരയില്‍ പട്ടാളക്കാര്‍ മാത്രം കായിക ഇനമായി കണ്ട ഷൂട്ടിങ്ങില്‍ മകന്‍െറ കൈകള്‍ക്ക് ഉന്നംപിഴക്കുന്നില്ളെന്ന് കണ്ടപ്പോള്‍ സ്വന്തം ഫാം ഹൗസിനു പിന്നില്‍ ഷൂട്ടിങ് റേഞ്ച് ഒരുക്കാന്‍ എ.എസ്. ബിന്ദ്ര ഒരുങ്ങുകയായിരുന്നു. വിദേശത്തുനിന്ന് മികച്ച പരിശീലകരെയത്തെിച്ചു. ഏറ്റവും മികച്ച തോക്കുകളും ഉപകരണങ്ങളുമൊരുക്കി.
അച്ഛന്‍െറ വിശ്വാസം ശരിയെന്നു തെളിയാന്‍ ഏറെ കാത്തിരിക്കേണ്ടിവന്നില്ല. 1998 ക്വാലാലംപുര്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് ഇന്ത്യന്‍ സംഘം പറക്കുമ്പോള്‍ 15കാരനായ ബിന്ദ്ര കൂട്ടത്തിലെ ഇളമുറക്കാരനായി ഉണ്ടായിരുന്നു. ഓര്‍ക്കാന്‍ കാര്യമായ നേട്ടങ്ങളൊന്നുമുണ്ടായില്ളെങ്കിലും ഇന്ത്യയുടെ ഭാവിഷൂട്ടറുടെ ഉദയം കണ്ടു.

സര്‍വിസസ് ഉള്‍പ്പെടെ പല കേന്ദ്രങ്ങളില്‍നിന്ന് ക്ഷണമുണ്ടായെങ്കിലും മകനെ സ്വന്തംനിലയില്‍ ലോകചാമ്പ്യനാക്കാനായി എ.എസ്. ബിന്ദ്രയുടെ തീരുമാനം. 2001 മ്യൂണിക് ഷൂട്ടിങ് ലോകകപ്പില്‍ വെങ്കലം നേടിയതോടെ ആ പ്രതിഭയുടെ പെരുമ വന്‍കരകള്‍ താണ്ടി. അതേവര്‍ഷം യൂറോപ്പിലെ വിവിധ ചാമ്പ്യന്‍ഷിപ്പുകളില്‍ നിന്നായി ആറു സ്വര്‍ണം.മുന്‍ ഒളിമ്പിക്സ് ചാമ്പ്യന്‍ സ്വിറ്റ്സര്‍ലന്‍ഡിന്‍െറ ഗബ്രിയേല്‍ ബുല്‍മാനു കീഴില്‍ പരിശീലനം നടന്നതോടെ ലോകതാരത്തിന്‍െറ നിലവാരവുമുയര്‍ന്നു. പിന്നെ കണ്ടതെല്ലാം ചരിത്രം. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ തുടര്‍ച്ചയായി മെഡല്‍ നേട്ടം. 2000, 2004 ഒളിമ്പിക്സ് ടീമിലും അംഗമായിരുന്ന ബിന്ദ്ര 2008 ബെയ്ജിങ്ങില്‍ ചരിത്രവും കുറിച്ചു. ഹോക്കിയിലെ എട്ടു സ്വര്‍ണത്തിന്‍െറ ഓര്‍മയില്‍ മാത്രം ഒളിമ്പിക്സില്‍ അഭിമാനിച്ച രാജ്യത്തിന് ആദ്യമായി വ്യക്തിഗത സ്വര്‍ണം ഈ പഞ്ചാബുകാരന്‍െറ വകയായി പിറന്നു.


സ്വന്തം പണത്തില്‍ മകന് ലോകോത്തര പരിശീലനം ഒരുക്കിയ എ.എസ്. ബിന്ദ്ര അന്ന് കേന്ദ്രസര്‍ക്കാറിനും കായിക മന്ത്രാലയത്തിനു മെതിരെ തുറന്നടിക്കുകയും ചെയ്തു.കരിയറിലെ അഞ്ചാം ഒളിമ്പിക്സില്‍ ഒരു മെഡല്‍കൂടി സ്വന്തമാക്കാന്‍ ലക്ഷ്യമിട്ടായിരുന്നു ബിന്ദ്ര റിയോയിലത്തെിയത്. മികച്ച പ്രകടനവുമായി മെഡലിനോട് അടുത്തത്തെുകയും ചെയ്തു. പക്ഷേ, ബെയ്ജിങ്ങില്‍ തുണച്ച ഭാഗ്യം ഇക്കുറി റിയോയിലുണ്ടായില്ല. മെഡലൊന്നുമില്ലാതെ പടിയിറങ്ങുമ്പോഴും ഇന്ത്യന്‍ കായിക ചരിത്രത്തില്‍ ‘ഗോള്‍ഡന്‍ ബോയ്’ ആയി ബിന്ദ്രയുണ്ട്.

അഭിനവ്​ ബിന്ദ്രയുടെ നേട്ടങ്ങൾ

ഒളിമ്പിക്സ് സ്വര്‍ണം:  2008 ബെയ്ജിങ്
ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്: 2006 സാഗ്രെബ് സ്വര്‍ണം
കോമണ്‍വെല്‍ത്ത് ഗെയിംസ്: 2002 മാഞ്ചസ്റ്റര്‍ (ടീം) സ്വര്‍ണം
  2006 മെല്‍ബണ്‍ (ടീം) സ്വര്‍ണം  2010 ഡല്‍ഹി (ടീം) സ്വര്‍ണം
  2014 ഗ്ളാസ്ഗോ (വ്യക്തിഗതം) സ്വര്‍ണം
  2002 മാഞ്ചസ്റ്റര്‍ (വ്യക്തിഗതം) വെള്ളി
  2010 ഡല്‍ഹി (വ്യക്തിഗതം) വെള്ളി
  2006 മെല്‍ബണ്‍ (വ്യക്തിഗതം) വെങ്കലം
ഏഷ്യന്‍ ഗെയിംസ്: 2010 ഗ്വാങ്ചോ (ടീം) വെള്ളി
  2014 ഇഞ്ചിയോണ്‍ (ടീം) വെങ്കലം
  2014 ഇഞ്ചിയോണ്‍ (വ്യക്തിഗതം) വെങ്കലം
പുരസ്കാരങ്ങള്‍: അര്‍ജുന അവാര്‍ഡ് (2000)
  ഖേല്‍രത്ന (2001)   പത്മഭൂഷണ്‍ (2009)
  ടെറിട്ടോറിയല്‍ ആര്‍മി ലെഫ്റ്റനന്‍റ് കേണല്‍ (2011)
ആത്മകഥ
‘എ ഷോട്ട് അറ്റ് ഹിസ്റ്ററി: മൈ ഒബ്സസിവ് ജേണി ടു ഒളിമ്പിക് ഗോള്‍ഡ്’

 

 

 

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.