ശ്രദ്ധാകേന്ദ്രമായി ചെയ്ന്‍ സിങ്

ഗുവാഹതി: മെഡല്‍ക്കൊയ്ത്തുമായി ഷൂട്ടിങ് റെയ്ഞ്ചില്‍ ഇന്ത്യന്‍ താരങ്ങള്‍ അരങ്ങുവാണ ദിനത്തില്‍ രണ്ടാം സ്വര്‍ണവും വെടിവെച്ചിട്ട് ചെയ്ന്‍ സിങ് താരങ്ങളില്‍ താരമായി. പുരുഷ വിഭാഗം ഷൂട്ടിങ്ങില്‍ ഇന്നലെ തീരുമാനമായ നാലു സ്വര്‍ണവും സ്വന്തമാക്കിയാണ് ആതിഥേയ താരങ്ങള്‍ നിറഞ്ഞുനിന്നത്. ടീമിലെ സീനിയര്‍ താരവും ഒളിമ്പിക്സ് മെഡല്‍ ജേതാവുമായ ഗഗന്‍ നാരംഗിനെ വെങ്കലത്തിലേക്ക് പിന്തള്ളിയ പ്രകടനവുമായി 10 മീറ്റര്‍ എയര്‍ റൈഫിളിലാണ് ചെയ്ന്‍ സിങ് ഗെയിംസിലെ തന്‍െറ രണ്ടാം സ്വര്‍ണമണിഞ്ഞത്. റിയോ ഒളിമ്പിക്സിന് നേരത്തേ യോഗ്യത നേടിയ താരം 204.6 പോയന്‍റുമായാണ് ഇന്നലെ സ്വര്‍ണവെടിയുതിര്‍ത്തത്. ബംഗ്ളാദേശിന്‍െറ മുഹമ്മദ് സൊവന്‍ ചൗധരിക്കാണ് ഈയിനത്തില്‍ വെള്ളി. വ്യാഴാഴ്ച 50 മീറ്റര്‍ റൈഫ്ള്‍ പ്രോണിലായിരുന്നു ചെയ്ന്‍ സിങ്ങിന്‍െറ ആദ്യ സ്വര്‍ണം. അവിടെയും ഗഗന്‍ നാരംഗിനെ പിന്തള്ളിയായിരുന്നു മുന്നേറ്റം. 10 മീറ്റര്‍ എയര്‍ റൈഫ്ള്‍ ടീം ഇനത്തില്‍ ചെയ്ന്‍ സിങ്, ഗഗന്‍ നാരംഗ്, ഇംറാന്‍ ഖാന്‍ എന്നിവരങ്ങിയ സംഘം 1863.4 പോയന്‍റുമായി സ്വര്‍ണം നേടിയപ്പോള്‍ 20 മീറ്റര്‍ സ്റ്റാന്‍ഡേഡ് പിസ്റ്റളില്‍ മൂന്നു മെഡലും ഇന്ത്യ നേടി. 569 പോയന്‍റുമായി നീരജ് കുമാര്‍ സ്വര്‍ണവും ഗുര്‍പ്രീത് സിങ് (566 പോയന്‍റ്), മഹേന്ദര്‍ സിങ് (563 പോയന്‍റ്) എന്നിവര്‍ യഥാക്രമം വെള്ളിയും വെങ്കലവും സ്വന്തമാക്കി. 1698 പോയന്‍റുമായി 20 മീറ്റര്‍ സ്റ്റാന്‍ഡേഡ് പിസ്റ്റള്‍ ടീം ഇനത്തിലും ഈ മൂവര്‍ സംഘം സ്വര്‍ണം കരസ്ഥമാക്കി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.