?????????? ???? ?????

ആശാന്‍ ആശയഗംഭീരന്‍

ഷില്ളോങ്ങിലെ നോര്‍ത് ഈസ്റ്റ് ഹില്‍ യൂനിവേഴ്സിറ്റിയിലെ വിശാലമായ കാമ്പസിനോട് ചേര്‍ന്നുള്ള സായി കേന്ദ്രത്തിലെ ബോക്സിങ് വേദിയില്‍ ഒരു നരച്ച താടിക്കാരന്‍ ഓടിനടക്കുകയാണ്. അതിനിടെ, കടലാസുകളും കണക്കുകൂട്ടലുകളുമായി ടീം ഒഫീഷ്യലുകളുമായി ചില ചര്‍ച്ചകള്‍. സംഘാടകരോടും വളന്‍റിയര്‍മാരോടും കുശലാന്വേഷണം. ഒഫീഷ്യലുകളുടെ അടുത്തുചെന്ന് മത്സരം കൃത്യസമയത്ത് തുടങ്ങില്ളേയെന്ന കുസൃതി ചോദ്യം.  ഊര്‍ജസ്വലനായ ഈ മനുഷ്യന്‍ ഇടിക്കൂട്ടില്‍ നിരവധി താരങ്ങളെ വളര്‍ത്തിയെടുത്ത ഗുര്‍ബക്ഷ് സിങ് സന്ധു എന്ന പരിശീലകനാണ്. വിജേന്ദര്‍ സിങ്ങിന് ഒളിമ്പിക്സിലും ലോകചാമ്പ്യന്‍ഷിപ്പിലും മെഡല്‍ നേടിക്കൊടുത്തത് ഗുര്‍ബക്ഷിന്‍െറ പരിശീലനമികവാണ്.

ഇന്ത്യന്‍ ബോക്സിങ്ങിലെ ദ്രോണാചാര്യരെ ഷില്ളോങ്ങില്‍ കണ്ടപ്പോള്‍ ആദ്യം പറയാനുണ്ടായിരുന്നത് ഒളിമ്പിക്സ് യോഗ്യതയെക്കുറിച്ചായിരുന്നു. മേരി കോം അടക്കമുള്ള ഇന്ത്യയുടെ താരങ്ങള്‍ക്കാര്‍ക്കും റിയോയിലേക്ക് ടിക്കറ്റ് കിട്ടാത്തതില്‍ ഗുര്‍ബക്ഷിന് ചെറിയ നിരാശയുണ്ട്. എങ്കിലും പ്രതീക്ഷകള്‍ അവസാനിക്കുന്നില്ല. രണ്ട് ടൂര്‍ണമെന്‍റുകള്‍ ബാക്കിയുണ്ട്. അടുത്തമാസം ചൈനയിലെ ക്വിനാനിലടക്കം രണ്ട് ഒളിമ്പിക് യോഗ്യതാ മത്സരങ്ങള്‍ ബാക്കിയുണ്ട്. കുറച്ചുപേര്‍ യോഗ്യത നേടും. ചിലപ്പോള്‍ നാലുപേര്‍. അതാരാണെന്ന് പ്രവചിക്കാനാവില്ല -ഇന്ത്യയുടെ മുഖ്യപരിശീലകന്‍ പറയുന്നു.

ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇടംനേടിയാല്‍ ഒളിമ്പിക് യോഗ്യത താനെ വരുമായിരുന്ന നിയമം മാറിയത് ചെറിയ തിരിച്ചടിയാണെന്നും ഗുര്‍ബക്ഷ് പറഞ്ഞു.
ദക്ഷിണേഷ്യന്‍ ഗെയിംസില്‍ ഇന്ത്യ സ്വര്‍ണം തൂത്തുവാരുമെന്ന് എല്ലാവര്‍ക്കും ഉറപ്പാണെങ്കിലും ഗുര്‍ബക്ഷിന്‍െറ മറുപടി വേറെയാണ്. ‘ഫുട്ബാളിലും അത്ലറ്റിക്സിലും വെയ്റ്റ്ലിഫ്റ്റിങ്ങിലുമെല്ലാം ഒരു താരത്തിന്‍െറ പ്രകടനം പ്രവചിക്കാനാവും. എന്നാല്‍, ബോക്സിങ്ങില്‍ കഥ മാറും’. പരിശീലനം ഉഷാറായിരുന്നെന്നും താരങ്ങളെല്ലാം ഫോമിലാണെന്നും മാത്രമേ മത്സരത്തെക്കുറിച്ച് ഈ 63കാരന് പറയാനുള്ളൂ.

മേരി കോം, എല്‍.സരിതാ ദേവി, ദേവേന്ദ്രോ സിങ്, ശിവ ഥാപ, വികാസ് കൃഷ്ണന്‍ എന്നിവരടക്കം പത്ത് താരങ്ങളാണ് ദക്ഷിണേഷ്യന്‍ ഗെയിംസിലെ ബോക്സിങ്ങില്‍ ഇന്ത്യക്കായി റിങ്ങിലിറങ്ങുന്നത്. 1993 മുതല്‍ ഇന്ത്യന്‍ ടീം പരിശീലകനായ ഗുര്‍ബക്ഷ് സിങ് പട്യാല എന്‍.ഐ.എസിലാണ് താരങ്ങളെ പരിശീലിപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാറും സായിയും മികച്ച പിന്തുണയേകുന്നുണ്ട്. ടാര്‍ഗറ്റ് ഒളിമ്പിക് പോഡിയം  പദ്ധതിയില്‍പെട്ട ശിഷ്യര്‍ വിദേശത്തും പരിശീലനത്തിന് പോകാറുണ്ട്. വിജേന്ദറുണ്ടായിരുന്നെങ്കില്‍ ഇന്ത്യക്ക് ഒളിമ്പിക് മെഡല്‍ കിട്ടുമായിരുന്നുവെന്നാണ് അദ്ദേഹത്തിന്‍െറ പക്ഷം.

ഇടക്ക് ചില അഭിപ്രായവ്യത്യാസങ്ങള്‍ കാരണം സ്ഥാനമൊഴിഞ്ഞെങ്കിലും വീണ്ടും ഗുര്‍ബക്ഷിനെ കോച്ചായി നിയമിച്ചാണ് ഇന്ത്യന്‍ ബോക്സിങ് അസോസിയേഷന്‍ ആദരിച്ചത്. 1998ലാണ് ഇദ്ദേഹത്തിന് ദ്രോണാചാര്യ കിട്ടുന്നത്. ബോക്സിങ് അസോസിയേഷന്‍െറ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചിന്തിച്ച് സമയം കളയാറില്ല. ഈ കരിയര്‍ ജീവിതത്തില്‍ പലതും നഷ്ടപ്പെടുത്തുകയും നേടിത്തരുകയും ചെയ്തിട്ടുണ്ട്. നാലു പതിറ്റാണ്ട് നീണ്ട പരിശീലന സപര്യ അവസാനിപ്പിക്കണമെന്ന ചിന്ത മനസ്സിലുണ്ട്. എന്നാണെന്ന് തീരുമാനിച്ചിട്ടില്ല.

പുതുതാരങ്ങളെ വളര്‍ത്താന്‍ അക്കാദമി തുടങ്ങാനൊന്നും ഉദ്ദേശ്യമില്ല. നീണ്ടകാലത്തെ കോച്ചിങ് കരിയര്‍ ശരിക്കും ക്ഷീണിപ്പിച്ചിട്ടുണ്ട്. എങ്കിലും എന്നും ഉഷാറായിട്ടായിരിക്കും തന്നെ കാണാനാവുകയെന്നും ഗുര്‍ബക്ഷ് പറഞ്ഞു. ഒളിമ്പ്യന്‍ ധര്‍മേന്ദര്‍ സിങ് യാദവും സി.എ. കുട്ടപ്പയും സഹപരിശീലകരായി ഗുര്‍ബക്ഷിനൊപ്പമുണ്ട്. മുഖ്യകോച്ചിന്‍െറ ഊര്‍ജസ്വലതയെയും സ്നേഹത്തെയും കുറിച്ചാണ് ഇരുവര്‍ക്കും പറയാനുള്ളത്. ഗീത ചാനു, സന്ധ്യ ഗുരുങ് എന്നീ മുന്‍ താരങ്ങളാണ് വനിതാ ടീമിലെ പരിശീലകര്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.