???????? ????

വിജയനഗരത്തിലെ വിജയനായിക

ഗുവാഹതി: വനിതകളുടെ കബഡി ഫൈനലില്‍ കൈയടികള്‍ ഏറെ കിട്ടിയത് തേജസ്വനി ഭായ് എന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍. കൈമെയ്ക്കരുത്തില്‍ ഇന്ത്യയെ ഏഷ്യന്‍ ഗെയിംസിലടക്കം ജേത്രികളാക്കിയതില്‍ ഏറ്റവും മുന്നില്‍നിന്ന വമ്പത്തി. ആര്‍.ജി ബറുവ സ്പോര്‍ട്സ് കോംപ്ളക്സില്‍ ബംഗ്ളാദേശിനെതിരായ ഫൈനലില്‍ ഏറ്റവും തിളങ്ങിയതും തേജസ്വനി തന്നെ. ഈ നിശ്ശബ്ദ കൊലയാളിയുടെ റെയ്ഡുകളാണ് എതിരാളികള്‍ക്ക് ഏറെ തലവേദനയുണ്ടാക്കിയത്.

മറ്റൊരു ദക്ഷിണേഷ്യന്‍ ഗെയിംസില്‍കൂടി മഞ്ഞപ്പതക്കമണിയാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് തേജസ്വിനി മത്സരശേഷം പറഞ്ഞു. ‘ആയാസരഹിതമായി ജയിക്കാനായി. അതുതന്നെയാണ് പ്രതീക്ഷിച്ചതും’- അര്‍ജുന അവാര്‍ഡ് ജേതാവ് കൂടിയായ തേജസ്വിനി അഭിപ്രായപ്പെട്ടു. സഹതാരങ്ങളെല്ലാം ഒത്തൊരുമയോടെ കളിച്ചു. ഒരുമയുടെയും കരുത്തിന്‍െറയും കളിയാണ് കബഡി. ഒപ്പം പരിക്കേല്‍ക്കാനും സാധ്യതയേറെയാണ്. പായല്‍ ചൗധരിയുടെ കൈ മത്സരത്തിനിടെ പൊട്ടിയ കാര്യവും തേജസ്വിനി ഓര്‍മിപ്പിച്ചു.

ഒമ്പത് വര്‍ഷമായി ഇന്ത്യന്‍ സീനിയര്‍ ടീമിലെ സ്ഥിരംസാന്നിധ്യമാണ് കര്‍ണാടകയിലെ വിജയനഗറില്‍നിന്നുള്ള ഈ താരം. 2010ലും 14ലും  ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിന്‍െറ ക്യാപ്റ്റനും തേജസ്വിനിയായിരുന്നു. അത്ലറ്റിക്സില്‍നിന്ന് വോളിബാള്‍ വഴി തേജസ്വിനി പിന്നീട് കബഡിയിലേക്ക് തിരിയുകയായിരുന്നു. വിജയനഗര കബഡി ക്ളബിലും ബംഗളൂരു സായിയിലുമായിരുന്നു പരിശീലനം. വിജയനഗരത്തിലെ നാഗരാജാണ് ആദ്യപരിശീലകന്‍. ഇന്ത്യന്‍ ജൂനിയര്‍ ടീമില്‍ കളിക്കാതെ നേരിട്ട് സീനിയര്‍ ടീമില്‍ കളിച്ച താരം കൂടിയാണ്. സെക്കന്തരാബാദില്‍ സൗത് സെന്‍ട്രല്‍ റെയില്‍വേയില്‍ സീനിയര്‍ സൂപ്രണ്ടാണ്.

ടീമംഗങ്ങളുടെ സഹകരണമാണ് എന്നും വിജയത്തിലേക്ക് നയിക്കുന്നതെന്ന് തേജസ്വിനി പറയുന്നു. ‘23ാം വയസ്സില്‍ അര്‍ജുന അവാര്‍ഡ് നേടിത്തന്നത് കബഡിയാണ്. ജീവിതം കബഡിക്കൊപ്പമാണ്’. വനിതകള്‍ക്ക് കബഡി ലീഗില്ലാത്തതില്‍ തേജസ്വനിക്ക് സങ്കടമുണ്ട്. പത്മശ്രീ ബഹുമതിയും ആഗ്രഹിക്കുന്നുണ്ട്  വിജയനഗരത്തിലെ ഈ വിജയനായിക. എല്ലാ കബഡി താരങ്ങളും തന്‍െറ ഫേവറിറ്റാണെന്നും കബഡിക്ക് പുറത്ത് ടെന്നിസിനെയും റാഫേല്‍ നദാലിനെയും ഇഷ്ടപ്പെടുന്ന തേജസ്വനി പറയുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.