ഭൂമിയിലെ ഏറ്റവും വേഗമേറിയ മനുഷ്യന്‍ ഉസൈന്‍ ബോള്‍ട്ടാണെന്നതില്‍ ലോകത്തിന് രണ്ടഭിപ്രായമില്ല. സംശയിക്കുന്നവര്‍ക്ക് ജമൈക്കന്‍ കൊടുങ്കാറ്റിന്‍െറ കരിയര്‍ റെക്കോഡുകള്‍ ഉത്തരം നല്‍കും. രണ്ട് ഒളിമ്പിക്സിലും മൂന്ന് ലോകചാമ്പ്യന്‍ഷിപ്പിലും അതിവേഗക്കാരനായി സ്വര്‍ണമണിഞ്ഞ ഉസൈന്‍ ബോള്‍ട്ടിന്‍െറ പേരിലാണ് സ്പ്രിന്‍റിലെ ഏറ്റവും വേഗമേറിയ സമയവും. 100 മീറ്റര്‍ ദൂരം, 9.58 സെക്കന്‍ഡ്. എന്നാല്‍, ബോള്‍ട്ടിന്‍െറ സമയത്തെ തോല്‍പിച്ച ഒരു ഫുട്ബാളറുണ്ട് ആഫ്രിക്കന്‍ മണ്ണില്‍. ജര്‍മനിയിലെ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്‍െറ മുന്‍നിരതാരമായ ഗബോണ്‍കാരന്‍ പിയറി എംറിക് ഒബുമെയാങ്തന്നെ മിന്നല്‍ ബോള്‍ട്ടിനെ ഓടിത്തോല്‍പിച്ച അതിമാനുഷന്‍. 

2009 ബര്‍ലിന്‍ ലോക ചാമ്പ്യന്‍ഷിപ്പിലായിരുന്നു ബോള്‍ട്ടിന്‍െറ പേരിലെ ലോക റെക്കോഡ് പിറന്നത്. 30 മീറ്റര്‍ ദൂരം ഉസൈന്‍ ബോള്‍ട്ട് മറികടന്നത് 3.78 സെക്കന്‍ഡില്‍. എന്നാല്‍, 2013ല്‍ ബൊറൂസിയയുടെ പ്രീ-സീസണ്‍ ട്രെയ്നിങ് ക്യാമ്പില്‍ ബോള്‍ട്ടിന്‍െറ വേഗതയെ മറികടന്ന് ഒബുമെയാങ് ലോകമറിയുന്ന ഓട്ടക്കാരനായത്. 30 മീറ്റര്‍ 3.70 സെക്കന്‍ഡില്‍ ഓടിയ ഗബോണ്‍ ഫുട്ബാളറെ ലോകം ബോള്‍ട്ടിനെക്കാള്‍ വേഗമേറിയ മനുഷ്യനെന്നും വിളിച്ചു. ക്ളബ് മേധാവികളും ബുണ്ടസ് ലിഗ അധികൃതരും ഇതേറ്റുചൊല്ലിയെങ്കിലും താരം അതു നിഷേധിച്ചു. ‘30 മീറ്റര്‍ 3.70 സെക്കന്‍ഡില്‍ ഓടിയെന്നതു ശരിതന്നെ. 

പക്ഷേ, ബോള്‍ട്ടിനെക്കാള്‍ വലിയ ഓട്ടക്കാരനെന്ന് ഒരിക്കലും പറയില്ല’ -ട്വിറ്ററിലൂടെ ഒബുമെയാങ് വിശദീകരിച്ചു. ബൊറൂസിയന്‍ ഫുട്ബാളറുടെ അതിവിനയം പക്ഷേ, ഇത് ജര്‍മന്‍ സ്പ്രിന്‍റര്‍ ജൂലിയാന്‍ റ്യൂസിനെ ചൊടിപ്പിച്ചു. ഫുട്ബാള്‍ താരത്തെ ഓട്ടമത്സരത്തിന് വെല്ലുവിളിച്ച്  ജൂലിയന്‍ റ്യൂസ് രംഗത്തത്തെിയതോടെ സംഗതി ചൂടുപിടിച്ച ചര്‍ച്ചയുമായി. വെല്ലുവിളി ബൊറൂസിയ താരം ഏറ്റെടുത്തെങ്കിലും പിന്നീടൊന്നും നടന്നില്ല. 

Full View
വിവാദങ്ങള്‍ കൊടുമുടിയേറിയെങ്കിലും ഒബുമെയാങ് ലോക ഫുട്ബാളിലെ അതിവേഗക്കാരനാണെന്നതില്‍ സംശയമില്ല. പന്തിനുപിന്നാലെയുള്ള ഓട്ടത്തില്‍ മെസ്സിക്കും ക്രിസ്റ്റ്യാനോക്കും മുകളിലാണ് ഗബോണുകാരന്‍െറ സമയം. വേഗവും പന്തടക്കവും സെറ്റ്പീസിലെ വിദഗ്ധനുമായി ജര്‍മന്‍ ഫുട്ബാളിനെ വിസ്മയിപ്പിച്ച താരത്തിനുള്ള അര്‍ഹിച്ച അംഗീകാരംകൂടിയായി 2015ലെ ആഫ്രിക്കന്‍ ഫുട്ബാളര്‍ പുരസ്കാരം. 

വന്‍കരയുടെ താരമാവുന്ന ആദ്യ ഗബോണ്‍ ഫുട്ബാളര്‍ കൂടിയാണ് ഒബുമെയാങ്. തോമസ് മ്യൂളറും, റോബര്‍ട്ടോ ലെവന്‍ഡോവ്സ്കിയും വാഴുന്ന ബുണ്ടസ് ലിഗ നടപ്പു സീസണിലെ ടോപ് ഗോള്‍ സ്കോറര്‍ കൂടിയാണ് ഗബോണ്‍ താരം. 17 കളിയില്‍ ഒബുമെയാങ് നേടിയത് 18 ഗോളുകള്‍. 2013ല്‍ ബൊറൂസിയയിലത്തെിയ താരം 82 കളിയില്‍ 47 തവണ വലകുലുക്കുകയും ചെയ്തു. കഴിഞ്ഞ സീസണില്‍ ബൊറൂസിയയുടെ ടോപ് സ്കോററും പ്ളെയര്‍ ഓഫ് ദ സീസണുമായിരുന്നു. നേട്ടങ്ങളുടെ കിരീടത്തിലൊരു പൊന്‍തൂവലായി ഇപ്പോള്‍ ആഫ്രിക്കന്‍ ഫുട്ബാളര്‍ പുരസ്കാരവും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.