പതിമൂന്ന് വയസ്സുമാത്രം പ്രായം. ബാഗില്ല, പാഡുമില്ല, ഹിന്ദിയും അറിയില്ല. ഹോക്കി കളിക്കാന്‍ വരുന്നതാവട്ടെ ഒരു പാരമ്പര്യവുമില്ലാത്ത കേരളത്തില്‍നിന്നും. പക്ഷേ, അവനില്‍ പ്രതിഭയുടെ മിന്നലാട്ടം അന്നേ കാണാന്‍ കഴിഞ്ഞിരുന്നു’-2000ത്തില്‍ തിരുവനന്തപുരത്ത് നടന്ന അണ്ടര്‍ 14 ടൂര്‍ണമെന്‍റില്‍ താന്‍കണ്ട ആ താരത്തെക്കുറിച്ച് ഇപ്പോഴത്തെ ജൂനിയര്‍ ടീം പരിശീലകന്‍ കൂടിയായ ഹരേന്ദ്ര സിങ്ങിന്‍െറ വാക്കുകള്‍.

ഗോള്‍കീപ്പിങ്ങായിരുന്നു ഇന്ത്യന്‍ ഹോക്കിയുടെ ഏറ്റവുംവലിയ വീഴ്ച. ശ്രീജേഷ് വന്നതോടെ ഗോള്‍കീപ്പിങ് ഇന്ത്യയുടെ ഏറ്റവുംവലിയ കരുത്തായി മാറി. മത്സരഗതി വായിച്ചെടുക്കുന്നതില്‍ അദ്ദേഹത്തിന്‍െറ മിടുക്ക് അപാരമാണ്. സഹതാരങ്ങള്‍ക്ക് ആത്മവിശ്വാസം നല്‍കുന്നതാണ് അദ്ദേഹത്തിന്‍െറ മാച്ച് സ്പിരിറ്റ്. പെനാല്‍റ്റി കോര്‍ണര്‍ തടയിടാന്‍ മിടുക്കുള്ള അപൂര്‍വം ഗോള്‍കീപ്പര്‍മാരിലൊരാളാണ് ശ്രീജേഷ്’
-സല്‍മാന്‍ അക്ബര്‍, മുന്‍ പാകിസ്താന്‍ ഹോക്കി ക്യാപ്റ്റന്‍


അന്ന് ജൂനിയര്‍ ടീം സപ്പോര്‍ട്ടിങ് സ്റ്റാഫ് അംഗമായിരുന്ന ഹരേന്ദ്രയായിരുന്നു പി.ആര്‍. ശ്രീജേഷ് എന്ന എറണാകുളം കിഴക്കമ്പലം സ്വദേശിയായ ഹോക്കി താരത്തെ ഡല്‍ഹിയിലെ ക്യാമ്പിലത്തെിക്കുന്നത്. പിന്നീട് കണ്ടതെല്ലാം ചരിത്രം. തൊട്ടതെല്ലാം പൊന്നായിമാറി. ദേശീയകുപ്പായത്തില്‍ 150 മത്സരങ്ങള്‍ കടക്കുമ്പോഴേക്കും ഇന്ത്യന്‍ ഹോക്കി പഴയപ്രതാപത്തിലേക്ക് ഉണര്‍ന്നുതുടങ്ങി. ദേശീയ ടീമിന്‍െറ നായക ദൗത്യമേറ്റെടുത്ത ആദ്യ ചാമ്പ്യന്‍ഷിപ്പില്‍തന്നെ മൂന്നു പതിറ്റാണ്ടിലേറെ കാലമായി രാജ്യം കാത്തിരിക്കുന്ന ചരിത്രനേട്ടമത്തെി. 1980 മോസ്കോ ഒളിമ്പിക്സിനുശേഷം 36 വര്‍ഷത്തിനിടെ ഇന്ത്യക്ക് അഭിമാനിക്കാവുന്ന ആദ്യ നേട്ടം. 38 വര്‍ഷത്തെ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി ചരിത്രത്തിലെ ആദ്യ ഫൈനല്‍ പ്രവേശവും വെള്ളിമെഡലും. ലോക ചാമ്പ്യന്മാരും ഒന്നാം റാങ്കുകാരുമായ ആസ്ട്രേലിയയെ കലാശപ്പോരാട്ടത്തില്‍ മുഴുസമയവും ഗോള്‍രഹിത സമനിലയില്‍ തളച്ച ഇന്ത്യ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ വീണെങ്കിലും (3-1) തലയുയര്‍ത്തിത്തന്നെയായിരുന്നു മടക്കം. ‘കിരീടം നേടിയത് ആസ്ട്രേലിയയാണെങ്കിലും. എനിക്കും രാജ്യത്തിനും നിങ്ങളാണ് ഇന്നത്തെ ചാമ്പ്യന്മാര്‍’ -ഫൈനലിനു ശേഷം ഡ്രസിങ് റൂമില്‍ അഭിനന്ദിക്കാനത്തെിയ ഇന്ത്യന്‍ ഹോക്കി പ്രസിഡന്‍റ് നരേന്ദ ബത്രയുടെ വാക്കുകളില്‍ എല്ലാമുണ്ട്.

ഇന്ത്യ ഉണര്‍ന്നു

സീനിയര്‍ ക്യാപ്റ്റന്‍ സര്‍ദാര്‍ സിങ്ങിനു പുറമെ, സ്ട്രൈക്കര്‍ രമണ്‍ദീപ് സിങ്, ഡിഫന്‍ഡര്‍ ജസ്ജിത് സിങ് കുലാര്‍ തുടങ്ങിയ പരിചയസമ്പന്നരില്ലാതെ ലണ്ടനിലത്തെിയായിരുന്നു ശ്രീജേഷും സംഘവും സ്വപ്നനേട്ടം സ്വന്തമാക്കിയത്. ആസ്ട്രേലിയ, ബെല്‍ജിയം, ജര്‍മനി, ബ്രിട്ടന്‍, ദക്ഷിണ കൊറിയ ടീമുകള്‍ അണിനിരന്ന ചാമ്പ്യന്‍ഷിപ്പില്‍ മുട്ടുവിറക്കാതെ സ്റ്റിക്കേന്തിയവര്‍ റാങ്കിങ്ങില്‍ മുന്നിലുള്ളവരെയും വീഴ്ത്തി. ഗോള്‍കീപ്പര്‍ മുതല്‍ മുന്‍നിരവരെയുള്ള ഒത്തിണക്കമായിരുന്നു വിജയരഹസ്യം.  ഹര്‍ജിത് സിങ്, മന്‍പ്രീത് സിങ്, ഡാനിഷ് മുജ്തബ എന്നിവര്‍ മധ്യനിരയിലും എസ്.വി. സുനില്‍, മന്‍ദീപ് സിങ്, തല്‍വീന്ദര്‍ സിങ് മുന്നേറ്റത്തിലും പരസ്പര ധാരണയോടെ കളിച്ചു. പ്രതിരോധത്തില്‍ പെനാല്‍റ്റി കോര്‍ണര്‍ വിദഗ്ധന്‍ വി.ആര്‍. രഘുനാഥ്, കോത്താജിത് സിങ് എന്നിവര്‍ക്കൊപ്പം ടൂര്‍ണമെന്‍റിലെ മികച്ച യുവതാരമായി തെരഞ്ഞെടുക്കപ്പെട്ട ഹര്‍മന്‍പ്രീത് സിങ്ങും നിറഞ്ഞുനിന്നു.
 

ജര്‍മനിയെ സമനിലയില്‍ തളച്ച ഇന്ത്യ, ബെല്‍ജിയം, ബ്രിട്ടന്‍, കൊറിയ ടീമുകളെ വീഴ്ത്തി. അവസാന പൂള്‍ മത്സരത്തില്‍ ആസ്ട്രേലിയയോട് 4-2ന് തോറ്റ ശേഷമായിരുന്നു ഫൈനലിലെ തകര്‍പ്പന്‍ പ്രകടനം. ഫൈനലിലെ ആദ്യ ക്വാര്‍ട്ടറില്‍ ആസ്ട്രേലിയക്കു ലഭിച്ച മൂന്ന് പെനാല്‍റ്റി കോര്‍ണറുകള്‍ക്കുമുന്നില്‍ ഉജ്ജ്വല പ്രകടനമായിരുന്നു ശ്രീജേഷിന്‍േറത്. രണ്ടാം ക്വാര്‍ട്ടറില്‍ ഓസീസിന് പെനാല്‍റ്റി ലഭിച്ചെങ്കിലും ഒര്‍ച്ചാര്‍ഡ് സൈമണിന്‍െറ ഷോട്ട് വഴിമാറിപ്പോയി. രണ്ടാം പകുതിയിലും ശ്രീജേഷ് പെനാല്‍റ്റി കോര്‍ണറുകളുടെ അന്തകനായി. ഇരു പകുതിയും ഗോള്‍രഹിതമായതോടെ കിരീട നിര്‍ണയം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് കടന്നു. ഇതോടെ കണ്ണുകളെല്ലാം പി.ആര്‍. ശ്രീജേഷിന്‍െറ കരങ്ങളിലേക്കായി. രണ്ടുവര്‍ഷം മുമ്പ് പാകിസ്താനെതിരെ ഏഷ്യാകപ്പ് ഫൈനലില്‍ കണ്ട ഇന്ദ്രജാലമായിരുന്നു കാണികള്‍ പ്രതീക്ഷിച്ചത്.

പക്ഷേ, ആദ്യം കിക്കെടുത്ത ആസ്ട്രേലിയയുടെ അരാന്‍ സാലെസ്കി അനായാസം സ്കോര്‍ ചെയ്തു. തൊട്ടുപിന്നാലെ ഇന്ത്യയുടെ ഉത്തപ്പയുടെ ഷോട്ട് പോസ്റ്റിന് പുറത്തായി. ഓസീസിന്‍െറ ഡാനിയല്‍ ബീലിന്‍െറ രണ്ടാം ഷോട്ട് തടുത്തിട്ടെങ്കിലും റഫറിയുടെ തീരുമാനം എതിരായി. റീടേക്ക് എടുത്ത് ഡാനിയല്‍ സ്കോര്‍ ചെയ്തു. തൊട്ടുപിന്നാലെ ട്രെന്‍റ് മില്‍ട്ടണിന്‍െറ ഷോട്ട് ശ്രീജേഷ് തടഞ്ഞിട്ടെങ്കിലും സൈമണ്‍ ഒര്‍ച്ചാര്‍ഡ് സ്കോര്‍ ചെയ്ത് ഓസീസിന് കിരീടമുറപ്പിച്ചു. ഇന്ത്യയുടെ ഹര്‍മന്‍ പ്രീതിന് മാത്രമേ വലകുലുക്കാനായുള്ളൂ. ശ്രീജേഷ് ട്വിറ്ററില്‍ കുറിച്ച പോലെയാണ് ഇന്ത്യയുടെ മടക്കം. ‘കിരീടം നഷ്ടമായെങ്കിലും ദശലക്ഷങ്ങളുടെ ഹൃദയം കീഴടക്കി. ഈ സംഘത്തില്‍ അഭിമാനിക്കൂ’.

ശ്രീജേഷും ഇന്ത്യയും

  • 2004  ജൂനിയര്‍ ടീം അരങ്ങേറ്റം. ആസ്ത്രേലിയക്കെതിരെ പെര്‍ത്തില്‍
  • 2006  സീനിയര്‍ ടീം അരേങ്ങറ്റം. ദക്ഷിണേഷ്യന്‍ ഗെയിംസ്, കൊളംബോ
  • 2008   ഗോള്‍കീപ്പര്‍ ഓഫ് ദി ടൂര്‍ണമെന്‍റ്, ഗോള്‍ഡ് മെഡലിസ്റ്റ്-ജൂനിയര്‍ ഏഷ്യാകപ്പ് ഹൈദരാബാദ്. ഫൈനലില്‍ ദക്ഷിണ കൊറിയയെ വീഴ്ത്തി.
  • 2013   ഗോള്‍കീപ്പര്‍ ഓഫ് ദി ടൂര്‍ണമെന്‍റ്, വെള്ളിമെഡല്‍ ഏഷ്യാകപ്പ്, ഇപോ മലേഷ്യ. ഫൈനലില്‍ കൊറിയയോട് തോല്‍വി.
  • 2014  ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം. ഫൈനലില്‍ പാകിസ്താനെ ഷൂട്ടൗട്ടില്‍ വീഴ്ത്തി. റിയോ ഒളിമ്പിക്സ് യോഗ്യത.
  • 2014   വെള്ളി- കോമണ്‍വെല്‍ത് ഗെയിംസ്, ഗ്ളാസ്ഗോ
  • 2015  ലോകഹോക്കി ലീഗില്‍ വെങ്കലം, നെതര്‍ലന്‍ഡ്സിനെ തോല്‍പിച്ചു. വേള്‍ഡ് ഹോക്കി ടൂര്‍ണമെന്‍റില്‍ 33 വര്‍ഷത്തിനിടെ ആദ്യ മെഡല്‍.
  • 2015    അര്‍ജുനഅവാര്‍ഡ്.
  • 2016   ദേശീയ ടീം ക്യാപ്റ്റന്‍, ചാമ്പ്യന്‍സ് ട്രോഫി ഹോക്കി വെള്ളി. 36 വര്‍ഷത്തിനിടെ ഇന്ത്യക്ക് ആദ്യ രാജ്യാന്തര മെഡല്‍
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.