ഹ്യൂസ്റ്റന്‍: ഒരു ഇതിഹാസത്തെ ഗോളിലൂടെ തിരുത്തിയെഴുതുമ്പോള്‍ ആ ഗോളും അവിസ്മരണീയമാവേണ്ടേ. അതിനുള്ള കാത്തിരിപ്പിലായിരുന്നു ലയണല്‍ മെസ്സിയും അര്‍ജന്‍റീനയും. ഒടുവില്‍ ഹ്യൂസ്റ്റനിലെ റിലയന്‍റ് സ്റ്റേഡിയത്തില്‍ കാത്തുവെച്ച ചരിത്ര മുഹൂര്‍ത്തം പിറന്നു. അമേരിക്കക്കെതിരായ കോപ അമേരിക്ക സെമി ഫൈനലിന്‍െറ 32ാം മിനിറ്റില്‍. ഗോളിലേക്ക് കുതിച്ച മെസ്സിയെ യു.എസ് താരം ക്രിസ് വൊന്‍ഡോളോവ്സ്കി വീഴ്ത്തിയതിന് റഫറി വിധിച്ചത് ഫ്രീകിക്ക്. ഗോള്‍പോസ്റ്റിന് 25 വാര അകലെനിന്ന് മെസ്സിക്കുതന്നെ ഷോട്ടെടുക്കാന്‍ നിയോഗം. മുന്നില്‍ പ്രതിരോധ മതില്‍ തീര്‍ത്ത അമേരിക്കന്‍ താരങ്ങളെയും വലക്കുമുന്നില്‍ കാത്തിരുന്ന ഗോളി ബ്രാഡ് ഗുസാനെയും കാഴ്ചക്കാരാക്കി പന്ത് പോസ്റ്റിനു ഇടതുമൂലയിലേക്ക്. അര്‍ജന്‍റീന കുപ്പായത്തിലെ 55ാം ഗോളുമായി മെസ്സി ചരിത്രപുസ്തകത്തിലേക്ക്. ദേശീയ ടീമിനായുള്ള ഗോള്‍വേട്ടയില്‍ ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയെ മറികടന്ന് മെസ്സി റെക്കോഡ് പുസ്തകത്തില്‍. 1991 മുതല്‍ 2002 വരെ ദേശീയ ടീമില്‍ കളിച്ച ബാറ്റിസ്റ്റ്യൂട്ട 78 മത്സരങ്ങളില്‍നിന്ന് 54 ഗോളാണ് നേടിയത് (1995ല്‍ സ്ലോവാക്യന്‍ യൂത്ത് ടീമിനെതിരെ നേടിയ രണ്ട് ഗോളുകള്‍ അര്‍ജന്‍റീന ഫുട്ബാള്‍ അസോസിയേഷന്‍ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല). 2005ല്‍ ദേശീയ ടീമില്‍ അരങ്ങേറിയ മെസ്സി 112 മത്സരങ്ങളില്‍നിന്ന് ബാറ്റിയെ മറികടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.