ഒടുവിൽ ദിദിയർ ദെഷാംപ്സ് തെൻറ ദൗത്യം പൂർത്തിയാക്കി. ആറു കോടി ഫ്രഞ്ചുകാർ വിശ്വസിച്ചേൽപിച്ച ആ ദൗത്യം ദെഷാംപ്സ് ഒരു പിഴവുപോലുമില്ലാതെ ഭംഗിയായി നിറവേറ്റി. പതിറ്റാണ്ടുകൾക്ക് മുമ്പ് ബൂട്ടുകെട്ടിയത് നായകനെന്ന നിലയിലാണെങ്കിൽ ഇത്തവണ കളത്തിനരികിലെ ആശാനായി ആ പൊൻ കിരീടം വീണ്ടും ഫ്രഞ്ച് മണ്ണിൽ എത്തിക്കുേമ്പാൾ ഉരുളുന്ന പന്തിെൻറ ദിശ കുറിച്ച ആ തന്ത്രജ്ഞാനിയെ പരിചയപ്പെടാം.
1968ലാണ് ദിദിയർ ക്ലോഡെ ദെഷാംപ്സിെൻറ ജനനം. ഫുട്ബാളിൽ കമ്പക്കാരായ പെയിൻറ് പണിക്കാരനായ അച്ഛൻ പീയറെക്കും അമ്മ ജിനിറ്റിനും മകൻ കളിക്കാൻ പോകുന്നതിനെ ഒരിക്കലും വിലക്കിയിരുന്നില്ല. മൂത്ത സഹോദരൻ വിമാനാപകടത്തിൽ മരിച്ചത് ദെഷാംപ്സിെൻറ ജീവിതത്തെ ബാധിച്ചെങ്കിലും, അൽപം കഴിഞ്ഞ് വീണ്ടും കളിജീവിതത്തിേലക്ക് മടങ്ങി. മികവ് കണ്ടിട്ടും മുൻനിര ക്ലബുകളിൽ പരിശീലനത്തിനയക്കാൻ കഴിവില്ലായിരുന്നു ആ കുടുംബത്തിന്.
പക്ഷേ, അഞ്ചാം ഡിവിഷൻ ക്ലബ് ബയോനെയിലൂടെ അയാൾ കളിപഠിച്ചു. യുവതാരത്തിെൻറ മികവ് കണ്ട് ലീഗ് 1 ടീം നാൻറസ് ദെഷാംപ്സിനെ പൊക്കി. െവച്ചടി കയറ്റമായിരുന്നു പിന്നീട്. ഒളിമ്പിക് മാഴ്സെ, യുവൻറസ്, ചെൽസി, വലൻസിയ. മാഴ്സെയിൽ കളിക്കുേമ്പാഴായിരുന്നു ദേശീയ ടീമിലേക്ക് വിളിവരുന്നത്. സിനദിൻ സിദാനടക്കമുള്ള ഫ്രഞ്ച് ഫുട്ബാളിലെ ‘സുവർണ തലമുറ’ക്ക് തുടക്കമാവുന്നത് അവിടെയാണ്. ഫുട്ബാൾ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ ഫ്രാൻസ് നീങ്ങുേമ്പാഴായിരുന്നു ദേശീയ ടീമിെൻറ ജഴ്സിയെത്തുന്നത്. 1990ലും 94ലും ലോകകപ്പ് യോഗ്യതയില്ല. 92 യൂറോ കപ്പിൽ ആദ്യ റൗണ്ടിൽതന്നെ പുറത്ത്. ഒടുവിൽ 96ൽ യൂറോകപ്പിനായി എയ്മെ ജാക്വെ ടീമിനെ പുൻനിർമിച്ചു.
യുവതാരങ്ങൾക്ക് കൂടുതൽ ഇടം നൽകിയ ആ ടീമിനെ നയിക്കാൻ ഏൽപിച്ചത് ദെഷാംപ്സിനെയായിരുന്നു. കളിക്കാരെ ഒത്തിണക്കത്തോടെ കൊണ്ടുപോവാനുള്ള കഴിവ് കണ്ടാണ് അന്നത്തെ കോച്ച് മറ്റൊന്നും ആലോചിക്കാതെ ക്യാപ്റ്റെൻറ ആംബാൻഡ് ദെഷാംപ്സിനെ ഏൽപിച്ചത്. തന്നിലർപ്പിച്ച വിശ്വാസം കാത്ത് 98ൽ സുവർണകിരീടം ദെഷാംപ്സും സംഘവും പാരിസിലേക്കെത്തിച്ചു.
വിരമിച്ചിട്ടും പുൽമൈതാനങ്ങൾ വിടാതെ ദെഷാംപ്സ് പരിശീലക കരിയറിന് തുടക്കമിട്ടു. പരിശീലനത്തിെൻറ ബാലപാഠങ്ങൾ പഠിച്ച് പയറ്റിത്തെളിഞ്ഞതോടെ എ.എസ് മോണകോയുടെ പരിശീലകനായി. നാലുവർഷത്തെ മോണകോ ജീവിതത്തിനിടക്ക് ഫ്രഞ്ച് കപ്പും ചാമ്പ്യൻസ് ലീഗ് റണ്ണേഴ്സ് അപ്പുമായി. പിന്നീട് യുവൻറസിലും മാഴ്സെയിലും ആറുവർഷത്തോളം. ഒടുവിൽ ദേശീയ ടീമിെൻറ വിളിയെത്തുന്നത് 2012ൽ. ബ്രസീൽ ലോകകപ്പിന് ടീമിനെയൊരുക്കുകയെന്ന ചുമതലയോടെ. ബ്രസീലിൽ ദെഷാംപ്സിെൻറ ടീം ക്വാർട്ടറിൽ പുറത്തായെങ്കിലും 2016 യൂറോകപ്പിൽ ടീമിനെ റണ്ണേഴ്സ് അപ്പുകളാക്കി. യൂറോകപ്പ് ഫൈനലിൽ തോറ്റെങ്കിലും ദെഷാംപ്സിെൻറ കണ്ണ് ലോകകപ്പിലേക്കായിരുന്നു. പ്രതിഭാധാരാളിത്തമുള്ള ഫ്രഞ്ച് താരങ്ങളിൽനിന്നും തെൻറ തന്ത്രത്തിനൊത്ത 23 കളിക്കാരുമായി റഷ്യയിലേക്ക് പറന്ന ദെഷാംപ്സ് ഒടുവിൽ ഫ്രഞ്ച് വിപ്ലവം വിജയിപ്പിച്ചു.
ഗ്രൂപ് ഘട്ടം കഴിഞ്ഞാൽ കരുത്തുറ്റ എതിരാളികളെയായിരുന്നു ഫ്രാൻസിന് നേരിടേണ്ടിവന്നതെല്ലാം. മികച്ച പ്രതിഭകളുണ്ടായിട്ടും മനോഹരമായ കേളീശൈലിക്ക് പിറകെ പോകാതെ പ്രായോഗിക ബുദ്ധിയോടെയുള്ള കളിയായിരുന്നു ദെഷാംപ്സിന് പഥ്യം. എതിരാളികൾക്കും സാഹചര്യത്തിനും അനുസരിച്ച് കളി തന്ത്രങ്ങൾ മെനയുന്ന ചാണക്യനായി മാറിയാണ് ദെഷാംപ്സ് നാട്ടിലേക്ക് മടങ്ങുന്നത്. മെസ്സിയുടെ അർജൻറീനയും ഉറുഗ്വായ്യും കറുത്തകുതിരകളാവുമെന്ന് പ്രതീക്ഷിച്ച ബെൽജിയവുമെല്ലാം ദെഷാംപ്സിെൻറ തന്ത്രത്തിൽ പത്തിമടക്കി മടങ്ങിയവരാണ്. അടക്കിപ്പിടിക്കാനാവാത്ത സന്തോഷവുമായി ഫ്രഞ്ച് ജനത ഇൗ മാന്ത്രികനു മുന്നിൽ നമിക്കുകയാണ്.
ദെഷാംപ്സിന് ഇരട്ടി മധുരം കളിക്കാരനായും പരിശീലകനായും ലോകകപ്പ് നേടുന്ന മൂന്നാമത്തെയും ക്യാപ്റ്റനായും കോച്ചായും ലോകകിരീടം നേടുന്ന രണ്ടാമത്തെയുമാളായി ദിദിയർ ദെഷാംപ്സ്. 1998ൽ ഫ്രാൻസ് കന്നിക്കിരീടം കരസ്ഥമാക്കുേമ്പാൾ നായകനായിരുന്നു ദെഷാംപ്സ്. ബ്രസീലിെൻറ മാരിയോ സഗാലോയാണ് കളിക്കാരനായും പരിശീലകനായും ലോകകപ്പ് നേടിയ ആദ്യത്തെയാൾ. 1958ലും 62ലും ലോകകപ്പ് സ്വന്തമാക്കിയ ബ്രസീൽ ടീമിലംഗമായിരുന്ന സഗാലോ 1970ൽ ടീം മൂന്നാം ലോക കിരീടം നേടിയപ്പോൾ കോച്ചായിരുന്നു. 1994ൽ ബ്രസീൽ നാലാം ലോകകപ്പ് സ്വന്തമാക്കിയപ്പോൾ സഹപരിശീലകനായും സഗാലോയുണ്ടായിരുന്നു. 1974ൽ പശ്ചിമ ജർമനി കപ്പ് നേടുേമ്പാൾ ക്യാപ്റ്റനായിരുന്ന ബെക്കൻബോവർ 1990 കിരീടം സ്വന്തമാക്കിയ ജർമൻ ടീമിെൻറ പരിശീലകനുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.