മലപ്പുറം: അനസ് എടത്തൊടിക പ്രതിരോധ നിരയിൽ കരുത്തുപകർന്ന ഇന്ത്യൻ ടീം ത്രിരാഷ്ട്ര ഫുട്ബാൾ ടൂർണമെൻറിൽ ജേതാക്കളായിട്ട് മൂന്ന് ദിവസമേ ആയുള്ളൂ. അനസ് പന്ത് തട്ടി വളർന്ന മണ്ണിൽ നിന്നൊരു കൗമാരക്കാരനിതാ അണ്ടർ 15 ദേശീയ ടീമിെൻറ കിരീടധാരണത്തിൽ പങ്കാളിയായിരിക്കുന്നു. നേപ്പാളിൽ നടന്ന അണ്ടർ 15 സാഫ് ഫുട്ബാൾ ചാമ്പ്യൻഷിപ് ഫൈനലിൽ ആതിഥേയരെ ഒന്നിനെതിരെ രണ്ട് ഗോളിന് തോൽപ്പിച്ച ഇന്ത്യൻ സംഘത്തിലെ ഏക മലയാളി സാന്നിധ്യം കൂടിയാണ് മലപ്പുറത്തുകാരൻ ഷഹബാസ് അഹമ്മദ്.
ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ്.എസ് പത്താം ക്ലാസ് വിദ്യാർഥിയായ ഷഹബാസ് ഏഴ് മാസമായി ദേശീയ ടീമിലുണ്ട്. ഈജിപ്തിൽ നടന്ന ടൂർണമെൻറിലുൾപ്പെടെ പങ്കെടുത്തു. സബ് ജൂനിയർ ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി കളിച്ച ഈ ഡിഫൻഡർ ഗോകുലം എഫ്.സിയുടെയും താരമാണ്. ചേലേമ്പ്ര സ്കൂളിനായി സുബ്രതോ മത്സരങ്ങളിൽ പങ്കെടുത്തു. മൊറയൂർ അരിമ്പ്രയിലെ ബഷീർ മൂത്തേടത്തിെൻറയും സൗദയുടെയും മകനാണ് ഷഹബാസ്. സഹോദരൻ ഷിബിലി റഹ്മാനും ചേലേമ്പ്ര എൻ.എൻ.എം.എച്ച്.എസ്.എസ് ടീമിലുണ്ട്. കെ. മൻസൂർ അലിയാണ് ഇരുവരുടെയും പരിശീലകൻ. അരിമ്പ്രയിലെ നെഹ്റു യൂത്ത് ക്ലബിെൻറ താരമായിരുന്നു അനസ് എടത്തൊടിക.
ഇന്ത്യക്കും നേപ്പാളിനും പുറമെ ഭൂട്ടാൻ, ബംഗ്ലാദേശ്, ശ്രീലങ്ക, മാലിദ്വീപ് എന്നീ ടീമുകളാണ് സാഫ് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തത്. ചാമ്പ്യൻഷിപ്പിലുടനീളം മികച്ച പ്രകടനം നടത്തിയ ഇന്ത്യ സെമി ഫൈനലിൽ ഭൂട്ടാനെ എതിരില്ലാത്ത മൂന്ന് ഗോളിന് പരാജയപ്പെടുത്തി ഫൈനലിൽ കടക്കുകയായിരുന്നു. കലാശക്കളിയുടെ ആദ്യ പകുതിയിൽ പിന്നിട്ട് നിന്ന നീലപ്പട തുടർന്ന് രണ്ട് ഗോളടിച്ചാണ് വിജയികളായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.