?????? ????????? ??????? ????? ??????????? ????? ??????? ?????????? ??.??.?????

എക്​സ്​ട്രാ ടൈമിലെ വിജയം

രണ്ടുമാസം മുമ്പാണ്. തൃശൂർ ഊരകത്തെ ആശുപത്രിയിൽ മജ്ജ രോഗത്തെത്തുടർന്ന് ചികിത്സയിൽ കഴിയുന്ന 82കാരനായ പി.വി. രാമച ന്ദ്രനെ സന്ദർശിക്കാൻ ഒരാളെത്തി. അസുഖത്താൽ തളർന്നുറങ്ങുകയായിരുന്ന വയോധികനെ വന്നയാൾ തോളിൽത്തട്ടി വിളിച്ചു. ‘ര ാമചന്ദ്രൻ ചേട്ടാ, ഒന്നു കണ്ണുതുറന്നേ. എന്നെ മനസ്സിലായോ.’ കണ്ണുതുറക്കാതെ അദ്ദേഹം പതുക്കെ ചോദിച്ചു, ‘ആരാ.’ കണ്ണു തുറന്നുനോക്ക് എന്ന് വീണ്ടും പറഞ്ഞപ്പോഴേക്കും ആ മിഴികൾ പതുക്കെ വിടർന്നുകഴിഞ്ഞിരുന്നു.

സ്വന്തം കണ്ണുകളെ വി ശ്വസിക്കാനാവാതെ രാമചന്ദ്രൻ ചേട്ടൻ സർവശക്തിയും സംഭരിച്ച് എഴുന്നേറ്റിരുന്നു. ‘ദൈവമേ ഇതാരാ വന്നിരിക്കുന്നത്. എ ത്ര നാളായി കാണാൻ കൊതിക്കുന്നു. തലശ്ശേരിക്കാരനായ എ​​​െൻറ ഭാഷ മനസ്സിലാവുമോന്ന് സംശയിച്ചാ ഫോണിൽ വിളിക്കാതിരുന് നത്.’

ഇന്ത്യൻ ഫുട്ബാളിൽ ഇന്നും പകരക്കാരനില്ലാത്ത ഇതിഹാസം ഐ.എം. വിജയനായിരുന്നു ആഗതൻ. ജീവിതസായാഹ്നത്തിൽ തന്ന െ കാണണമെന്ന അതിയായ മോഹവുമായി ഒരാൾ കാത്തിരിക്കുന്നുണ്ടെന്നറിഞ്ഞപ്പോൾ വന്നതാണ്. വിജയനെ കണ്ടപ്പോൾ രാമചന്ദ്രൻ ച േട്ടൻ ഉന്മേഷവാനായി. അസുഖം മാറുമെന്നും അതിനു ശേഷം കളി നേരിട്ട് കാണിച്ചുതരാമെന്നും ഉറപ്പുനൽകിയാണ് താരം മടങ്ങിയ ത്. അതാണ് ഐ.എം. വിജയനെന്ന അയനിവളപ്പിൽ മണി വിജയൻ. സെവൻസ് പാടങ്ങളിലും പൂരപ്പറമ്പുകളിലും താരജാഡകളില്ലാതെ വിജയനെക് കാണാം. കളിക്കാരൻ, പൊലീസുകാരൻ, സിനിമാ നടൻ, സർവോപരി സാധാരണക്കാരിൽ സാധാരണക്കാരൻ. ഏപ്രിൽ 25ന് 50 വയസ്സ് തികയുമ്പോഴും വ ിജയൻ മൈതാനത്തുണ്ട്.

ഐ.എം വിജയനും ബൂട്ടിയയും

തൃശൂർ കോർപറേഷൻ സ്​റ്റേഡിയത്തിന് സമീപത്തെ കോലോത്തുംപാടം കോളന ിയിലേക്ക് തിരിഞ്ഞുനടക്കാം. അവിടത്തെ ഓലക്കുടിലുകളിലൊന്നിൽ അയനിവളപ്പിൽ മണിയെന്ന കൂലിപ്പണിക്കാര​​​െൻറ രണ്ട് ആ ൺമക്കളിൽ ഇളയവനായാണ് ജനനം. പാട്ടുരായ്ക്കൽ ജങ്​ഷനിലെ കൃഷ്ണഭവൻ ഹോട്ടലിലെ തൊഴിലാളിയായിരുന്നു മണി. വിറക് വെട്ടിക് കൊടുക്കലായിരുന്നു പണി. എല്ലാ ദിവസവും പണിയുണ്ടാവില്ല. നാലു വയറുകൾ കഴിയാൻ അച്ഛ​​​െൻറ ജോലി പോരായിരുന്നു.

ജന്മ ിയുടെ ഭൂമിയിൽ കൃഷിപ്പണിയായിരുന്നു അമ്മ കൊച്ചമ്മുവിന് ആദ്യം. ജന്മി ഭൂമി വിറ്റപ്പോൾ ആക്രി പെറുക്കലായി. ‘ഞങ്ങളെ വളർത്താൻ ഈ തൃശൂരങ്ങാടി മുഴുവൻ അമ്മ ആക്രി പെറുക്കി നടന്നിട്ടുണ്ടെ’ന്ന് പറയുമ്പോൾ വിജയ​​​െൻറ കണ്ണുനിറയും. കുപ്പിയും പാട്ടയും പെറുക്കി പട്ടാളം മാർക്കറ്റിൽ കൊണ്ടുപോയി വിൽക്കും. ആ വരുമാനവും കൂടി ചേർത്താണ് പട്ടിണി മാറ്റിയത്. ഉച്ചക്ക് തേക്കിൻകാട് മൈതാനത്ത് അമ്മ ഇതെല്ലാം കെട്ടിപ്പെറുക്കിയിരിക്കുന്നുണ്ടാവും.

എല്ലാം വിറ്റ് അമ്മയെത്താൻ രാത്രി എട്ടുമണിയാകും. പാലസ് ഗ്രൗണ്ടിലും പരിസരത്തുമൊക്കെയായി പന്തുകളിച്ച് നടക്കുന്നുണ്ടാവും വിജയൻ. പിന്നെ കൃഷ്ണഭവൻ ഹോട്ടലിനു മുന്നിൽ വിജയനും ജ്യേഷ്ഠൻ ബിജുവും ക്ഷീണിച്ച്​ അവശയായി വരുന്ന അമ്മയെ കാത്തിരിക്കും. ഭക്ഷണപ്പൊതിയുണ്ടാവും അമ്മയുടെ കൈയിൽ.

റേഷൻ കടയിലേക്ക് അരി വാങ്ങാൻ പോയതായിരുന്നു അച്ഛൻ. വിജയൻ അന്ന് അഞ്ചാം ക്ലാസിൽ പഠിക്കുന്നു. കടക്കാരൻ പറഞ്ഞപ്പോഴാണ് കാർഡ് മാറിയെടുത്ത വിവരം അറിയുന്നത്. സൈക്കിളിൽ തിടുക്കപ്പെട്ട് വീട്ടിലേക്ക് മടങ്ങുമ്പോൾ ബസ്​ ഇടിക്കുകയായിരുന്നു. തൃശൂർ ആശുപത്രിയിൽനിന്ന് കോഴിക്കോട് മെഡിക്കൽ കോളജ്​ ആശുപത്രിയിലേക്ക്​ കൊണ്ടുപോവാൻ പറഞ്ഞു. പിറ്റേന്ന് രാത്രി മണി മരിച്ചു. വലിയ ഷോക്കായിരുന്നു ഇവർക്ക് അച്ഛ​​​െൻറ മരണം. അതോടെ കുടുംബഭാരം മുഴുവൻ അമ്മയുടെ ചുമലിലായി. വിജയനും ഏട്ടനും കൂലിപ്പണിക്ക് പോവാൻ തുടങ്ങി.

സി.എം.എസ് സ്കൂളിൽ അഞ്ചാം ക്ലാസിൽ അഞ്ച് കൊല്ലം തോറ്റിട്ടുണ്ട് വിജയൻ. പാഴ്ത്തുണികൊണ്ട് പന്തുണ്ടാക്കി കോളനിയിലെ കുട്ടികൾക്കൊപ്പം കളി തുടങ്ങി. പഠിത്തത്തിൽ സീറോ ആയിരുന്നെങ്കിലും ഫുട്ബാൾ കളിച്ച് ഹീറോയായി. സി.എം.എസിലായിരിക്കെ ജില്ല, സംസ്ഥാന തല സ്കൂൾ മത്സരങ്ങളിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു. ജോസ് പറമ്പനാണ് വിജയനിലെ ഫുട്ബാൾ താരത്തെ ആദ്യം തിരിച്ചറിയുന്നത്. മൂന്നു വർഷ ക്യാമ്പിൽ ചേർത്തത് അദ്ദേഹമാണ്. മുൻ അന്താരാഷ്​ട്ര താരം ടി.കെ. ചാത്തുണ്ണിയായിരുന്നു ക്യാമ്പിലെ കോച്ച്.

1987ൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾതന്നെ കേരള പൊലീസിൽ ജോലി കിട്ടി. ഡി.ജി.പി കെ.ജെ. ജോസഫിനായിരുന്നു പൊലീസ് ടീമി​​​െൻറ ചുമതല. അന്ന് പതിനേഴര വയസ്സായിരുന്നു. ആറു മാസം ​െഗസ്​റ്റ്​ കളിച്ചു. 18 തികഞ്ഞപ്പോൾ പൊലീസിലും ടീമിലും ഔദ്യോഗികമായി ചേർന്നു. അങ്ങനെയാണ് ഐ.എം. വിജയൻ പൊലീസാവുന്നത്.

ഒരുകാലത്ത് വിജയനടക്കം ഇന്ത്യൻ ടീമിലെ പകുതി താരങ്ങളും പൊലീസിൽ നിന്നുള്ളവരായിരുന്നു. 1991ലാണ് കൊൽക്കത്തയിലേക്ക് വണ്ടികയറുന്നത്. മോഹൻ ബഗാനായിരുന്നു അവിടെ ആദ്യ ടീം. പിറ്റേ വർഷം പൊലീസിൽ മടങ്ങിയെത്തി. 1993ൽ കുരികേശ് മാത്യു നയിച്ച കേരളം കൊച്ചിയിൽ സന്തോഷ് ട്രോഫി കിരീടം നേടുമ്പോൾ വിജയൻ ടീമിലുണ്ടായിരുന്നു. 1993ൽ വീണ്ടും ബഗാനിൽ. പിന്നെ പഞ്ചാബിലെ ഫഗ്വാര ജെ.സി.ടി മിൽസിലേക്ക്. 1997ലാണ് കേരളത്തിലേക്ക് രണ്ടാം വരവ്.

ഇക്കുറി എഫ്.സി കൊച്ചിനിൽ. 1998ൽ വീണ്ടും ബഗാനിലേക്ക്. ഒരു സീസണിനു ശേഷം എഫ്.സി കൊച്ചിയിലേക്കുതന്നെ മടങ്ങി. അടുത്ത നാലു വർഷം ഈസ്​റ്റ്​ ബംഗാളിലും ജെ.സി.ടിയിലുമായി ചെലവഴിച്ചു. 2004ൽ ഗോവ ചർച്ചിൽ ബ്രദേഴ്സി​​െൻറ വിളിയെത്തി. പിറ്റേ വർഷം വീണ്ടും കൊൽക്കത്തയിൽ, ഈസ്​റ്റ്​ ബംഗാളായിരുന്നു ടീം. ഏത് ടീമിലാണെങ്കിലും ഐ.എം. വിജയനെന്ന താരത്തെ മലയാളികൾ നെഞ്ചോട് ചേർത്തു. മോഹൻ ബഗാനു വേണ്ടി പൊലീസ് ടീമിനെതിരെ ഇറങ്ങിയപ്പോൾ ലഭിച്ച കൈയടികൾ ഇന്നും ഉള്ളിൽ മുഴങ്ങുന്നുണ്ടെന്ന് വിജയൻ.

1990ലാണ് ഇന്ത്യൻ ടീമിലെത്തുന്നത്. തുടർച്ചയായി 13 വർഷം കളിച്ചു. എത്രയോ ഇതിഹാസ താരങ്ങൾക്കൊപ്പം പന്ത് തട്ടി. ക്യാപ്റ്റനായി. ബൈച്യുങ്ങുമൊത്തുണ്ടാക്കിയ സ്ട്രൈക്കിങ് പാർട്ണർഷിപ്​ ഇന്ത്യൻ ടീമിനെ വലിയ വിജയങ്ങളിലേക്ക്​ നയിച്ചു. 1999 സാഫ് ഗെയിംസിൽ ഭൂട്ടാനെതിരെ 12ാം സെക്കൻഡിൽ ഗോളടിച്ച് ലോക റെക്കോഡിട്ടത് ജീവിതത്തിലെ അഭിമാന മുഹൂർത്തങ്ങളിലൊന്നാണ്. 1993, 1997, 1999 മൂന്നുവട്ടം ‘ഇന്ത്യൻ ഫുട്‍ബാളർ’ ആവാൻ കഴിഞ്ഞു. അർജുന പുരസ്കാരം ലഭിച്ചു. 2003ൽ രാജ്യത്തിനു വേണ്ടി അവസാനം കളിക്കുമ്പോൾ വയസ്സ് 34. ആഫ്രോ ഏഷ്യൻ ഗെയിംസിൽ ടോപ് സ്കോററായാണ് വിരമിച്ചത്. ഉസ്ബെകിസ്താനെതിരെയായിരുന്നു കരിയറിലെ അവസാന മാച്ച്. ആ ജഴ്സിയും മെഡലും ചില്ലുകൂട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. 80ഓളം മത്സരങ്ങൾ, 40ലധികം അന്താരാഷ്​ട്ര ഗോളുകൾ.

ജയരാജാണ് സിനിമയിലേക്ക് കൊണ്ടുവരുന്നത്. വിജയനെ പ്രധാന റോളിൽ അഭിനയിപ്പിച്ച് ‘ശാന്തം’ 2001ൽ റിലീസ് ചെയ്തു. വേലായുധൻ എന്നായിരുന്നു കഥാപാത്രത്തി​​െൻറ പേര്. സിനിമക്ക് കുറെ അംഗീകാരങ്ങൾ ലഭിച്ചു. കലാഭവൻ മണിക്കൊപ്പമായിരുന്നു പിന്നെ. മലയാളത്തിലും തമിഴിലുമായി 15ഓളം സിനിമകൾ ചെയ്തു. ഇപ്പോഴും സിനിമകളിൽ അഭിനയിച്ചുകൊണ്ടിരിക്കുന്നു. വിജയനിലൂടെ കേരളത്തി​​​െൻറയും ഇന്ത്യയുടെയും കാൽപ്പന്ത് ചരിത്രം രേഖപ്പെടുത്തി 1998ൽ ചെറിയാൻ ജോസഫ‌് ‘കാലോ ഹിരൻ’ എന്ന ബയോഗ്രഫിക്കൽ ഫിലിം ചെയ്തു. ബയോപിക്കും വരുന്നുണ്ട്. സിനിമാ നിർമാണ രംഗത്തും ഒരു കൈ നോക്കാൻ പോവുന്നു.

25ാം വയസ്സിൽ വിജയ​​​െൻറ നല്ല പാതിയായി രാജി എന്ന പെൺകുട്ടി ജീവിതത്തിലേക്ക് വന്നു. ഇപ്പോള്‍ അര്‍ച്ചനയുടെയും ആരോമലി​​​െൻറയും അഭിരാമിയുടെയും അച്ഛനമ്മമാരാണിവർ. അർച്ചന വിവാഹിതയും അമ്മയുമായി. പേരക്കുട്ടി അഥീവയുടെ കൊഞ്ചലും ചിരിയും കളിയുമൊക്കെയാണ് ഇപ്പോൾ വീട്ടിലെ ലോകം. 2015ൽ അമ്മ കൊച്ചമ്മുവും വിട്ടുപിരിഞ്ഞു. കഴിഞ്ഞ ഡിസംബറിൽ മറ്റൊരു തീരാനഷ്​ടവും വിജയ​​​െൻറ ജീവിതത്തിലുണ്ടായി. ജ്യേഷ്ഠൻ ബിജു വാഹനാപകടത്തിൽ മരിച്ചു. ഇപ്പോൾ കേന്ദ്ര കായിക മന്ത്രാലയത്തി​​െൻറ നിരീക്ഷകരിലൊരാളും സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗവുമാണ് വിജയൻ. തൃശൂർ ലാലൂരിൽ നിർമിക്കുന്ന സ്പോർട്സ് കൗൺസിലിന് വിജയ​​​െൻറ പേരിട്ട് അദ്ദേഹത്തെ ആദരിക്കുക‍യാണ് സർക്കാർ.

ജീവിതമെന്നാൽ ഫുട്ബാളാണ്. വിശപ്പായിരുന്നു ഏറ്റവും വലിയ പ്രശ്നം. 1982ല്‍ തൃശൂരില്‍ സന്തോഷ് ട്രോഫി മത്സരങ്ങൾ നടക്കുമ്പോള്‍ സ്​റ്റേഡിയത്തില്‍ 10 പൈസ കമീഷനിൽ സോഡ വിറ്റ് നടക്കുകയായിരുന്നു. കാലം അറിയപ്പെടുന്ന ഫുട്ബാളറാക്കി. കളി മൈതാനങ്ങൾ കാൽക്കീഴിൽ വന്നു. ആരോഗ്യം അനുവദിക്കുന്നിടത്തോളം ഇനിയും കളിക്കുമെന്നാണ് വിജയൻ പറയുന്നത്. ഇപ്പോഴും പൊലീസ് ടീമി​​​െൻറ ഭാഗമാണ്.

പിള്ളേർക്ക് കളി പറഞ്ഞുകൊടുക്കൽ മാത്രമല്ല അവസരം കിട്ടുമ്പോഴെല്ലാം ഇറങ്ങും. മലപ്പുറത്ത് നടന്ന ദേശീയ പൊലീസ് ഫുട്ബാളിൽ കേരള പൊലീസിനായി മൈതാനത്തിറങ്ങിയിരുന്നു. കേരള പ്രീമിയർ ലീഗിലും പൊലീസിനു വേണ്ടി വിജയൻ കളത്തിലിറങ്ങി. കാലിൽ ഫുട്ബാളുണ്ടെങ്കിൽ പ്രാ‍യം പ്രശ്നമല്ലെന്നാണ് അഭിപ്രായം. വാശിയും കളി ജയിക്കുമ്പോഴുള്ള ത്രില്ലും ഒട്ടും കുറഞ്ഞിട്ടില്ല. കേരളം മുഴുവന്‍ സെവന്‍സ് കളിച്ചിട്ടുണ്ട്. തൃശൂരിലെ പ്രമുഖ ടീമുകളായ ശാസ്ത മെഡിക്കൽസ്, ജയ ബേക്കറി, ആലുക്കാസ്, ജിംഖാന, മലപ്പുറത്തെ സൂപ്പർ സ്​റ്റുഡിയോ, കുരിക്കൾ പൈപ്പ്​ലൈൻസ് മഞ്ചേരി,
കെ.ആർ.എസ് കോഴിക്കോട്, ഹണ്ടേഴ്സ് കൂത്തുപറമ്പ് തുടങ്ങി എത്രയോ ടീമുകളുടെ ജഴ്സിയണിഞ്ഞു.

ഖത്തറിൽനിന്നെത്തിയിട്ട് അധികം ദിവസമായിട്ടില്ല. അവിടെ ഖത്തർ ലജൻറ്സുമായി പ്രദർശന മത്സരമുണ്ടായിരുന്നു. ഇന്ത്യൻ ലജൻറ്സിനു വേണ്ടി വിജയന് പുറമെ ജോപോൾ അഞ്ചേരി, ആസിഫ് സഹീർ തുടങ്ങിയവരും കളത്തിലിറങ്ങി. ഏപ്രിൽ 21 മുതൽ എറണാകുളത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലാണ് പൊലീസുകാരനായ വിജയൻ. ഫുട്ബാളും സിനിമയും കഴിഞ്ഞാൽ ആ പേരിനെ ചുറ്റിപ്പറ്റി പറഞ്ഞുകേൾക്കുന്ന മറ്റൊരു സംഗതിയാണ് രാഷ്​​്ട്രീ
യം. തെരഞ്ഞെടുപ്പ് കാലങ്ങളിൽ സ്ഥാനാർഥിയായേക്കുമെന്നെല്ലാം പത്രങ്ങൾ എഴുതാറുണ്ട്.

ഐ.എം. വിജയൻ എന്ന വലിയ കുഴപ്പമില്ലാത്തൊരു പേരുണ്ടിപ്പോൾ. അത് രാഷ്​ട്രീയത്തിലിറങ്ങി കളയേണ്ട എന്നാണ് തീരുമാനം. ഇപ്പോൾ നല്ലൊരു ജോലിയുണ്ട്. പൊലീസിൽനിന്ന് റിട്ടയർ ചെയ്താലും ഫുട്ബാളിലും സിനിമയിലും തുടരും. അന്താരാഷ്​ട്ര ഫുട്ബാളിൽനിന്ന് വിരമിച്ചിട്ട് 16 വർഷമായി. കരിയറിൽ ഇത് എക്സ്ട്രാ ടൈമാണ്. 50 വയസ്സ് പൂർത്തിയാകുമ്പോഴും 20കാര​​​െൻറ ചുറുചുറുക്കിൽ കളിക്കാൻ കഴിയുന്നതിന് കാലിനും കാലത്തിനും ദൈവത്തിനും നന്ദി പറയുന്നു ഐ.എം. വിജയൻ.

Tags:    
News Summary - im vijayan special story-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.