കൊച്ചി: ലോക പോരാട്ടത്തിനെത്തിയ ചേട്ടന്മാർക്കിടയിൽ നിറഞ്ഞുകളിക്കുകയാണ് ജിബ്രീൽ ഫാഞ്ചെ ടൂറെ. 17 വയസ്സിൽ താഴെയുള്ളവരുടെ കൗമാര ലോകകപ്പിൽ പന്തുതട്ടുന്ന ഇൗ ഗിനി മുന്നേറ്റതാരത്തിന് ഇതുവരെ 15 തികഞ്ഞിട്ടില്ല. എങ്കിലും തടിമിടുക്കും കായികശേഷിയും കൂടുതലുള്ള എതിരാളികൾക്കിടയിലൂടെ ഡ്രിബ്ലിങ്ങും പന്തടക്കവും കൈമുതലാക്കി കുതിക്കുന്ന ടൂറെ ആദ്യ രണ്ടു മത്സരങ്ങളിൽ രണ്ടു ഗോളടിച്ച് തെൻറ പ്രതിഭാശേഷി ലോകത്തിനു മുമ്പാകെ തെളിയിച്ചുകഴിഞ്ഞു. പോരാത്തതിന്, സഹതാരങ്ങൾക്ക് രണ്ടു ഗോളുകളിലേക്ക് സഹായമൊരുക്കുകയും ചെയ്തു.
നാട്ടിലെ സെഫോമിഗ് ക്ലബിന് ബൂട്ടണിയുന്ന ടൂറെക്ക് വരുന്ന നവംബർ ഒന്നിനാണ് 15 വയസ്സ് തികയുക. അണ്ടർ-17 ലോകകപ്പിലെ മാസ്മരിക പ്രകടനത്തോടെ പയ്യൻ യൂറോപ്പിലെ വമ്പൻ ക്ലബുകളുടെയടക്കം ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞു. ഇറാനെതിരെ ഗിനി 3-1ന് തോറ്റ മത്സരത്തിൽ 90ാം മിനിറ്റിൽ ടൂറെ നേടിയ ഗോൾ താരത്തിെൻറ ക്രാഫ്റ്റ് വെളിപ്പെടുത്തുന്നതായിരുന്നു. കോസ്റ്ററീകക്കെതിരെ 2-2ന് സമനില പാലിച്ചപ്പോൾ ടീമിനുവേണ്ടി ആദ്യ ഗോൾ നേടിയ താരം, 81ാം മിനിറ്റിൽ സമനില ഗോളിലേക്ക് ചരടുവലിക്കുകയും ചെയ്തു.
അഞ്ചു കളികളിൽ ആറു ഗോൾ നേടി ആഫ്രിക്കൻ യോഗ്യത റൗണ്ടിലും തകർപ്പൻ പ്രകടനമായിരുന്നു മെലിഞ്ഞു കൊലുന്നനെയുള്ള ഇൗ മുന്നേറ്റക്കാരേൻറത്. ഗിനി ടീമിൽ ടൂറെയുടെ സഹതാരങ്ങളായ ഫോർവേഡ് ജിബ്രീൽ സില്ല, ഗോളി ഇബ്രാഹിം സില്ല, ഡിഫൻഡർ ഇസിയാഗ കമാറ എന്നിവരും 15 വയസ്സിന് താഴെയുള്ളവരാണ്. ഘാനയുടെ ദൻലാദ് ഇബ്രാഹിമാണ് ടൂർണമെൻറിൽ ബൂട്ടണിയുന്ന മറ്റൊരു 14കാരൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.