ദോഹ: ചൈനയിലെ ഹാങ്ചുവിലെ ഏഷ്യൻ ഗെയിംസ് വേദിയിൽ ഖത്തർ ദേശീയ പതാക ഉയർന്നു. ഗെയിംസ് വില്ലേജിൽ നടന്ന ചടങ്ങിൽ ഖത്തർ ഒളിമ്പിക് കമ്മിറ്റി സെക്കൻഡ് വൈസ് പ്രസിഡന്റ് ഡോ. ഥാനി ബിൻ അബ്ദുൽറഹ്മാൻ അൽ കുവാരി, ഒളിമ്പിക് കമ്മിറ്റി പ്രതിനിധി ജാസിം ബിൻ റാഷിദ് അൽ ബുഐനൈൻ, ചെഫ് ഡി മിഷൻ റാഷിദ് അദിബ എന്നിവരെ സാക്ഷിയാക്കിയായിരുന്നു പതാക ഉയർത്തിയത്. ഗെയിംസിൽ മാറ്റുരക്കുന്ന ഖത്തർ ടീം അംഗങ്ങളും ഒഫീഷ്യലുകളും ഉദ്യോഗസ്ഥരുമെല്ലാം പങ്കാളികളായി.
ഏഷ്യൻ ഗെയിംസിലെ മെഡൽ പോരാട്ടങ്ങൾക്ക് ശനിയാഴ്ചയാണ് തുടക്കം കുറിക്കുന്നത്. അതേസമയം, പുരുഷ ഫുട്ബാൾ ഗ്രൂപ് റൗണ്ടിൽ ആദ്യ കളിയിൽ ജപ്പാനോട് തോറ്റ ഖത്തർ, രണ്ടാം അങ്കത്തിൽ ഫലസ്തീനെതിരെ ഗോൾരഹിത സമനില വഴങ്ങി. ഇതോടെ, നേരിട്ടുള്ള പ്രീക്വാർട്ടർ പ്രതീക്ഷ നഷ്ടമായ ടീം മികച്ച മൂന്നാം സ്ഥാനക്കാരിൽ ഒരാളായി മുന്നേറാമെന്ന പ്രതീക്ഷയിലാണ്. ആദ്യ കളിയിൽ ജപ്പാനെതിരെ 3-1നായിരുന്നു ഖത്തറിന്റെ തോൽവി.
വെള്ളിയാഴ്ച നടന്ന രണ്ടാം അങ്കത്തിൽ ഫലസ്തീനെതിരെ പൊരുതിക്കളിച്ചിട്ടും ഗോൾ നേടാൻ കഴിഞ്ഞില്ല. മൂന്ന് പേരുള്ള ഗ്രൂപ്പിൽ ഒരു പോയന്റുമായി അവസാന സ്ഥാനത്താണ് ഖത്തർ. ഇനി, മികച്ച മൂന്നാം സ്ഥാനക്കാരിൽ ഒരാളായി പ്രീക്വാർട്ടറിൽ ഇടം നേടാമെന്ന പ്രതീക്ഷയിലാണ്. അതേസമയം, പുരുഷ വോളിബാളിൽ പൂൾ മത്സരത്തിൽ രണ്ട് ജയവുമായി കുതിച്ച ഖത്തർ ക്വാർട്ടർ ഫൈനലിലെത്തി. കഴിഞ്ഞ ദിവസം പ്രീക്വാർട്ടറിൽ ബഹ്റൈനെ 3-1ന് തോൽപിച്ചാണ് ടീം ക്വാർട്ടറിലെത്തിയത്. ഞായറാഴ്ചത്തെ ക്വാർട്ടറിൽ പാകിസ്താനാണ് എതിരാളി. 23–25, 25–18, 19–25, 17–25 എന്ന സ്കോറിനാണ് ടീം ബഹ്റൈനെ തോൽപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.