ദോഹ: തുടർജയങ്ങളുമായി മുന്നേറുന്ന അൽ ദുഹൈൽ ഖത്തർ സ്റ്റാർസ് ലീഗിൽ (ക്യു.എസ്.എൽ) ഒന്നാം സ്ഥാനത്ത് തുടരുന്നു. ശനിയാഴ്ച നടന്ന മത്സരത്തിൽ പൊരുതിക്കളിച്ച അൽ അഹ്ലിയെ ഒന്നിനെതിരെ രണ്ടു ഗോളിന് കീഴടക്കിയ അൽ ദുഹൈൽ ഒന്നാം സ്ഥാനത്ത് നാലു പോയന്റ് ലീഡ് നിലനിർത്തി. ഉമർ അൽ സോമ നേടിയ ഹാട്രിക്കിന്റെ പിൻബലത്തിൽ അൽ റയ്യാനെ മറുപടിയില്ലാത്ത മൂന്നു ഗോളിന് മുക്കിയ അൽ അറബി രണ്ടാം സ്ഥാനത്ത് തുടരുന്നു. തുടക്കം മോശമായെങ്കിലും പിന്നീട് തുടർജയങ്ങളിലേക്ക് പൊരുതിക്കയറിയ നിലവിലെ ചാമ്പ്യന്മാരായ അൽ സദ്ദ് പോയന്റ് നിലയിൽ മൂന്നാം സ്ഥാനത്തേക്കുയർന്നു. ഉമ്മു സലാലിനെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് അൽ സദ്ദ് കീഴടക്കിയത്. ശനിയാഴ്ച നടന്ന മറ്റൊരു മത്സരത്തിൽ അൽ ഗരാഫ മറുപടിയില്ലാത്ത നാലു ഗോളിന് അൽ വക്റയെ മുക്കി.
മുൻ അർജന്റീന താരം ഹെർനാൻ ക്രെസ്പോ പരിശീലിപ്പിക്കുന്ന അൽ ദുഹൈൽ ലോകകപ്പിന്റെ ഇടവേളക്കുശേഷം ക്യു.എസ്.എൽ പുനരാരംഭിച്ചതിൽ പിന്നെ മിന്നുന്ന ഫോമിലാണ്. അബ്ദുല്ല ബിൻ ഖലീഫ സ്റ്റേഡിയത്തിൽ അൽ അഹ്ലിക്കെതിരെ ആദ്യ പകുതിയിൽ തന്നെ രണ്ടു ഗോൾ ലീഡ് നേടിയാണ് ചെങ്കുപ്പായക്കാർ നില ഭദ്രമാക്കിയത്. 21-ാം മിനിറ്റിൽ ഖാലിദ് മുഹമ്മദും 44-ാം മിനിറ്റിൽ സുൽത്താൻ അൽ ബറാക്കുമാണ് ദുഹൈലിനെ മുന്നിലെത്തിച്ചത്. 53-ാം മിനിറ്റിൽ അബൂബക്കർ ബയോമിയുടെ ഗോളിൽ അൽ അഹ്ലി പ്രതീക്ഷ പുലർത്തിയെങ്കിലും കളിയിൽ മേധാവിത്വം തുടർന്ന ക്രെസ്പോയുടെ ശിഷ്യഗണങ്ങൾക്കായിരുന്നു വിജയം. കിരീടം തിരിച്ചുപിടിക്കുകയാണ് ലക്ഷ്യമെന്നും അൽ അഹ്ലിക്കെതിരായ ജയം വിലപ്പെട്ട മൂന്നുപോയന്റാണ് സമ്മാനിച്ചതെന്നും അൽ ബറാക് പറഞ്ഞു. കിരീട പോരാട്ടം കടുപ്പമേറുന്ന സാഹചര്യത്തിൽ സ്ഥിരത പുലർത്തുകയാണ് അനിവാര്യമെന്നും താരം കൂട്ടിച്ചേർത്തു.
അതേസമയം, മൊറോക്കോയുടെ സൂപ്പർ താരങ്ങളിലൊരാളായ സുഫിയാൻ ബൂഫൽ ക്ലബിനു വേണ്ടി അരങ്ങേറ്റത്തിനിറങ്ങിയ മത്സരത്തിൽ അൽ റയ്യാന് കനത്ത തിരിച്ചടിയായിരുന്നു ഫലം. അൽ സോമയുടെ വ്യക്തിഗത മികവിന്റെ പിൻബലത്തിൽ അറബികൾ റയ്യാന്റെ കോട്ടകൊത്തളങ്ങൾ തകർത്തപ്പോൾ പരാജയം ആഴമേറിയതായി. ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ അൽ സോമ 34 -ാം മിനിറ്റിൽ അൽ അറബിക്ക് ലീഡ് നേടിക്കൊടുത്തു.
52, 67 മിനിറ്റുകളിൽ വീണ്ടും റയ്യാന്റെ വലക്കുള്ളിലേക്ക് പന്തടിച്ചു കയറ്റിയാണ് അൽ സോമ തകർപ്പൻ ഹാട്രിക് പൂർത്തിയാക്കിയത്.
സീസണിൽ എട്ടാം തോൽവി വഴങ്ങിയ റയ്യാൻ ലീഗിൽ എട്ടുപോയന്റുമായി പത്താം സ്ഥാനത്താണിപ്പോൾ. സുപ്രധാനവും ഒപ്പം, അർഹിക്കുന്നതുമായ വിജയമാണ് നേടിയതെന്ന് അൽ അറബി കോച്ച് യൂനുസ് അലി പറഞ്ഞു.
ബഗ്ദാദ് ബൂനെജയും അക്രം അഫീഫും നേടിയ ഗോളുകളിലാണ് അൽ സദ്ദ് ഉമ്മു സലാലിനെ കീഴടക്കിയത്. ഒമ്പതാം മിനിറ്റിൽ എതിർഗോളി ഖലീഫ അബൂബക്കറിന്റെ പിഴവ് മുതലെടുത്തായിരുന്നു ബൂനെജയുടെ ഗോൾ.
78-ാം മിനിറ്റിൽ ആതിഫ് അബൂബക്കർ രണ്ടാം മഞ്ഞക്കാർഡ് കണ്ട് തിരിച്ചുകയറിയതോടെ പത്തുപേരായി ചുരുങ്ങിയ ഉമ്മു സലാലിന്റെ വലയിൽ 88-ാം മിനിറ്റിലാണ് അഫീഫ് പന്തടിച്ചുകയറ്റിയത്.
തുടർച്ചയായ നാലാം ജയത്തോടെ 11 കളികളിൽ അൽ സദ്ദിന് 19 പോയന്റായി. 19 പോയന്റ് വീതമുള്ള ഖത്തർ സ്പോർട്സ് ക്ലബിനെയും അൽ ഗരാഫയെയും പിന്തള്ളിയാണ് ഗോൾ ശരാശരിയിൽ അൽ സദ്ദ് മൂന്നാമതെത്തിയത്.
അൽ വക്റക്കെതിരെ ഗരാഫക്കുവേണ്ടി ഹമാം അൽ അമീൻ രണ്ടു ഗോൾ നേടി. യാസിൻ ഇബ്രാഹിമി, മുയാദ് ഹുസൈൻ എന്നിവർ ഓരോ ഗോൾ നേടി. 18 പോയന്റുള്ള അൽ വക്റ ആറാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.