ബർമിങ്ഹാം: ബാഡ്മിന്റൺ കോർട്ടിൽനിന്ന് മണിക്കൂറുകൾക്കുള്ളിൽ മൂന്നാം സ്വർണത്തിലേക്ക് റാക്കറ്റുവീശി ഇന്ത്യ. ടേബിൾ ടെന്നിസിൽ ശരദ് കമലിന്റെ സുവർണനേട്ടം. കോമൺവെൽത്ത് ഗെയിംസിൽ നേട്ടങ്ങളേറെ തേടിയെത്തിയ ദിവസം ഇന്ത്യയുടെ മൊത്തം സ്വർണനേട്ടം 21 ആയി ഉയർന്നു.
ടി.ടിയിൽ പുരുഷ വിഭാഗം സിംഗ്ൾസ് ഫൈനലിൽ ശരത് കമൽ 4-1ന് ഇംഗ്ലണ്ടിന്റെ ലിയാം പിച്ച്ഫോർഡിനെ നിലംപരിശാക്കിയാണ് സ്വർണത്തിലേക്ക് നടന്നുകയറിയത്. കഴിഞ്ഞ അഞ്ചു കോമൺവെൽത്ത് ഗെയിംസുകളിലായി ഏഴാം സ്വർണമെഡൽ നേടി തന്റെ അപ്രമാദിത്വം അരക്കിട്ടുറപ്പിക്കുകയായിരുന്നു കമൽ. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച ടേബിൾ ടെന്നിസ് താരമെന്ന വിശേഷണം കൂടിയാണ് ഈ വെറ്ററൻ താരം സ്വന്തമാക്കുന്നത്.
ആദ്യഗെയിം 11-13ന് നഷ്ടമായശേഷം വർധിത വീര്യത്തോടെ തിരിച്ചടിച്ച കമലിനു മുന്നിൽ പിന്നീട് പിച്ച്ഫോർഡിന് പിടിച്ചുനിൽക്കാനായില്ല. മുറിവേറ്റ ഇന്ത്യൻ താരം അടുത്ത നാലു ഗെയിമുകൾ 11-7, 11-2, 11-6, 11-8 എന്ന സ്കോറിന് ആധികാരികമായിത്തന്നെ ജയിച്ചുകയറിപ്പോൾ കളിയും ചാമ്പ്യൻപട്ടവും കമലിന്റെ വഴിക്കുവന്നു. ഈയിനത്തിൽ ഇംഗ്ലണ്ടിന്റെ പോൾ ഡ്രിങ്സ്ഹാളിനെ 4-3ന് മറികടന്ന് ഇന്ത്യയുടെ സത്യൻ ഗണശേഖരൻ വെങ്കലമെഡൽ സ്വന്തമാക്കി.
ബാഡ്മിന്റൺ വനിതാ, പുരുഷ സിംഗ്ൾസിൽ പി.വി. സിന്ധുവും ലക്ഷ്യ സെന്നും സ്വർണം നേടിയതിനു പിന്നാലെ പുരുഷ ഡബ്ൾസിൽ സാത്വിക് സായ്രാജ് രങ്കിറെഡ്ഡിയും ചിരാഗ് ഷെട്ടിയുമടങ്ങിയ ടീമും സ്വർണമെഡൽ സ്വന്തമാക്കി. ഫൈനലിൽ ഇംഗ്ലണ്ടിന്റെ ബെൻ ലെയ്നും സീൻ വെൻഡിയും ഉൾപ്പെട്ട ജോടിയെ 21-15, 21-13നാണ് ഇന്ത്യൻ താരങ്ങൾ അനായാസം കീഴടക്കിയത്. കഴിഞ്ഞ തവണ കോമൺവെൽത്ത് ഗെയിംസിൽ വെള്ളി നേടിയ 'സാച്ചി' സഖ്യം ഇക്കുറി തകർപ്പൻ പ്രകടനം പുറത്തെടുത്താണ് അജയ്യരായത്. കോമൺവെൽത്ത് ഗെയിംസിന്റെ ചരിത്രത്തിൽ ഇതാദ്യമായാണ് ഇന്ത്യ ബാഡ്മിന്റണിൽ മൂന്നു സ്വർണമെഡൽ നേടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.