വിംബ്ൾഡണിൽ ഹാർമണി താനിനെതിരായ മത്സരത്തിനിടെ സെറീന വില്യംസ്

പവർ ടെന്നിസിന്റെ സെറീന യുഗം അസ്തമിക്കുന്നു?

ലണ്ടൻ: ഒരു വർഷത്തെ ഇടവേളക്കുശേഷം പ്രൊഫഷനൽ ടെന്നിസിലേക്ക് റാക്കറ്റേന്തിയെത്തിയ മുൻ ലോക ഒന്നാം നമ്പർ താരം സെറീന വില്യംസിന് ഞെട്ടിക്കുന്ന തോൽവി. വിംബ്ൾഡണിന്റെ ആദ്യറൗണ്ടിൽ ഫ്രഞ്ചുതാരം ഹാർമണി താനിനോടാണ് 7-5, 1-6, 7-6 (10-7)ന് സെറീന അടിപതറിയത്. മൂന്നുമണിക്കൂർ നീണ്ടുനിന്ന പോരാട്ടത്തിൽ വിജയപ്രതീക്ഷകൾ ഇരുപക്ഷത്തേക്കും മാറിമറിഞ്ഞെങ്കിലും അന്തിമ വിജയം താനിന് സ്വന്തമായിരുന്നു.

കഴിഞ്ഞ വർഷം വിംബ്ൾഡണിൽ പരിക്കേറ്റു മടങ്ങിയ ശേഷം സെറീന പിന്നീട് കോർട്ടിലിറങ്ങിയിരുന്നില്ല. 40-ാം വയസ്സിൽ വീണ്ടുമൊരു തിരിച്ചുവരവിന് ഒരുങ്ങിയെത്തിയശേഷം തോൽവിയുമായി മടങ്ങുമ്പോൾ വിഖ്യാത താരത്തി​ന്റെ അവസാന വിംബ്ൾഡണാവുമോ ഇതെന്നാണ് ചോദ്യം. ഇക്കാര്യം മത്സരശേഷമു​ള്ള വാർത്താസമ്മേളനത്തിൽ മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോൾ 'ആർക്കറിയാം? ഈ ചോദ്യത്തിന് എനിക്ക് ഉത്തരം നൽകാൻ കഴിയില്ല' എന്നായിരുന്നു സെറീനയുടെ മറുപടി. 


വിംബ്ൾഡണിന്റെ സെന്റർ കോർട്ടിൽ ഏഴു തവണ സിംഗ്ൾസ് കിരീടമുയർത്തിയ ഇതിഹാസ താരത്തെ നിറഞ്ഞ കൈയടികളോടെയാണ് കാണികൾ സ്വീകരിച്ചത്. പ്രായവും പരിക്കും എതിരുനിന്നെങ്കിലും കളത്തിൽ പോരാട്ടവീര്യം പുറത്തെടുത്ത വെറ്ററൻ താരം അനായാസമാണ് രണ്ടാം സെറ്റ് സ്വന്തമാക്കിയത്. നിർണായകമായ മൂന്നാം സെറ്റിൽ 4-0ത്തിന് മുന്നിട്ടുനിന്ന സെറീന വിജയം ഏറക്കുറെ ഉറപ്പിച്ചിരുന്ന ഘട്ടത്തിൽ വിംബ്ൾഡണിൽ അരങ്ങേറ്റ മത്സരം കളിക്കുന്ന താൻ തകർപ്പൻ വിന്നറുകളുമായി കളിയിൽ തിരിച്ചെത്തുകയായിരുന്നു.


കരിയറിൽ 23 ​ഗ്രാൻഡ്സ്ലാം കിരീടങ്ങളുടെ തിളക്കമുള്ള അമേരിക്കക്കാരി ലോകറാങ്കിങ്ങിൽ ഇപ്പോൾ 1,204-ാം സ്ഥാനത്താണ്. വൈൽഡ് കാർഡ് എൻട്രിയുമായാണ് ഇക്കുറി വിംബ്ൾഡണിനെത്തിയത്. 

Tags:    
News Summary - Serena Williams loses to Harmony Tan on Wimbledon return after year out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.