വഡോദര: ആദ്യ ദിനം സ്ലോ മോഷൻ, രണ്ടാം ദിവസം ഗിയർ മാറ്റി കേരളം വേഗംകൂട്ടി. ദേശീയ യൂത്ത് അത്ലറ്റിക്സിൽ മൂന്നു സ്വർണവും രണ്ടു വെള്ളിയും ഒരു വെങ്കലവുംകൂടി പോക്കറ്റിലാക്കി മുൻ ചാമ്പ്യന്മാർ പോരാട്ടം സജീവമാക്കി. ട്രാക്കിലും പിറ്റിലുമാണ് ഞായറാഴ്ച മൂന്നു സ്വർണം നേടിയത്.
ആൺകുട്ടികളുടെ 400 മീറ്ററിൽ അഭിഷേക് മാത്യു, പെൺകുട്ടികളുടെ ലോങ്ജംപിൽ സാന്ദ്ര ബാബു, 100 മീറ്റർ ഹർഡ്ൽസിൽ അപർണ റോയ് എന്നിവർ സ്വർണമണിഞ്ഞു. കെസിയ മറിയം (ഹാമർ ത്രോ), എ.എസ്. സാന്ദ്ര (400 മീ) എന്നിവർ വെള്ളി നേടിയപ്പോൾ, 110 മീറ്റർ ഹർഡ്ൽസിലൂടെ സൂര്യജിത് ഏക വെങ്കലത്തിനുടമയായി. 100 മീറ്ററിൽ ഒന്നാമതെത്തി ഉത്തർപ്രദേശിെൻറ രാഹുൽ ശർമയും (10.80 സെ) കർണാടകയുടെ ജോസ്ന സിമോവും (12.23 സെ) പുരുഷ-വനിത വിഭാഗങ്ങളിൽ മീറ്റിെൻറ വേഗതാരങ്ങളായി. കേരളത്തിെൻറ അഭിനവ് ആറും അപർണ റോയ് അഞ്ചും സ്ഥാനത്താണ് ഫൈനലിൽ ഫിനിഷ് ചെയ്തത്.
മലബാർ സ്പോർട്സ് അക്കാദമി പുല്ലൂരാംപാറയുടെ താരമായ അപർണ എതിരില്ലാതെയാണ് 100 മീ. ഹർഡ്ൽസിൽ സ്വർണം നേടിയത്. 14.08 സെക്കൻഡിൽ ഫിനിഷ് ചെയ്തപ്പോൾ, പ്രധാന എതിരാളിയായ തമിഴ്നാടിെൻറ പി. തബിത രണ്ടാമതായി. ഹാമർ ത്രോയിൽ കെസിയ ആദ്യ ശ്രമത്തിൽ എറിഞ്ഞ 46.05 മീറ്റർ ദൂരവുമായാണ് വെള്ളി നേടിയത്. യു.പിയുടെ കാഷിഷ് സിങ്ങിനാണ് സ്വർണം (50.57 മീ). പെൺ ലോങ്ജംപിൽ സാന്ദ്ര ബാബു 5.62 മീറ്റർ ചാടി സ്വർണം ഉറപ്പിച്ചു.
മീറ്റ് ഇന്ന് അവസാനിക്കാനിരിക്കെ കേരളം മൂന്നാം സ്ഥാനത്തേക്ക് (70) കയറി. ഹരിയാന (113), യു.പി (92) എന്നിവരാണ് ഒന്നും രണ്ടും സ്ഥാനത്ത്. വനിതകളിൽ ഒന്നാം സ്ഥാനത്താണ് കേരളം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.