ഐ.പി.എല്ലിന് പ്രിയം കുറയുന്നു

ന്യൂഡല്‍ഹി: ഏറെ കൊട്ടിഘോഷിക്കപ്പെടുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐ.പി.എല്‍) ട്വന്‍റി20 ക്രിക്കറ്റ് മത്സരങ്ങളുടെ ജനപ്രീതി കുത്തനെ ഇടിയുന്നതായി റിപ്പോര്‍ട്ട്. ഒമ്പതാം സീസണില്‍ ടി.വി വ്യൂവര്‍ഷിപ്പിലും ഗാലറിയിലും ഒരുപോലെ കാണികള്‍ കുറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഐ.പി.എല്‍ ചരിത്രത്തില്‍ രണ്ടാം തവണയാണ് കാണികളില്‍ ഇടിവുണ്ടാകുന്നത്. ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ (ബി.എ.ആര്‍.സി) കണക്കുപ്രകാരം മുന്‍വര്‍ഷങ്ങളില്‍നിന്ന് വന്‍ ഇടിവാണ് ടി.വി പ്രേക്ഷകരിലുണ്ടായിരിക്കുന്നത്. സോണി ഗ്രൂപ്പാണ് ഇത്തവണ ഐ.പി.എല്‍ സംപ്രേഷണാവകാശം ഏറ്റെടുത്തിരിക്കുന്നത്.
ആദ്യത്തെ ആറു മത്സരങ്ങള്‍ക്ക് 3.50 മാത്രമാണ് ടി.വി വ്യൂവര്‍ഷിപ് റേറ്റിങ്. കഴിഞ്ഞ വര്‍ഷം ഇത് 4.50 ആയിരുന്നു. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും റൈസിങ് പുണെ സൂപ്പര്‍ജയന്‍റ്സും തമ്മിലുള്ള മത്സരത്തിന് 3.24 ആണ് വ്യൂവര്‍ഷിപ്. പൊതുവെ ഏറെ ആരാധകരുള്ള മുംബൈ ഇന്ത്യന്‍സിന്‍െറ മത്സരങ്ങള്‍ക്കുള്ള കാണികളിലും ഇക്കുറി ഇടിവ് സംഭവിച്ചെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.

വരള്‍ച്ചയും ലോകകപ്പും തിരിച്ചടി
ട്വന്‍റി20 ലോകകപ്പിന് തൊട്ടുപിന്നാലെയാണ് ഇക്കുറി ഐ.പി.എല്‍ സീസണ്‍ ആരംഭിക്കുന്നത്. ഒരു മാസത്തോളം നീണ്ട ലോകകപ്പിനുശേഷം അതേ താരങ്ങള്‍ ഐ.പി.എല്‍ മത്സരത്തിനും പാഡുകെട്ടിയപ്പോള്‍ ആരാധകര്‍ വലിയ കാര്യത്തിലെടുക്കാത്തത് ഇത്തവണ തിരിച്ചടിയായി. സാധാരണ ഐ.പി.എല്ലില്‍ കൂടുതല്‍ ആരാധകരുള്ള മുംബൈ ഇന്ത്യന്‍സ്, ബംഗളൂരു റോയല്‍ ചലഞ്ചേഴ്സ് തുടങ്ങിയ ടീമുകളുടെ മത്സരത്തിനു പോലും ഗാലറി നിറഞ്ഞില്ല എന്നത് ജനപ്രീതി ഇടിഞ്ഞതിന്‍െറ തെളിവാണ്.

പുറമെ, ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ്. ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്സിനെയും മികച്ച റെക്കോഡുള്ള രാജസ്ഥാന്‍ റോയല്‍സിനെയും അഴിമതിയാരോപണങ്ങളുടെ പേരില്‍ വിലക്കിയതും ആരാധകരെ കുറച്ചു. ചെന്നൈയുമായി തനിക്കുള്ളത് വൈകാരികബന്ധമാണെന്ന ധോണിയുടെ പ്രസ്താവന ഇതിനുദാഹരണമായിരുന്നു. ചെന്നൈയുടെ വീറും വാശിയും പുണെക്കുണ്ടാകുന്നില്ല. വരള്‍ച്ചയാണ് മറ്റൊരു കാരണം. കൊടും വരള്‍ച്ച ബാധിച്ച മഹാരാഷ്ട്രയില്‍ മേയ് മുതല്‍ ഐ.പി.എല്‍ മത്സരങ്ങള്‍ നടത്തരുതെന്ന് ബോംബെ ഹൈകോടതി ഉത്തരവിട്ടിരിക്കുകയാണ്. ബംഗളൂരു, പുണെ തുടങ്ങിയ പല വേദികളിലെ മത്സരങ്ങളും കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടു. രാജ്യം വരള്‍ച്ചയില്‍ ബുദ്ധിമുട്ടുമ്പോള്‍ ലക്ഷക്കണക്കിന് ലിറ്റര്‍ ജലം പിച്ച് നന്നാക്കാനും മറ്റും ഉപയോഗിക്കുന്നത് തെറ്റാണെന്ന ധാരണ പരന്നതും ഈ സീസണിന് തിരിച്ചടിയായി. ഇതിന്‍െറ പശ്ചാത്തലത്തിലാണ് അടുത്ത സീസണ്‍ വിദേശത്തേക്ക് മാറ്റുമെന്ന് ബി.സി.സി.ഐ മുന്നറിയിപ്പുനല്‍കിയത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.