കൊച്ചി: നവംബർ ഒന്നിന് നടക്കേണ്ട ഇന്ത്യ-വിൻഡീസ് ഏകദിന വേദി സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നു. സാധ്യമെങ്കിൽ കൊച്ചിയിൽ ക്രിക്കറ്റും ഫുട്ബാളും നടക്കട്ടേയെന്നാണ് സ്റ്റേഡിയം ഉടമസ്ഥരായ ജി.സി.ഡി.എയുടെ നിലപാട്. ക്രിക്കറ്റിനായി പിച്ച് ഒരുക്കുമ്പോൾ ഫുട്ബാൾ ടർഫിന് കാര്യമായ കേടുപാടുണ്ടാകുമോയെന്ന കാര്യം വിദഗ്ധ സമിതി പരിശോധിക്കും. സർക്കാറിെൻറ നിലപാടുംകൂടി അറിഞ്ഞശേഷമായിരിക്കും അന്തിമ തീരുമാനമെന്നും ജി.സി.ഡി.എ ചെയർമാൻ സി.എൻ. മോഹനൻ പറഞ്ഞു. ഇതുസംബന്ധിച്ച് കെ.സി.എ, കെ.എഫ്.എ, കേരള ബ്ലാസ്റ്റേഴ്സ് ടീം മാനേജ്മെൻറ് ഭാരവാഹികളുമായി നടത്തിയ ചർച്ചക്കുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദഗ്ധ സമിതി പരിശോധന രണ്ടുമൂന്നു ദിവസത്തിനകം ഉണ്ടാകുമെന്ന് സി.എൻ. മോഹനൻ പറഞ്ഞു. കൊച്ചിയിൽ ക്രിക്കറ്റും ഫുട്ബാളും നടത്തുന്നതിൽ കെ.സി.എ, കെ.എഫ്.എ, കേരള ബ്ലാസ്റ്റേഴ്സ് എന്നിവർക്ക് വിയോജിപ്പില്ല. ക്രിക്കറ്റ് മത്സരശേഷം ഗ്രൗണ്ടിലെ പുല്ല് 22 ദിവസംകൊണ്ട് ഫുട്ബാളിനു പാകപ്പെടുത്തിയെടുക്കാനാകുമെന്നാണ് ബ്ലാസ്റ്റേഴ്സ് പ്രതിനിധികൾ അറിയിച്ചത്. ടർഫ് അതേ നിലവാരത്തിൽതന്നെ പാകപ്പെടുത്താൻ സാധിക്കില്ലെങ്കിൽ മാത്രമേ തീരുമാനം പുനഃപരിശോധിക്കേണ്ടതുള്ളൂ. സ്റ്റേഡിയം സംബന്ധിച്ചുള്ളത് കൂട്ടായ തീരുമാനമാണെന്ന് കെ.സി.എ സെക്രട്ടറി ജയേഷ് ജോർജ് പറഞ്ഞു.
ഗ്രൗണ്ട് ഒരുക്കാൻ നവംബർവരെ സമയമുണ്ട്. കേരളത്തിന് അനുവദിച്ച മത്സരത്തിെൻറ വേദി തീരുമാനിക്കാനുള്ള അവകാശം കെ.എസി.എക്കാണ്. രണ്ടു സ്റ്റേഡിയവും ബി.സി.സി.ഐ അംഗീകരിച്ചതാണ്. കെ.സി.എയുടെ തീരുമാനം ബി.സി.സി.ഐയെ അറിയിച്ചാൽ മാത്രം മതിയെന്നും ജയേഷ് പറഞ്ഞു.അതേസമയം, ഏകദിനം നടത്താനുള്ള നീക്കത്തെ എതിർത്തില്ലെന്ന വാദം തെറ്റാണെന്ന് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറ് വാർത്തക്കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.