ലണ്ടൻ: ഗ്ലാമർ താരങ്ങൾ ഏറെയുണ്ടായിട്ടും യൂറോപ്പിലെ എലൈറ്റ് പോരാട്ടത്തിന് ബെർത്തുറപ്പിക്കാൻ മാഞ്ചസ്റ്റർ യുനൈറ്റഡിന് വിധിയുണ്ടാകുമോ?
അതോ അത്ഭുതങ്ങൾ ബൂട്ടിലൊളിപ്പിക്കുന്ന ലെസ്റ്റർ സിറ്റിയും ഫ്രാങ്ക്ലംബാർഡിൻെറ ചെൽസിയും യൂറോപ്യൻ ടിക്കറ്റ് സ്വന്തമാക്കുമോ...?
ഇക്കാര്യങ്ങൾ അറിയാൻ ഏതായാലും പ്രീമിയർ ലീഗിലെ അവസാന മത്സരം വരെ കാത്തിരിക്കണമെന്നുറപ്പായി.
ആദ്യ രണ്ടു സ്ഥാനക്കാരായ ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും ചാമ്പ്യൻസ് ലീഗ് ബെർത്ത് ഉറപ്പിച്ചെങ്കിലും മൂന്നും നാലും സ്ഥാനം ആർക്കാവുമെന്ന് 37 മത്സരം പിന്നിട്ടിട്ടും തീരുമാനമായില്ല. ഗ്ലാമർ ടീമുകൾ ഒരുപാടുള്ള
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഈ സംഭവം പതിവു കാഴ്ച്ചയുമാണ്. നിലവിൽ മൂന്നാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ യുനൈറ്റഡിന് അവസാന മത്സരത്തിൽ ലെസ്റ്റ് സിറ്റിയുമായാണ് മത്സരം. നാലാം സ്ഥാനത്തുള്ള ചെൽസിക്ക് കരുത്തരായ വോൾവർഹാംറ്റണിനോടും ഏറ്റു മുട്ടണം.
നിർണായകമായ ആ മത്സരങ്ങളാണ് യുനൈറ്റഡ്, ചെൽസി, ലെസ്റ്റർ സിറ്റി ടീമുകളുടെ
ചാമ്പ്യൻ ലീഗ് യോഗ്യത ഉറപ്പിക്കുക. വോൾവർഹാംപ്റ്റണിന് ജയിച്ചാലും ആദ്യ നാലിൽ സ്ഥാനമുണ്ടാവില്ല. ഞായറാഴ്ച്ചയാണ് പ്രീമിയർ ലീഗിലെ അവസാന മത്സരം അരങ്ങേറുന്നത്.
ആ കളി ഇങ്ങനെ....
മാഞ്ചസ്റ്റർ യുനൈറ്റഡ്: ഓൾഡ് ട്രഫോഡിലെ താരങ്ങൾക്ക് കാര്യങ്ങൾ ഏറെക്കുറെ എളുപ്പമാണ്. ചിലപ്പോൾ കളി തോറ്റാലും ചാമ്പ്യൻസ് ലീഗ് ഉറപ്പിക്കാം. പക്ഷേ, ചെൽസി വൂൾഫ്സിനോട് തോൽക്കണമെന്നു മാത്രം. അങ്ങനെ വന്നാൽ 63 പോയൻറുമായി ചെൽസിയും യുനൈറ്റഡും ഒപ്പമെത്തും. നേർക്കുനേരുള്ള മത്സരത്തിൽ യുനൈറ്റഡ് ജയിച്ചതിനാൽ ചെൽസിയെ മറികടന്ന് നാലാം സ്ഥാനവും. ജയിച്ചാൽ 66 പോയൻറുമായി മൂന്നാം സ്ഥാനം ഉറപ്പ്. അതേസമയം, ലെസ്റ്റും ചെൽസിയും കളി ജയിച്ചാൽ യൂറോപ്യൻ പട്ടത്തിന് യുനൈറ്റഡിന് ഇനിയും കാത്തിരിക്കേണ്ടി വരും.
ചെൽസി: ലോക്ഡൗണിനു ശേഷമാണ് ചെൽസിക്ക് കളി കൈവിട്ടത്. അതുവരെ ലിവർപൂളിനും സിറ്റിക്കും തൊട്ടു പിന്നിൽ ഓടിയ ലംബാർഡിൻെറ ടീമിന് അവസാനത്തിൽ കാലിടറിയതോടെയാണ് ഇത്ര കാത്തിരിക്കേണ്ടി വന്നത്. യുനൈറ്റഡ് തോറ്റാൽ സമനില മതിയാവും. ജയിച്ചാൽ മൂന്നാം സ്ഥാനവും.
ലെസ്റ്റർ: ഒരു ഘട്ടത്തിൽ സിറ്റിയെ പോലും മറികടക്കുമെന്ന നിലയിലായിരുന്നു 2016ലെ ഈ ചാമ്പ്യന്മാർ. എന്നാൽ, ലോക്ഡൗണിന് ശേഷം കളി കൈവിട്ടു. നാടകീയമായ തോൽവികൾ ഏറ്റു വാങ്ങിയെങ്കിലും ഞായറാഴ്ച യുനൈറ്റഡിനെ തോൽപിച്ചാൽ ചാമ്പ്യൻസ് ലീഗിൽ കളിക്കാം. ഇനി സമനിലയാണെങ്കിൽ പോലും ചെൽസി തോറ്റാൽ നാലാം സ്ഥാനം ലഭിക്കും. കാരണം ഗോൾ ശരാശരിയിൽ ചെൽസിയുമായി ലെസ്റ്റർ ബഹുദൂരം മുന്നിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.