വാഷിങ്ടൺ: ഇൻറർനാഷനൽ ചാമ്പ്യൻസ് കപ്പിൽ റയൽ മഡ്രിഡിന് പെപ് ഗ്വാർഡിയോളയുടെ തന്ത്രങ്ങൾക്കുമുന്നിൽ നാണംകെട്ട തോൽവി. 4-1നാണ് മാഞ്ചസ്റ്റർ സിറ്റി വമ്പൻനിരയുമായി കളത്തിലെത്തിയ ചാമ്പ്യൻസ് ലീഗ് ജേതാക്കളെ തകർത്തത്. ഇതോടെ ചാമ്പ്യൻസ് കപ്പിൽ റയലിന് രണ്ടാം തോൽവിയായി. നേരത്തെ, മാഞ്ചസ്റ്റർ യുനൈറ്റഡിനോട് ഷൂട്ടൗട്ടിൽ തോറ്റിരുന്നു.
223 കോടിക്ക് റയൽ മഡ്രിഡിൽനിന്നും സിറ്റി റാഞ്ചിയ ബ്രസീൽ താരം ഡാനിലോയെ ആദ്യ പകുതിതന്നെ ഇറക്കിയായിരുന്നു പെപ് ഗ്വാർഡിയോള ഗെയിം പ്ലാനൊരുക്കിയത്. മുൻ ക്ലബിനെതിരെ നിറഞ്ഞുകളിച്ച താരം ഇടതുവിങ്ങിൽ സിറ്റിയുടെ മുന്നേറ്റങ്ങൾക്ക് മൂർച്ചകൂട്ടി. മറുവശത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ ഒഴികെ മുഴുവൻ താരങ്ങളെയും കോച്ച് സിദാൻ കളത്തിലിറക്കിയിരുന്നു. ആദ്യ പകുതി ഇഞ്ചോടിഞ്ചായിരുന്നെങ്കിലും രണ്ടാം പകുതിയിൽ സിറ്റിയുടെ ‘നിറംമാറി’. തിരമാലകണക്കെ ആർത്തിരമ്പിയെത്തിയ സിറ്റിയെ തടയാനാവാതെ റയൽ നാലു ഗോളുകൾ വാങ്ങിക്കൂട്ടി. നികളസ് ഒാട്ടമെൻഡി (52ാം മിനിറ്റ്), റഹീം സ്റ്റെർലിങ് (59), ജോൺ സ്റ്റോൺ (67), ബ്രഹിം ഡിയസ് (81) എന്നിവരാണ് ഗോൾ നേടിയത്. കെവിൻ ഡിബ്രൂയിൻ രണ്ടു ഗോളുകൾക്ക് വഴിയൊരുക്കി. സ്പാനിഷ് കൗമാരതാരം ഒാസ്കാർ അനെയ്സ് (90) ആണ് റയലിെൻറ ആശ്വാസ ഗോൾ കണ്ടെത്തിയത്.
മറ്റൊരു മത്സരത്തിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ വമ്പന്മാരായ മാഞ്ചസ്റ്റർ യുനൈറ്റഡിനെ ബാഴ്സലോണ തോൽപിച്ചു. 31ാം മിനിറ്റിൽ നെയ്മർ നേടിയ ഏക ഗോളിലാണ്, ഹോസെ മൗറീന്യോയുടെ സംഘത്തെ ബാഴ്സലോണ തോൽപിച്ചത്. പ്രീസീസൺ ടൂർണമെൻറിൽ നെയ്മറിെൻറ മൂന്നാം ഗോളാണിത്. മാഞ്ചസ്റ്റർ സിറ്റിയെയും റയൽ മഡ്രിഡിനെയും തോൽപിച്ച് മുന്നേറിയ മാഞ്ചസ്റ്റർ യുനൈറ്റഡിന് ചാമ്പ്യൻസ് കപ്പിലെ ആദ്യ തോൽവിയാണിത്. മറ്റൊരു മത്സരത്തിൽ യുവൻറസ് 3-2ന് പി.എസ്.ജിയെ തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.