??????????????????? ????????? ???? ????????? ??????????????? ???????????????? ??????

ബോക്സിങ് ഡേയില്‍ വണ്ടര്‍ ഗോള്‍

ലണ്ടന്‍: എപ്പോഴും അദ്ഭുതങ്ങള്‍ ഒളിപ്പിച്ചുവെച്ചാവും ബോക്സിങ് ഡേയില്‍ കളമുണരുന്നത്. പ്രത്യേകിച്ച് ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍. ഇക്കുറിയും പതിവു തെറ്റിച്ചില്ല. വമ്പന്മാരെല്ലാം കളത്തിലിറങ്ങിയ ദിനത്തില്‍ വിസ്മയമൊരുക്കി ഫുട്ബാള്‍ ലോകത്തെ ഞെട്ടിച്ചത് മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്‍െറ അര്‍മീനിയന്‍ സ്ട്രൈക്കര്‍ ഹെന്‍റിക് മിഖിത്ര്യാനായിരുന്നു. സണ്ടര്‍ലന്‍ഡിനെതിരായ പ്രീമിയര്‍ ലീഗ് മത്സരത്തിന്‍െറ 86ാം മിനിറ്റില്‍ പിറന്ന വണ്ടര്‍ ഗോള്‍ കോച്ച് ഹൊസെ മൗറീന്യോയെപ്പോലെ ലോകമെങ്ങുമുള്ള ആരാധകരെയും ഞെട്ടിച്ചു. റെനെ ഹിഗ്വിറ്റെയുടെ സ്കോര്‍പിയോണ്‍ സേവിനെ അനുസ്മരിപ്പിക്കുംവിധമൊരു ഗോള്‍. മത്സരത്തില്‍ 3-1ന് മാഞ്ചസ്റ്റര്‍ ജയിച്ചിരുന്നു.
വലതു വിങ്ങില്‍നിന്ന് ഇബ്രാഹിമോവിച് നല്‍കി ക്രോസില്‍ പന്ത് നിലംതൊടുംമുമ്പേ ഒറ്റക്കാലില്‍ ഊന്നിപ്പറന്ന്, വലതു കാലിന്‍െറ ബാക്ഹീല്‍കൊണ്ടൊരു തൊഴി. പ്രതിരോധക്കാര്‍ക്കും ഗോളിക്കും ഗതി മനസ്സിലാവുംമുമ്പേ പന്ത് വലയില്‍.
‘‘ഞാന്‍ നേടിയതില്‍ ഏറ്റവും സുന്ദരമായ ഗോള്‍. ഒരു ചെറിയ ക്രിസ്മസ് മാജിക്’’ -ഗോളിനെ മിഖിത്ര്യാന്‍ വിശേഷിപ്പിച്ചത് ഇങ്ങനെയായിരുന്നു. ‘‘പന്തിനെ മുന്നിലാണ് പ്രതീക്ഷിച്ചത്. പക്ഷേ, ഞാന്‍ മുന്നിലായിപ്പോയി. പിന്നെ രണ്ടും കല്‍പിച്ച് ശ്രമിച്ചു. പന്ത് വലകുലുക്കിയതിനു പിന്നാലെ ലൈന്‍ റഫറിയെയാണ് നോക്കിയത്. ഓഫ്സൈഡ് വിളിച്ചിരുന്നില്ല. പിന്നെ ആഘോഷം തുടങ്ങി’’ -മിഖിത്ര്യാന്‍ പറഞ്ഞു. പക്ഷേ, സണ്ടര്‍ലന്‍ഡ് കോച്ച് ഡേവിഡ് മോയസ് ഗോള്‍ ഓഫ്സൈഡാണെന്ന പക്ഷക്കാരനാണ്. എങ്കിലും അവിശ്വസനീയമായിരുന്നു ആ ഗോളെന്ന് അദ്ദേഹവും സമ്മതിക്കുന്നു.  ഹിഗ്വിറ്റെയുടെ സ്കോര്‍പിയോണ്‍ സേവിന്‍െറ പകര്‍പ്പെന്നായിരുന്നു ബി.ബി.സി കമന്‍േററ്റര്‍ അലയന്‍ ഷിയററുടെ വിലയിരുത്തല്‍.

ജയം; സിറ്റി രണ്ടാമത്
ലണ്ടന്‍: അവസാന 18 മിനിറ്റില്‍ പിറന്ന മൂന്ന് ഗോളുമായി മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ളീഷ് പ്രീമിയര്‍ ലീഗ് പോയന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്. ബോക്സിങ് ഡേയില്‍ ഹള്‍സിറ്റിയെ നേരിട്ട മാഞ്ചസ്റ്റര്‍ സിറ്റി 3-0ത്തിന്‍െറ ജയവുമായി മുന്നേറി. കരുത്തരായ പെപ് ഗ്വാര്‍ഡിയോളയുടെ ടീമിനെ ഗോളടിക്കാന്‍ അനുവദിക്കാതെ ഹള്‍സിറ്റി ഏറക്കുറെ പൂട്ടിയിട്ടെങ്കിലും 72ാം മിനിറ്റില്‍ മാഞ്ചസ്റ്ററുകാര്‍ കത്രികപ്പൂട്ട് പൊട്ടിച്ചു. യായാ ടുറെ പെനാല്‍റ്റിയിലൂടെയായിരുന്നു ആദ്യ ഗോള്‍ കുറിച്ചത്. അധികം വൈകുംമുമ്പ് അടുത്ത ഗോളും (78) പിറന്നു. ഇക്കുറി കെലേചി ഇഹനാച്ചോയുടെ ബൂട്ടിലൂടെയാണ് വലകുലുങ്ങിയത്. ഇഞ്ചുറി ടൈമിന്‍െറ അവസാന മിനിറ്റില്‍ എതിര്‍താരം കര്‍ടിസ് ഡേവിസിന്‍െറ സെല്‍ഫ് ഗോളിലൂടെ സിറ്റിയുടെ വിജയം ആധികാരികമായി. ഇതോടെ, 18 കളിയില്‍ 46 പോയന്‍റുമായി ഒന്നാം സ്ഥാനത്തുള്ള ചെല്‍സിക്കു പിറകില്‍ സിറ്റി 39 പോയന്‍റുമായി ഇടം ഉറപ്പിച്ചു.

 

Tags:    
News Summary - Manchester United’s Henrikh Mkhitaryan Scores Incredible Scorpion Kick Goal Read more at: http://nesn.com/2016/12/manchester-uniteds-henrikh-mkhitaryan-scores-incredible-scorpion-kick-goal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.