ദോഹ: അണ്ടർ 23 ഏഷ്യൻ ഫുട്ബാൾ യോഗ്യത റൗണ്ടിൽ ഇന്ത്യക്കിന്ന് ജീവന്മരണ പോരാട്ടം. ചൈനയിൽ അടുത്ത വർഷം നടക്കുന്ന ഫൈനൽ റൗണ്ടിൽ പന്തുതട്ടാനുള്ള സാധ്യത നിലനിർത്തണമെങ്കിൽ ഇന്ത്യക്ക് ഇൗ മത്സരത്തിൽ വിജയം അനിവാര്യമാണ്. ദോഹയിലെ അൽസദ്ദ് സ്റ്റേഡിയത്തിൽ നടക്കുന്ന ഗ്രൂപ് സി റൗണ്ടിൽ കരുത്തരായ ആതിഥേയ ടീം ഖത്തറാണ് ഇന്ത്യയുടെ എതിരാളികൾ.
ദേശീയ സീനിയർ ടീം കോച്ച് സ്റ്റീഫൻ കോൺസ്റ്റൈൻറനിെൻറ നേരിട്ടുള്ള പരിശീലനത്തിൽ പ്രതീക്ഷയോടെയാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്. നാല് ടീമുകൾ വീതമുള്ള പത്ത് ഗ്രൂപ്പുകളിലെയും ആദ്യ സ്ഥാനക്കാരും മികച്ച അഞ്ച് രണ്ടാം സ്ഥാനക്കാരുമാണ് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടുക. ഇന്ന് കൂടി തോറ്റാൽ രണ്ടാം സ്ഥാനത്തെങ്കിലുമെത്താനുള്ള സാധ്യത ഏറക്കുറെ അടയുമെന്നതിനാൽ രണ്ടും കൽപിച്ചാവും നീലപ്പട കളത്തിലിറങ്ങുക.
ആദ്യ കളിയിൽ സിറിയയോട് 2-0ത്തിന് തോറ്റാണ് ഇന്ത്യ രണ്ടാം പോരാട്ടത്തിനിറങ്ങുന്നതെങ്കിൽ ആദ്യ മത്സരത്തിൽ അതേ മാർജിനിൽ തുർക്മെനിസ്താനെ പരാജയപ്പെടുത്തിയാണ് ഖത്തറിെൻറ വരവ്. കഴിഞ്ഞ തവണ ഫൈനൽ റൗണ്ടിൽ കളിച്ച സിറിയക്കെതിരെ ആദ്യപകുതിയിൽ പിടിച്ചുനിന്നെങ്കിലും ഇടവേളക്കുശേഷം പതറിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്. കിട്ടിയ അവസരങ്ങൾ ഡാനിയേൽ ലാൽഹിംപൂയയും ഗർമൻപ്രീത് സിങ്ങും പാഴാക്കുകയും ചെയ്തു. 63ാം മിനിറ്റിൽ ഇന്ത്യൻ ഗോളി വിശാൽ കൈത്തിെൻറ പിഴവാണ് സിറിയക്ക് ആദ്യ ഗോൾ സമ്മാനിച്ചത്. അനാവശ്യമായി കയറിവന്ന ഗോളിയെ കബളിപ്പിച്ച് മുഹമ്മദ് റബി സുറൂർ വലകുലുക്കി. 89ാം മിനിറ്റിൽ ക്ലോസ് റേഞ്ച് ഹെഡറിലൂടെ മുഹമ്മദ് ഫാരിസ് അർനൂത്ത് ലീഡ് ഇരട്ടിയാക്കുകയും ചെയ്തു.
സ്ട്രൈക്കർ അക്രം ആതിഫിെൻറ ഇരട്ട ഗോളുകളാണ് തുർക്മെനിസ്താനെതിരെ ഖത്തറിന് വിജയം നൽകിയത്. ഇന്ന് ഇന്ത്യ ഏറെ ഭയക്കേണ്ടതും ഇൗ പത്താം നമ്പറുകാരനെ തന്നെയാവും. ക്യാപ്റ്റൻ അഹ്മദ് മുഇൗൻ, അൽമുഇൗസ് അലി തുടങ്ങിയവരാണ് ഫെലിക്സ് സാഞ്ചസ് പരിശീലിപ്പിക്കുന്ന ഖത്തർ ടീമിലെ മറ്റു ശ്രദ്ധേയ താരങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.