അബൂദബി: രാജ്യത്തെ കായിക മേഖലക്ക് ശക്തമായ അടിത്തറയൊരുക്കാൻ ഒരുങ്ങി യു.എ.ഇ. 12 വിവിധ കായിക ഇനങ്ങളിലേക്ക് പരിശീലകരെ വളര്‍ത്തിയെടുക്കാനുള്ള അബൂദബി സ്പോര്‍ട്സ് കൗണ്‍സിലിന്റെ പദ്ധതിക്ക് വൻ പ്രതികരണം ലഭിച്ചതോടെ കൂടുതൽ മേഖലകളിൽ മികച്ച പദ്ധതികൾ നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണ് അധികാരികൾ.
ഫുട്ബാള്‍, വോളിബാള്‍, ബാസ്ക്കറ്റ്ബാള്‍, ഹാന്‍ഡ് ബാള്‍, വാട്ടര്‍ സ്പോര്‍ട്സ്, സൈക്ലിങ്, അത് ലറ്റിക്സ്, ഫെന്‍സിങ്, വെയിറ്റ് ലിഫ്റ്റിങ്, റാക്കറ്റ് ഗെയിംസ്, ആര്‍ച്ചറി, ജൂഡോ എന്നിങ്ങനെയുള്ള മേഖലകളിലാണ് പരിശീലകരെ വളര്‍ത്തിയെടുക്കുന്നത്.
അബൂദബിയിലെ വിദഗ്ധരായ പരീശലകരുടെയും സാങ്കേതിക ജീവനക്കാരുടെയും എണ്ണം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണു പരിപാടി. വിദ്യാഭ്യാസ മന്ത്രാലയം, അബൂദബി മറ്റേണിറ്റി ആന്‍ഡ് ചൈല്‍ഡ്ഹുഡ് അതോറിറ്റി, നാഷനല്‍ ആന്റി ഡോപിങ് കമ്മിറ്റി, നാഷനല്‍ ആംബുലന്‍സ് എന്നിവയുമായി സഹകരിച്ചാണ് പരിപാടി ഒരുക്കിയത്.
എമിറേറ്റ്സിലെ കുരുന്നുകള്‍ക്കും യുവ തലമുറയ്ക്കുമായി അബൂദബി സ്പോര്‍ട്സ് കൗണ്‍സില്‍ പൈതൃക കായിക പദ്ധതിയും നടപ്പാക്കി വരുന്നുണ്ട്. അബൂദബി ഫാല്‍കണേഴ്സ്, അബൂദബി മറൈന്‍ സ്പോര്‍ട്സ്, അബൂദബി ഇക്വേസ്ട്രിയന്‍ ക്ലബ്സ് തുടങ്ങിയവയുമായി സഹകരിച്ചാണ്, യു.എ.ഇയുടെ സാംസ്കാരിക, പൈതൃക സ്പോര്‍ട്സുകളില്‍ പരിശീലനം നല്‍കിവരുന്നത്.
എമിറേറ്റ് ഫൗണ്ടേഷന് ഫോര്‍ എജ്യുക്കേഷനുമായി സഹകരിച്ച് ചെറിയ കുട്ടികള്‍ക്കായി കരയാത്രകള്, മറൈന്‍ സ്പോര്‍ട്സ്, കുതിരയോട്ടം മുതലായവയാണ് പരിശീലിപ്പിക്കുന്നത്. അബൂദബി മറൈന്‍ സ്പോര്‍ട്സ് ക്ലബ്ബിലെ അല്‍ ശെറാസ് സ്കൂളില്‍ മെയില്‍ അബൂദബി മറൈന്‍ പദ്ധതി, അബൂദബി ഇക്വേസ്ട്രിയന്‍ ക്ലബില്‍ ദ റൈഡേഴ്സ് പദ്ധതി തുടങ്ങിയവയില്‍ വിവിധ ഘട്ടങ്ങളായുള്ള പരിശീലനം നല്കി വരികയാണ്.
മുമ്പ് പ്രാദേശിക കായിക വിനോദങ്ങളിലെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ അബൂദബിയില്‍ അധികൃതര്‍ പുതിയ സംവിധാനം വികസിപ്പിച്ചിരുന്നു. കായികമേഖലയുമായി ബന്ധപ്പെട്ട കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും വാദം കേള്‍ക്കുന്നതിനും പ്രത്യേക സൗകര്യമൊരുക്കുകയെന്നതാണ് കാതലായ തീരുമാനം. കായിക വിനോദങ്ങള്ക്കിടയിലുണ്ടാവുന്ന പ്രശ്നങ്ങളെ ഫലപ്രദമായി നേരിടുകയും പരിഹരിക്കുകയും ചെയ്യുക, തര്‍ക്കരഹിത കായികസംസ്കാരം വളര്‍ത്തിയെടുക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണുള്ളത്.
അബൂദബി സി.എ.എസ്. ആള്‍ട്ടര്‍നേറ്റിവ് ഹിയറിങ് സെന്ററും എമിറേറ്റ്സ് സ്പോര്‍ട്സ് ആര്ബിട്രേഷന് സെന്ററുമായുള്ള കരാര്‍ പ്രകാരമാണ് സംവിധാനം പ്രാബല്യത്തില്‍ വരുത്തിയത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള നിയമ സേവനമാണ് ലഭ്യമാവുന്നത്. ഇതിനായി കായികമേഖലയുമായി ബന്ധപ്പെട്ട കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും വാദം കേള്‍ക്കുന്നതിനും പ്രത്യേക സൗകര്യവുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.