2019 നവംബര്‍ 23 വിരാട് കോഹ്ലി തന്റെ അവസാന സെഞ്ചുറി നേടിയത് അന്നായിരുന്നു. ബംഗ്ലാദേശിനെതിരെ ടെസ്റ്റ് മത്സരത്തിലായിരുന്നു ആ സെഞ്ചുറി. കഴിഞ്ഞ മൂന്ന് വര്‍ഷവും ഒരു സെഞ്ചുറി പോലുമില്ലാതെ നിരാശയിലാണ് വിരാട് കോഹ്ലിയും ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരും.
ഞായറാഴ്ച ഓള്‍ഡ്ട്രഫോര്‍ഡില്‍ ഇംഗ്ലണ്ടിനെതിരെ മൂന്നാം ഏകദിന മത്സരത്തില്‍ സെഞ്ചുറി നേടിയാല്‍ കോലിക്ക് വലിയൊരു നാണക്കേട് ഒഴിവാക്കാം. സെഞ്ചുറിയില്ലാതെ ആയിരം ദിവസങ്ങള്‍ കോലിയെ കാത്തിരിക്കുകയാണ്. ഇംഗ്ലണ്ടിനെതിരെ മൂന്ന് മത്സര പരമ്പര ആദ്യ രണ്ട് കളി കഴിഞ്ഞപ്പോള്‍ 1-1ന് സമനിലയിലാണ്. മൂന്നാം മത്സരത്തില്‍ സെഞ്ചുറി നേടി ഇന്ത്യക്ക് ജയമൊരുക്കിയാല്‍ കോലിയുടെ കാത്തിരുന്ന തിരിച്ചുവരവാകും അത്.
എഴുപത് അന്താരാഷ്ട്ര സെഞ്ചുറികള്‍ കോഹ്ലി പൂര്‍ത്തിയാക്കിയത് 4114 ദിവസം കൊണ്ടാണ്. അവസാന സെഞ്ചുറി പിറന്നിട്ട് 960 ദിവസങ്ങളിലേറെയായി. ഇംഗ്ലണ്ടിനെതിരെ മൂന്നാം ഏകദിനത്തിലും സെഞ്ചുറി സാധ്യമായിട്ടില്ലെങ്കില്‍ ഓഗസ്റ്റ് 27ന് ആരംഭിക്കുന്ന ഏഷ്യാ കപ്പ് വരെ കാത്തിരിപ്പ് നീളും. അതിനിടെ വെസ്റ്റിന്‍ഡീസ് പരമ്പരയുണ്ടെങ്കിലും കോഹ്ലി വിശ്രമാര്‍ഥം വിട്ടുനില്‍ക്കുകയാണ്. ഏഷ്യാ കപ്പ് ആരംഭിക്കുമ്പോഴേക്കും കോഹ്ലിയുടെ സെഞ്ചുറിയില്ലാ കാലം ആയിരം ദിനം പിന്നിടും. അതുകൊണ്ട്, ആ നാണക്കേടൊഴിവാക്കാന്‍ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോര്‍ഡ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ കോഹ്ലിക്ക് തന്റെ വ്യക്തിഗത സ്‌കോര്‍ മൂന്നക്കം തികച്ചേ മതിയാകൂ!
ഏഷ്യാ കപ്പ് ശ്രീലങ്കയിലാണ്. കോഹ്ലിയുടെ തിരിച്ചുവരവ് ലോകകപ്പിന് മുമ്പെ ഉണ്ടാകുമെന്ന് അജയ് ജഡേജയെ പോലുള്ള മുന്‍താരങ്ങള്‍ പ്രവചിക്കുന്നുണ്ട്. ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയും കോഹ്ലിയില്‍ പ്രതീക്ഷ വെച്ച് പുലര്‍ത്തുന്നു. ടൈമിംഗ് മെച്ചപ്പെടുത്തിയാല്‍ കോഹ്ലി പഴയ ഫോമിലേക്ക് തിരികെ വരുമെന്നാണ് ക്രിക്കറ്റ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.