ഭുവനേശ്വർ: ഇന്റർ കോണ്ടിനന്റൽ കപ്പ് ഫുട്ബാളിൽ ഇന്ത്യക്കും ലെബനാനും മംഗോളിയക്കും വനുവാതുവിനും വ്യാഴാഴ്ച അവസാന ലീഗ് മത്സരങ്ങൾ. ആദ്യ രണ്ട് കളിയും ജയിച്ച് ഫൈനലിലെത്തിയ ഇന്ത്യയെ ഇന്നത്തെ ജയപരാജയങ്ങൾ ബാധിക്കില്ലെങ്കിലും എതിരാളികളായ ലെബനാന് ജീവന്മരണ പോരാട്ടമാണ്. രാത്രി 7.30നാണ് ഇന്ത്യ-ലെബനാൻ മത്സരം.
വൈകീട്ട് 4.30ന് വനുവാതുവിനെ മംഗോളിയ നേരിടുന്നുണ്ട്. ഇതിൽ ജയിച്ചാൽ മംഗോളിയക്ക് ലെബനാൻ തോൽക്കുന്നതിലൂടെ ഫൈനലിൽ കടക്കാം. ഇന്ത്യക്ക് ആറും ലെബനാന് മൂന്നും മംഗോളിയക്ക് ഒരു പോയന്റുമാണുള്ളത്. രണ്ടും തോറ്റ വനുവാതു പുറത്തായി. ഫിഫ റാങ്കിങ്ങിൽ ഇന്ത്യ 101ലും ലെബനാൻ 99ലുമാണ്. ഇന്ന് ലെബനാനെ തോൽപിക്കാനായാൽ ആദ്യ നൂറിൽ ഇടംപിടിക്കാമെന്ന പ്രതീക്ഷയിലാണ് ആതിഥേയർ. 2018ലെ ഇന്റർ കോണ്ടിനന്റൽ കപ്പിൽ ജേതാക്കളായതോടെയാണ് ഇന്ത്യ അവസാനമായി നൂറിനകത്തേക്ക് കടന്നത്. 1996ൽ ഫെബ്രുവരിയിൽ 94ാം റാങ്കിലെത്തിയതാണ് ഏറ്റവും മികച്ച പ്രകടനം.
ആദ്യ കളിയിൽ മംഗോളിയയെ 2-0ത്തിന് തോൽപിച്ച ഇന്ത്യ വനുവാതുവിനോട് ഒറ്റ ഗോളിന് കടന്നുകൂടുകയായിരുന്നു. വനുവാതുവിനെ ലെബനാനെ മംഗോളിയ ഗോൾരഹിത സമനിലയിലും തളച്ചു. ജയിക്കുകയെന്ന ലക്ഷ്യം മാത്രമേയുള്ളൂവെന്നും അതത്ര എളുപ്പമുള്ളതല്ലെന്നും ഇന്ത്യൻ പരിശീലകൻ ഇഗോർ സ്റ്റിമാക് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.