തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിന് നാല് നാൾ വിശ്രമമില്ല. 65ാമത് സംസ്ഥാന ജൂനിയർ അത്ലറ്റിക് ചാമ്പ്യൻഷിപ്പിെൻറ ഒന്നാം നാൾ ഏതാനും മത്സരങ്ങൾ മാത്രമാണ് നടന്നതെങ്കിൽ ചൊവ്വാഴ്ച മുതൽ വാശിയേറിയ പോരാട്ടങ്ങൾ കാണാം.
ആൺകുട്ടികളുടെ അണ്ടർ 16, 18, 20 ഹാമർത്രോ, അണ്ടർ 20 ജാവലിൻ ത്രോ, അണ്ടർ 20 വിഭാഗം 10,000 മീറ്റർ ഓട്ടം, അണ്ടർ 18 വിഭാഗം 3000 മീ. ഓട്ടം മത്സരങ്ങളാണ് തിങ്കളാഴ്ച നടന്നത്. രണ്ടാം ദിനമായ ചൊവ്വാഴ്ച 34 ഫൈനലുകളുണ്ട്. മീറ്റിലെ വേഗതാരങ്ങളെ നിശ്ചയിക്കുന്ന 100 മീറ്റർ മത്സരങ്ങൾ ചൊവ്വാഴ്ചയാണ്. 800 മീറ്റർ ഫൈനലുകളും നടക്കും. വൈകീട്ട് 4.30നാണ് ഔപചാരിക ഉദ്ഘാടന ചടങ്ങ്. വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം നിർവഹിക്കും. വ്യാഴാഴ്ചയാണ് സമാപനം. 126 ഇനങ്ങളിൽ 2300ഓളം താരങ്ങളാണ് കായികക്കരുത്ത് തെളിയിക്കാനിറങ്ങുന്നത്.
3000ൽ സ്വർണം ഇരിങ്ങാലക്കുട വഴി മണിപ്പൂരിലേക്ക്
തേഞ്ഞിപ്പലം: അണ്ടർ 18 ആൺ 3000 മീറ്റർ ഓട്ടത്തിൽ ഒന്നാം സ്ഥാനത്തെത്തിയത് മണിപ്പൂരുകാരൻ. തൃശൂരിന് വേണ്ടി ഇറങ്ങിയ യുംനാം അർജിത് മെയ്തേയാണ് ഒമ്പത് മിനിറ്റ് 17.30 സെക്കൻഡിൽ മത്സരം പൂർത്തിയാക്കി പൊന്നണിഞ്ഞത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് അക്കാദമിയിൽ സേവ്യർ പൗലോസിന് കീഴിലാണ് പരിശീലനം.
ഇരിങ്ങാലക്കുട നാഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ്. ഇവിടത്തെ കായികാധ്യാപകനായ ബാബുവാണ് യുംനാം അടക്കം ആറ് മണിപ്പൂരി വിദ്യാർഥികളെ കൊണ്ടുവന്നത്. അഞ്ച് പേർ ഇത്തവണ മത്സരിക്കുന്നുണ്ട്.
പരിശീലനം മുടങ്ങുമെന്ന ആശങ്കയിൽ കോവിഡ് പ്രതിസന്ധി കാലത്തും നാട്ടിൽ പോവാതെ ഇരിങ്ങാലക്കുടയിൽ തുടരുകയായിരുന്നു ഇവർ.
സ്വർണം ഓടിയെടുത്ത് ആൽവിൻ കടംവീട്ടി
തേഞ്ഞിപ്പലം: മൂന്ന് ദിവസം മുമ്പ് ഇതേ ട്രാക്കിൽ നടന്ന സർവകലാശാല മീറ്റിൽ എത്തിപ്പിടിക്കാൻ കഴിയാതെ പോയ നേട്ടമായിരുന്നു അണ്ടർ 20 മെൻ 10,000 മീറ്റർ ഓട്ടത്തിനിറങ്ങുമ്പോൾ ആൽവിെൻറ മനസ്സിൽ.
പാലക്കാട് കൊഴിഞ്ഞാമ്പാറ ഗവ. ആര്‍ട്സ് ആൻഡ് സയന്‍സ് കോളജ് ബി.കോം രണ്ടാം വര്‍ഷ വിദ്യാര്‍ഥിയായ ആല്വിൻ ഇക്കുറി പരീക്ഷകളും എഴുതാതെയാണ് മീറ്റിനെത്തിയത്. അഞ്ചു മാസത്തെ പരിശീലനം. യൂനിവേഴ്സിറ്റി മീറ്റിൽ മെഡൽ നഷ്ടമായത് സങ്കടപ്പെടുത്തിയിരുന്നു. ഇന്നലെ 34 മിനിറ്റ് 43.50 സെക്കൻഡിൽ ഓട്ടം പൂർത്തിയാക്കി കടംവീട്ടി. ജ്യേഷ്ഠനും കായിക താരവും ആര്‍മി ഉദ്യോഗസ്ഥനുമായ പോള്‍ മാത്യു, കോളജ് കായിക അധ്യാപകരായ സത്യന്, രാജേഷ് എന്നിവരാണ് പരിശീലിപ്പിക്കുന്നത്. ഇതേ കോളജിലെ ജീവനക്കാരിയായ ലില്ലി പുഷ്പമാണ് മാതാവ്.
മലപ്പുറം രണ്ടാമത്
തേഞ്ഞിപ്പലം: ജൂനിയർ മീറ്റിെൻറ ആദ്യദിനം ആതിഥേയരായ മലപ്പുറവും മികവ് പുലർത്തി. ആറിൽ മൂന്ന് ഇനങ്ങളിലും വെള്ളി മെഡൽ നേടി 20 പോയന്റോടെ രണ്ടാം സ്ഥാനത്താണ് ജില്ല.
അണ്ടർ 16 ബോയ്സ് ഹാമർ ത്രോയിൽ സി. അശ്വിൻ, അണ്ടർ 20 ഹാമർ ത്രോയിൽ ഷബീബ്, അണ്ടർ 20 ജാവലിൻ ത്രോയിൽ ടി. അർഷാദ് എന്നിവരാണ് മെഡലുകൾ സ്വന്തമാക്കിയത്.
പൊന്നണിഞ്ഞ് വീണ്ടും ത്രോ വീട്
തേഞ്ഞിപ്പലം: അണ്ടർ 16 ബോയ്സ് വിഭാഗം ഹാമർ ത്രോയിൽ മുഹമ്മദ് നിഹാൽ ഒന്നാം സ്ഥാനം നിലനിർത്തുന്നത് കണ്ട് കൈയടിക്കാൻ മാതാപിതാക്കളും കായികതാരമായ സഹോദരിയുമുണ്ടായിരുന്നു ഗാലറിയിൽ. പാലക്കാട് നടുവട്ടം ഗവ. ജനത എച്ച്.എസ്.എസ് ഒമ്പതാം ക്ലാസ് വിദ്യാർഥിയായ നിഹാൽ സ്കൂളിലെ കായികാധ്യാപകൻ കൂടിയായ ഉപ്പ കിനാങ്ങാട്ടിൽ സൈനുദ്ദീൻ നൽകിയ പരിശീലനത്തെത്തുടർന്നാണ് സ്വർണത്തിലേക്ക് എറിയുന്നത്. 50.69 മീറ്ററായിരുന്നു ദൂരം. റെക്കോഡ് നഷ്ടമായത് നേരിയ വ്യത്യാസത്തിൽ. സ്കൂൾ മീറ്റ്, യൂനിവേഴ്സിറ്റി മീറ്റ് മെഡൽ ജേത്രിയാണ് നിഹാലിെൻറ സഹോദരി നിജില. ഇക്കഴിഞ്ഞ അന്തർ കലാലയ മീറ്റിൽ വെള്ളി നേടിയിരുന്നു കാലിക്കറ്റ് സർവകലാശാല കാമ്പസിൽ എം.എസ്സി സുവോളജി വിദ്യാർഥിനിയായ നിജില. ഇവരും പത്താം ക്ലാസ് വരെ പഠിച്ചത് പിതാവിെന്റ സ്കൂളിലായിരുന്നു. 1982 സംസ്ഥാന സ്കൂൾ മീറ്റിലെ ഡിസ്കസ് ത്രോ മെഡൽ ജേതാവ് കൂടിയാണ് സൈനുദ്ദീൻ. മാസ്റ്റേഴ്സ് മീറ്റിൽ സ്ഥിരം മെഡൽ ജേതാവാണ്. തിരുവേഗപ്പുറ പൈലിപ്പുറം സ്വദേശികളായ ഇദ്ദേഹവും സഹോദരങ്ങളും അറിയപ്പെടുന്ന മുങ്ങൽ വിദഗ്ധരുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.