മുംബൈ: കഴിഞ്ഞ ദിവസം അന്തരിച്ച ഇതിഹാസ ക്രിക്കറ്റര്‍ ഷെയ്ന്‍ വോണിനെ കുറിച്ചുള്ള പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. വോൺ മികച്ച ക്രിക്കറ്റ് താരമായിരുന്നെന്നും അദ്ദേഹത്തിന്‍റെ ആത്മാവിന് ശാന്തി ലഭിക്കട്ടേയെന്നും അദ്ദേഹം തന്‍റെ ട്വിറ്റർ അക്കൗണ്ടിലൂടെ പറഞ്ഞു.
''ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളായിരുന്നു വോൺ, റോഡ്‌നി മാർഷ് മികച്ച വിക്കറ്റ് കീപ്പർമാരിൽ ഒരാളുമായിരുന്നു. അവരുടെ ആത്മാവിന് ശാന്തി ലഭിക്കട്ടെ'' -ഗവാസ്കർ ട്വിറ്ററിൽ പറഞ്ഞു.
കഴിഞ്ഞ ദിവസം നൽകിയ ടെലിവിഷൻ അഭിമുഖത്തിൽ ഗവാസ്കർ വോണിനെ കുറിച്ച് നടത്തിയ പരാമർശമാണ് വിവാദത്തിനിടയാക്കിയത്. വോണ്‍ എക്കാലത്തേയും മികച്ച സ്പിന്നറാണോയെന്ന ചോദ്യത്തിന് താൻ അങ്ങിനെ കരുതുന്നില്ലെന്നായിരുന്നു ഗവാസ്‌ക്കറുടെ മറുപടി. വോൺ ക്രിക്കറ്റിന് മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടുള്ള താരമാണെങ്കിലും ഇന്ത്യന്‍ സ്പിന്നര്‍മാരും ശ്രീലങ്കന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരനും വോണിനേക്കാൾ മികച്ച സ്പിന്നര്‍മാരാണെന്ന് ഗവാസ്‌കര്‍ അഭിമുഖത്തിൽ പറഞ്ഞിരുന്നു. വോണ്‍ ഒരേയൊരു തവണ മാത്രമാണ് ഇന്ത്യയില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയിട്ടുള്ളതെന്നും അതും സഹീര്‍ ഖാന്‍ വമ്പനടിക്ക് ശ്രമിച്ചപ്പോള്‍ കിട്ടിയതാണെന്നും അഭിമുഖത്തിൽ പറയുന്നുണ്ട്.
എന്നാൽ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച സ്പിന്നർ ആയിരുന്നോ വോൺ എന്ന അവതാരകന്‍റെ ചോദ്യത്തിന് താൻ സത്യസന്ധമായ മറുപടി നൽകുകയായിരുന്നെന്നാണ് ഗവാസ്കറിന്‍റെ വാദം.
'അഭിമുഖത്തില്‍ അവതാരകന്‍ എന്നോട് ചോദിച്ചിരുന്നു വോണ്‍ എക്കാലത്തേയും മികച്ച സ്പിന്നര്‍ ആണോ എന്ന്. ഞാനതിന് എന്റെ മറുപടി പറഞ്ഞു. അങ്ങനെയൊരു ചോദ്യത്തിനും ഉത്തരത്തിനുമുള്ള ഉചിതമായ സമയമല്ലിത്. ക്രിക്കറ്റിനെ മനോഹരമാക്കുന്നതില്‍ വലിയ പങ്കുവഹിച്ച താരമാണ് വോണ്‍. റോഡ്‌നി മാര്‍ഷും അങ്ങനെ തന്നെ. ഇരുവരുടെയും വിയോഗം കനത്ത നഷ്ടമാണ്' -ഗവാസ്‌കര്‍ പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് 52കാരനായ വോണിനെ തായ്ലന്‍ഡിലെ വില്ലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ടെസ്റ്റില്‍ 798 വിക്കറ്റ് വീഴ്ത്തിയിട്ടുള്ള വോണ്‍ ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും വലിയ രണ്ടാമത്തെ വിക്കറ്റ് വേട്ടക്കാരനാണ്. ഏകദിനത്തില്‍ 293 വിക്കറ്റുകളും വോണിന്റെ പേരിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.