പാരിസ്: ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്നതടക്കമുള്ള പരാതികളുയർന്ന ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബി.ജെ.പി എം.പിയുമായിരുന്ന ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനും കൂട്ടാളികൾക്കുമെതിരെ തെരുവിലിറങ്ങി സമരം ചെയ്ത വിനേഷ് ഫോഗട്ടിന്റെ ഒളിമ്പിക്സിലെ ഫൈനൽ പ്രവേശം രാജ്യം ആഘോഷമാക്കിയതായിരുന്നു. രാജ്യത്തിനായി പാരിസിൽ ആദ്യത്തെ സ്വർണമോ വെള്ളിയോ ഉറപ്പിച്ചാണ് താരം ഇന്നലെ ഗോദ വിട്ടത്. പ്രതിസന്ധികളെല്ലാം മറികടന്ന് സമാനതകളില്ലാത്ത പോരാട്ടവീര്യത്തിന്റെ അടയാളമായി ഈ പെൺപോരാളിയെ ജനതയൊന്നടങ്കം വാഴ്ത്തി.
ഗുസ്തിയിൽ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗം പ്രീ-ക്വാർട്ടറിൽ ലോക ഒന്നാം റാങ്കുകാരിയും നിലവിലെ ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവും നാലുതവണ ലോക ചാമ്പ്യനുമായ ജപ്പാന്റെ യുയി സുസാകിയെയടക്കം വീഴ്ത്തി ഫൈനലിലേക്ക് കുതിച്ച വിനേഷിലൂടെ ഒരിക്കൽ കൂടി ഒളിമ്പിക്സ് സ്വർണമെഡൽ ഇന്ത്യയിലെത്തുമെന്ന ഉറച്ച പ്രതീക്ഷയിലായിരുന്നു 145 കോടിയോളം വരുന്ന ഇന്ത്യൻ ജനത. എന്നാൽ, 100 ഗ്രാം അധിക തൂക്കത്തിന്റെ പേരിൽ അവരുടെ സ്വർണത്തിനായുള്ള കാത്തിരിപ്പും സ്വപ്നങ്ങളുമാണ് വീണുടഞ്ഞത്.
മാസങ്ങൾ നീണ്ട സമരത്തിനിടെ ഡൽഹിയിലെ തെരുവിൽ വലിച്ചിഴക്കപ്പെടുകയും സമാനതകളില്ലാത്ത അപമാനത്തിനിരയാകുകയും ചെയ്ത വിനേഷിന്റെ ഒളിമ്പിക്സിലെ ഉജ്വല പ്രകടനം ഗുസ്തി താരങ്ങളുടെ സമരത്തോട് പുറംതിരിഞ്ഞുനിന്ന കേന്ദ്ര സർക്കാർ ഉൾപ്പെടെയുള്ളവർക്കെതിരായ മറുപടിയായി കൂടി വിലയിരുത്തപ്പെടുന്നതിനിടെയാണ് ഭാരപരിശോധനയിൽ പരാജയപ്പെട്ട് താരം പുറത്താകുന്നത്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ വിനേഷ് ഫോഗട്ടിന്റെ വിജയം കേന്ദ്ര സർക്കാരിനും അധികാരവ്യവസ്ഥക്കും എതിരായ നേട്ടമായി വാഴ്ത്തി രംഗത്തെത്തിയിരുന്നു.
മുമ്പ് 53 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ചിരുന്ന വിനേഷ് ഫോഗട്ട് മൂന്ന് കിലോയിലധികം ഭാരം കുറച്ചാണ് 50 കിലോഗ്രാമിൽ പോരാടാനെത്തിയത്. അതിനായി കടുത്ത പരിശീലനമുറകളാണ് പിന്തുടർന്നത്. ഒപ്പം പരിക്കിനെയും മാനസിക സമ്മർദത്തെയുമെല്ലാം തോൽപിച്ചാണ് പാരിസിലെ ഗോദയിലിറങ്ങിയത്. പ്രതീക്ഷകൾക്കപ്പുറത്തേക്കുള്ള മുന്നേറ്റം അവസാനം ഒരു ജനതയുടെ മുഴുവൻ കണ്ണീരാവുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.