ബംഗളൂരു: വോളിബാളിലെ ലോക ക്ലബ് മാമാങ്കത്തിന് ബുധനാഴ്ച ബംഗളൂരുവിൽ തുടക്കമാവും. ഡിസംബർ 10 വരെ കോറമംഗല നാഷനൽ ഗെയിംസ് വില്ലേജിലെ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പുരുഷന്മാരുടെ ലോക ക്ലബ് വോളിബാളിൽ വൻകരകളിൽനിന്നുള്ള ചാമ്പ്യൻ ക്ലബുകളുടെ ഫൈനൽ പോരാട്ടങ്ങളാണ് അരങ്ങേറുക.
അന്താരാഷ്ട്ര വോളിബാൾ ഫെഡറേഷൻ സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ് ആദ്യമായാണ് ഇന്ത്യയിൽ വിരുന്നെത്തുന്നത്. കഴിഞ്ഞ സീസണിലെ പ്രൈംവോളി ലീഗ് ചാമ്പ്യന്മാരായ അഹ്മദാബാദ് ഡിഫൻഡേഴ്സ് ആതിഥേയരെന്ന നിലയിൽ കളത്തിലിറങ്ങും.
അഹ്മദാബാദ് ഡിഫൻഡേഴ്സിനു പുറമെ, നിലവിലെ ചാമ്പ്യന്മാരായ സർ സികോമ പെറൂജിയ (ഇറ്റലി), കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ ഹൾക്ക്ബാങ്ക് സ്പോർ ക്ലബ് അങ്കാറ (തുർക്കി), സഡ ക്രുസെരിയോ വോളി (ബ്രസീൽ), ഇതാംബെ മിനാസ് (ബ്രസീൽ), സൺടറി സൺബേഡ്സ് (ജപ്പാൻ) എന്നിവയാണ് മറ്റു ക്ലബുകൾ. മൂന്നു വീതം ടീമുകൾ രണ്ടു പൂളുകളിലായി പരസ്പരം ഏറ്റുമുട്ടും.
വൈകീട്ട് അഞ്ചിനും രാത്രി 8.30നുമാണ് മത്സരങ്ങൾ. ഇരു ഗ്രൂപ്പിലെയും ഒന്നും രണ്ടും സ്ഥാനക്കാർ സെമിഫൈനലിലേക്ക് പ്രവേശിക്കും. ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ പൂൾ മത്സരങ്ങളും ശനിയാഴ്ച സെമിഫൈനൽ മത്സരങ്ങളും നടക്കും. ഞായറാഴ്ചയാണ് ഫൈനൽ.
യൂറോപ്യൻ വോളിബാൾ കോൺഫെഡറേഷന്റെ 2022-23ലെ സി.ഇ.വി ചാമ്പ്യൻസ് ലീഗിലൂടെയാണ് സർ സികോമ പെറൂജിയയും ഹൾക്ക്ബാങ്ക് സ്പോർ ക്ലബും ലോക ക്ലബ് വോളിക്ക് അർഹത നേടുന്നത്. ലാറ്റിനമേരിക്കൻ ക്ലബ് ചാമ്പ്യൻഷിപ്പിൽ ഒന്നും രണ്ടും സ്ഥാനക്കാരായാണ് സഡ ക്രുസെരിയോ വോളിയും ഇതാംബെ മിനാസും എത്തുന്നത്.
നിലവിലെ ഏഷ്യൻ ചാമ്പ്യന്മാരാണ് സൺടറി സൺബേഡ്സ്. ഐ.പി.എൽ, ഐ.എസ്.എൽ മാതൃകയിൽ രാജ്യത്ത് പ്രഫഷനൽ ക്ലബ് വോളി ലീഗിന് തുടക്കമിട്ട പ്രൈം വോളിബാൾ ലീഗിന്റെ സ്ഥാപകരായ ബേസ് ലൈൻ വെഞ്ചേഴ്സാണ് വോളി ക്ലബ് വേൾഡ് ചാമ്പ്യൻഷിപ് ഇന്ത്യയിലെത്തിക്കുന്നത്.
അഞ്ചു ദിനങ്ങളിലായി നടക്കുന്ന ചാമ്പ്യൻഷിപ്പിൽ തീപാറും സ്മാഷുകളും സേവുകളും ബ്ലോക്കുകളുമായി കളംനിറയുന്ന ലോകോത്തര താരങ്ങളുടെ പ്രകടനങ്ങൾ മലയാളികളടക്കമുള്ള വോളി ആരാധകർക്ക് നേരിട്ടുകാണാനാവും. കാലിക്കറ്റ് ഹീറോസും കൊച്ചി ബ്ലൂ സ്പൈക്കേഴ്സുമടക്കമുള്ള ടീമുകൾ അണിനിരക്കുന്ന പ്രൈംവോളി ലീഗിന് ലഭിച്ച സ്വീകാര്യതയാണ് രണ്ടു പതിറ്റാണ്ടിലേറെയായുള്ള വോളി ക്ലബ് വേൾഡ് ചാമ്പ്യൻഷിപ് ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ബേസ് ലൈൻ അധികൃതരെ പ്രേരിപ്പിച്ചത്.
3.5 ലക്ഷം ഡോളറാണ് (2.91 കോടി രൂപ) ജേതാക്കളുടെ സമ്മാനത്തുക. ഇത്തവണ പുരുഷ-വനിത ക്ലബ് വേൾഡ് ചാമ്പ്യൻഷിപ്പുകൾ ഏഷ്യയിലാണ് അരങ്ങേറുന്നതെന്ന പ്രത്യേകതയുമുണ്ട്. ലോക വനിത ക്ലബ് വോളി ചാമ്പ്യൻഷിപ് ഡിസംബർ 13 മുതൽ 17 വരെ ചൈനയിലെ ഹാങ്ചോയിലും നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.