ബംഗളൂരു: ശ്രീകണ്ഠീരവ മൈതാനത്ത് കരുത്തരായ കുവൈത്തും ലെബനാനും മുതൽ ഇത്തിരിക്കുഞ്ഞന്മാരായ പാകിസ്താനും നേപാളും വരെ മുഖാമുഖം വന്നിട്ടും തോൽവി ഒരിക്കൽ പോലും ഈ ടീമിന്റെ ശരീരഭാഷയിലുണ്ടായിരുന്നില്ല. പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട സാഫ് കപ്പ് ഫൈനലിൽ വമ്പന്മാരായ കുവൈത്തും വീഴുമ്പോൾ പിറവി കുറിച്ചത് പുതുചരിത്രം. ഹീറോ ത്രിരാഷ്ട്ര കപ്പ്, ഇന്റർ കോണ്ടിനന്റൽ കപ്പ് എന്നിവ കഴിഞ്ഞ് സാഫ് ചാമ്പ്യൻഷിപ്പിലും മാറോടു ചേർന്ന കിരീടം കാൽപന്തിൽ ചുരുങ്ങിയ കാലത്തിനിടെ ഇന്ത്യ കൈവരിച്ച കുതൂഹലങ്ങളുടെ നേർചിത്രമാണ്.
അതിവേഗവും കളി മികവും കൊണ്ട് കൊതിപ്പിച്ച കുവൈത്തും ടീം മികവുമായി മൈതാനം നിറഞ്ഞ ലബനാനും മുതൽ വിടാത്ത വീര്യവുമായി ഒപ്പംനിന്ന വനുവാടുവരെ എല്ലാവർക്കെതിരെയും നിസ്തുലമായ ചാരുതയോടെ പൊരുതിയായിരുന്നു ടീം ഇന്ത്യ വിപ്ലവം തീർത്തത്. ഒമ്പതു കളികളിൽ വഴങ്ങിയത് രണ്ടു ഗോളുകൾ മാത്രം. അതും ഒന്ന് നിർഭാഗ്യത്തിന്റെ സെൽഫ് ഗോൾ. എന്നുവെച്ചാൽ, എതിരാളികളിൽ ക്ലീൻ ഷീറ്റ് നിലനിർത്താനാകാതെ പോയത് കുവൈത്തിനെതിരെ മാത്രം. അടുത്തടുത്തായി രണ്ടു കിരീട നേട്ടങ്ങളെന്നത് സമീപ കാല ഇന്ത്യൻ ഫുട്ബാൾ നേടുന്ന മായിക നേട്ടമാണ്. ഫിഫ പുരുഷറാങ്കിങ്ങിൽ ആദ്യ100നൂറിൽ ഇന്ത്യയുണ്ടിപ്പോൾ. എങ്കിൽ പിന്നെ, ഫുട്ബാളിന്റെ ലോകമാമാങ്കമായ ലോകകപ്പിലും ചരിത്രത്തിലാദ്യമായി പന്തു തട്ടുന്നത് ഈ സംഘത്തിന് സ്വപ്നം കാണുന്നതിലുമപ്പുറത്താണോ?
22 ലോകകപ്പുകൾ പൂർത്തിയായിട്ടും ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യം ഇതുവരെ അതിൽ പന്തുതട്ടിയിട്ടില്ല. 1950ലെ ലോകകപ്പിൽ അവസരം ലഭിച്ചിട്ടും അവസാന നിമിഷം ടീം കളിക്കേണ്ടെന്നു വെക്കുകയായിരുന്നു. ഇത്തവണ പക്ഷേ, സാധ്യതകൾ കുറെക്കൂടി വലുതാണ്. ഐ.എസ്.എല്ലും ഐ ലീഗുമടക്കം പ്രഫഷനൽ ടൂർണമെന്റുകൾ നൽകുന്ന ഊർജവും അന്താരാഷ്ട്ര ഫുട്ബാളിൽ പതിയെ ഇടം മെച്ചപ്പെടുത്തുന്നതും അവസരമാക്കി അത് സാധ്യമാക്കുകയാണ് ഇഗോർ സ്റ്റിമാക്കിനു മുന്നിലെ ലക്ഷ്യം. ലാലിയൻസുവാല ചാങ്തെ, നവോറം മഹേഷ് സിങ്, സഹൽ അബ്ദുസ്സമദ്, ഉദാന്ത സിങ് എന്നിവരും അതുക്കും മേലെ സുനിൽ ഛേത്രിയും ചേരുമ്പോൾ ഇന്ത്യൻ ഫുട്ബാളിൽ ഇനി സുവർണ കാലം.
കഴിഞ്ഞ ലോകകപ്പ് വരെയും 32 ടീമുകൾ കളിച്ചിരുന്നിടത്ത് 2026ൽ 48 ടീമുകളുണ്ടാകും. ഏഷ്യയിൽനിന്ന് നാലോ അഞ്ചോ ടീമുകൾ എന്നത് എട്ടായും ഉയരും. ഏഷ്യൻ റാങ്കിങ്ങിൽ ആദ്യ 20ൽ വരുന്നതിനാൽ യോഗ്യത പോരാട്ടങ്ങളുടെ ആദ്യ റൗണ്ടിൽ ഭാഗമാകേണ്ടതില്ല. പ്രാഥമിക റൗണ്ട് രണ്ടുമുതലാകും ഇന്ത്യക്ക് പോരാട്ടങ്ങൾ. 36 ടീമുകൾ നാലു ടീമുകൾ വീതമുള്ള ഒമ്പതു ഗ്രൂപ്പുകളിലായാണ് മത്സരം.
ഈ വർഷം നവംബർ മുതൽ 2024 ജൂൺ വരെയാകും ഈ പോരാട്ടങ്ങൾ. സ്വന്തം ഗ്രൂപ്പിൽ ആദ്യ രണ്ടു സ്ഥാനക്കാരിലൊന്നായി ഒന്നാം ഘട്ടം പൂർത്തിയാക്കിയാൽ പ്രതീക്ഷ തുടങ്ങാം. യോഗ്യത പോരാട്ടങ്ങളുടെ പ്രാഥമിക റൗണ്ട് രണ്ടിലാണ് അടുത്ത മത്സരങ്ങൾ. ഇവിടെ പോട്ട് രണ്ടിലാകുകയെന്നതാണ് ഇന്ത്യൻ മോഹം. ഏറ്റവും കരുത്തരുള്ള പോട്ട് ഒന്നിലെ ഒരു ടീം മാത്രം എതിരായി വരുമെന്നതാണ് അപ്പോഴുള്ള ഗുണം. പോട്ട് മൂന്നിലാകുമ്പോൾ മുമ്പിലുള്ള രണ്ട് ടീമുകൾക്കെതിരെ ജയം പിടിക്കേണ്ടിവരും. അതും കഴിഞ്ഞ് ആദ്യ 10 സ്ഥാനക്കാരടക്കം വരുന്ന യോഗ്യത പോരാട്ടങ്ങളും കടന്ന് വേണം ലോകകപ്പ് യോഗ്യതയെന്ന വലിയ കടമ്പ പിന്നിടാൻ.
സാഫ് ചാമ്പ്യൻഷിപ് കടന്ന ഇന്ത്യക്ക് മുന്നിൽ കളി കാര്യമാക്കി വരും മാസങ്ങളിൽ വലിയ പോരിടങ്ങൾ ബാക്കി. സെപ്റ്റംബർ ഏഴു മുതൽ 10 വരെ തായ്ലൻഡിൽ നടക്കുന്ന കിങ്സ് കപ്പിൽ ആതിഥേയർക്കു പുറമെ ഇറാഖ്, ലെബനാൻ എന്നീ കരുത്തരും പന്തു തട്ടും. അതു കഴിഞ്ഞ് ഒക്ടോബർ 14 മുതൽ 17 വരെ നടക്കുന്ന മെർദെക്ക കപ്പുമുണ്ട്. മലേഷ്യ, ഫലസ്തീൻ, ലെബനാൻ ടീമുകളാകും അവിടെ എതിരാളികൾ.
സെഞ്ച്വറിക്കപ്പുറത്തായിരുന്ന ഫിഫ റാങ്കിങ് അടുത്തിടെ പുതുക്കിയപ്പോൾ ഇന്ത്യ നൂറിലെത്തിയത് പ്രതീക്ഷ നൽകുന്നതാണ്. 2018 ഡിസംബറിനു ശേഷം ആദ്യമായാണ് ടീം ആദ്യ നൂറിൽ ഇടംപിടിക്കുന്നത്.
രണ്ടു പതിറ്റാണ്ടായി ഇന്ത്യൻ ഫുട്ബാൾ കടപ്പെട്ടിരിക്കുന്ന ബൂട്ടുകളാണ് ഛേത്രിയുടെത്. ഗോൾവേട്ടയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസ്സി എന്നീ ഇതിഹാസങ്ങൾക്ക് തൊട്ടു താഴെ മൂന്നാമനായുണ്ടെന്നത് ഛേത്രിക്ക് മാത്രം സാധ്യമായ നേട്ടം. 38 കളികളിൽ 93 രാജ്യാന്തര ഗോളുകൾ താരം ഇതുവരെ സ്കോർ ചെയ്തിട്ടുണ്ട്. ക്രിസ്റ്റ്യാനോ 200 കളികളിൽ 123 വട്ടം വല കുലുക്കിയിട്ടുണ്ടെങ്കിൽ മെസ്സി 175ൽ 103 ഗോളുകളും നേടി.
നിലവിൽ മൈതാനത്തില്ലാത്ത ഇറാൻ ഇതിഹാസം 109 ഗോളുകൾ കുറിച്ചത് കൂടി പരിഗണിച്ചാൽ നാലാമതാണ് ഛേത്രി. ഫെറങ്ക് പുഷ്കാസ്, ലെവൻഡോവ്സ്കി തുടങ്ങിയവർ പോലും താരത്തിന് പിന്നിലാണെന്നത് ബഹുമതി ഇരട്ടിയാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.