വിശാഖപട്ടണം: ആദ്യ രണ്ടു മത്സരങ്ങളും തോറ്റ് പരമ്പര നഷ്ടത്തിന്റെ വക്കിൽ നിൽക്കുന്ന ഇന്ത്യക്ക് ചൊവ്വാഴ്ച ദക്ഷിണാഫ്രിക്കക്കെതിരെ ട്വന്റി20 ക്രിക്കറ്റ് പോരാട്ടം. തുടർച്ചയായ 12 ജയങ്ങളുമായി ഇന്ത്യയിലെത്തിയ ടെംബ ബാവുമയുടെ സംഘം അപരാജിത യാത്ര തുടരുകയാണ്.
അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര നേടാൻ അവർക്ക് ഇനി ആവശ്യം ഒരു വിജയം മാത്രം. ആതിഥേയരാവട്ടെ ഡൽഹിയിൽ 211 റൺസ് വരെ സ്കോർ ചെയ്തിട്ടും കീഴടങ്ങിയപ്പോൾ കട്ടക്കിൽ 148ലേക്കു ചുരുങ്ങി. മധ്യനിരയുടെ കരുത്തിൽ സന്ദർശകർ സ്വന്തമാക്കിയത് ആധികാരിക ജയങ്ങൾ.
ഓപണർ ഋതുരാജ് ഗെയ്ക് വാദിന് താളം കണ്ടെത്താനാവാത്തതാണ് ഇന്ത്യയുടെ ആദ്യ തലവേദന. 23, ഒരു റൺ എന്നിങ്ങനെയായിരുന്നു ഋതുരാജിന്റെ സംഭാവനകൾ. ഇഷാൻ കിഷൻ ഫോമിലാണ്. ശ്രേയസ്സ് അയ്യരും മികവ് തുടർന്നപ്പോൾ ക്യാപ്റ്റൻ ഋഷഭ് പന്ത്, ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ തുടങ്ങിയവർ വേഗം മടങ്ങിയത് സ്കോറിങ്ങിനെ ബാധിച്ചു. ബൗളിങ്ങിൽ പേസർ ഭുവനേശ്വർ കുമാറിന്റെ മാന്ത്രിക പ്രകടനം ഇന്ത്യക്ക് നേരിയ പ്രതീക്ഷ നൽകിയിരുന്നു.
രണ്ടു മത്സരങ്ങൾ കളിച്ചിട്ടും ഒരു വിക്കറ്റുപോലും എടുക്കാത്ത ആവേശ് ഖാന് ഇനിയും അവസരം നൽകണോയെന്ന ചിന്ത ആതിഥേയ ക്യാമ്പിലുണ്ട്. സ്പിന്നർമാരും യഥേഷ്ടം റൺ വഴങ്ങുന്ന സാഹചര്യമാണ്. ആദ്യ മത്സരം ബാറ്റർമാരുടെ മികവിൽ ജയിച്ച ദക്ഷിണാഫ്രിക്ക ഇന്ത്യയെ കഴിഞ്ഞ ദിവസം 150ന് താഴേക്കു കൊണ്ടുവന്നു, ബൗളർമാരുടെ പ്രകടനത്തിലൂടെ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.