ലോസ് ആഞ്ചലസ്: അമിത വേഗത്തിൽ യാത്ര ചെയ്യുന്നതിനിടെ റോഡിൽനിന്ന് കാർ തെന്നി 'പറന്നുയർന്നുവീണ്' യു.എസ് ഗോൾഫ് ഇതിഹാസം ടൈഗർ വുഡ്സിന് ഗുരുതര പരിക്ക്. പുലർച്ചെയുണ്ടായ അപകടത്തിൽ ഇരു കാലുകളും പൊട്ടി. അടിയന്തര ശസ്ത്രക്രിയ നടത്തിയ താരം ഭാഗ്യം തുണച്ചതിനാൽ വൻദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു.
കാലിഫോർണിയ ഹൈവേയിൽ അമിത വേഗത്തിൽ സഞ്ചരിക്കുന്ന വാഹനങ്ങൾ നിരന്തരം അപകടത്തിൽപെടുന്ന ഭാഗത്താണ് ടൈഗർ വുഡ്സിെൻറ കാറും അപകടം വരുത്തിയത്. പാർലോസ് വെർഡസ് എന്ന ഭാഗത്ത് മലനിരകളിൽനിന്ന് താഴോട്ടിറങ്ങുന്ന ഭാഗത്ത് അമിത വേഗത്തിൽ ഇറങ്ങിയതാകാം അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. വർഷങ്ങൾക്കിടെ നിരവധി വൻ അപകടങ്ങൾക്ക് പേരുകേട്ട ഇടമാണിത്.
റോഡിൽനിന്ന് ഏറെ ദൂരെ പുൽമേടിലാണ് കാർ പതിച്ചത്. പൂർണമായി തകർന്ന വാഹനത്തിനുള്ളിൽ കുടുങ്ങിയ നിലയിലാണ് വുഡ്സിനെ കണ്ടെത്തിയതെന്ന് ആദ്യമായി സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ കാർലോസ് ഗൊൺസാലസ് പറഞ്ഞു. ശരീരം ഗുരുതര പരിക്കിെൻറ പിടിയിലായിട്ടും ബോധാവസ്ഥയിലായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
വിവരമറിഞ്ഞെത്തിയ അഗ്നി രക്ഷാ സേനയും പാരാമെഡിക്കൽ ജീവനക്കാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് വുഡ്സിനെ പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റിയത്.
ലഹരിയുടെ സ്വാധീനത്തിലാണ് അപകടമെന്നതിന് സൂചനകളില്ലെന്ന് പൊലീസ് അറിയിച്ചു.
ഗോൾഫ് ചരിത്രം തിരുത്തിയ മഹാനായ താരമായ വുഡ്സ് 15 മുൻനിര ചാമ്പ്യൻഷിപ്പുകളിലെ ജേതാവാണ്. അടുത്തിടെ അഞ്ചാം തവണയും പുറംഭാഗത്ത് ശസ്ത്രക്രിയക്ക് വിധേയനായ ശേഷം ഇനി മുൻനിര ചാമ്പ്യൻഷിപ്പുകളിൽ കളിക്കാനാവുമോ എന്ന് വുഡ്സ് സംശയം പ്രകടിപ്പിച്ചിരുന്നു. 2019ലാണ് അവസാനമായി ഒരു ചാമ്പ്യൻഷിപ്പ് സ്വന്തം പേരിൽ കുറിക്കുന്നത്.
അടുത്തിടെയായി നിരന്തരം വിവാദങ്ങൾ വേട്ടയാടുന്ന വുഡ്സ് 2009ൽ കുടുംബ വഴക്കിനിരയായതും നിരവധി പേർ അവിഹിത ബന്ധമാരോപിച്ച് രംഗത്തെത്തിയതും വാർത്തയായിരുന്നു. 2014ലും 2017ലുമായി നാലു തവണ പുറംഭാഗത്ത് ശസ്ത്രക്രിയക്ക് വിധേയനായിട്ടുണ്ട്. 2017ൽ നടുറോഡിൽ സ്വന്തം കാറിെൻറ വീലിനരികെ ഉറങ്ങിയതിന് പൊലീസ് അറസറ്റ് ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.