വിനേഷ് ഫോഗട്ടിന് അയോഗ്യത; ഭാരപരിശോധനയിൽ പരാജയപ്പെട്ടു, മെഡൽ നഷ്ടമാകും

പാരിസ്: വനിത ഗുസ്തിയിൽ വിസ്മയിപ്പിക്കുന്ന പ്രകടനവുമായി ഫൈനലിലേക്ക് മുന്നേറി രാജ്യത്തിന്റെ സുവർണ പ്രതീക്ഷയായി മാറിയ വിനേഷ് ഫോഗട്ടിന് അയോഗ്യത. 50 കിലോഗ്രാം ഫ്രീ സ്റ്റൈൽ ഇനത്തിൽ മത്സരിച്ച വിനേഷ് ഭാര പരിശോധനയിൽ പരാജയപ്പെട്ടതാണ് തിരിച്ചടിയായത്. ഇന്ന് രാവിലെ നടന്ന ഭാര പരിശോധനയിൽ 100 ഗ്രാം തൂക്കം അധികമാണെന്ന് കണ്ടെത്തുകയായിരുന്നു. ഇന്ന് കലാശപ്പോരിൽ അമേരിക്കയുടെ സാറാ ഹില്‍ഡ്ബ്രാണ്ടുമായി ഏറ്റുമുട്ടാനിരിക്കെയാണ് അപ്രതീക്ഷിത തിരിച്ചടി. ഒളിമ്പിക്സ് ഗുസ്തിയിലെ നിയമപ്രകാരം ഫോഗട്ടിന് വെള്ളിമെഡലിന് പോലും അർഹതയുണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ 50 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ സ്വർണ, വെങ്കല മെഡൽ ജേതാക്കൾ മാത്രമേ ഉണ്ടാകൂ. നടപടിയോട് ഇന്ത്യൻ സംഘം കടുത്ത എതിർപ്പ് അറിയിച്ചിട്ടുണ്ട്. 

നിലവിലെ ഒളിമ്പിക്സ് ചാമ്പ്യനെയടക്കം വീഴ്ത്തിയാണ് അഭിമാന നേട്ടത്തിലേക്ക് വിനേഷ് മുന്നേറിയത്. ഫൈനലിലെത്തിയതോടെ താരത്തിലൂടെ സ്വർണമോ വെള്ളിയോ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു രാജ്യം മുഴുവൻ. എന്നാൽ, ഏവരുടെയും പ്രതീക്ഷകൾ തകിടം മറിക്കുന്നതാണ് പരിശോധന ഫലം. നേരത്തെ 53 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ചിരുന്ന വിനേഷ് ഫോഗട്ട് ഭാരം മൂന്ന് കിലോ കുറച്ചാണ് ഒളിമ്പിക്സിനെത്തിയിരുന്നത്.

പ്രീ-ക്വാർട്ടറിൽ ലോക ഒന്നാം റാങ്കുകാരിയും നിലവിലെ ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവും നാലുതവണ ലോക ചാമ്പ്യനുമായ ജപ്പാന്റെ യുയി സുസാകിയെ വീഴ്ത്തിയ വിനേഷ് ക്വാർട്ടറിൽ യുക്രെയ്നിന്റെ ഒക്സാന ലിവാഷിനെയും മറികടന്നാണ് സെമിയിലേക്ക് കടന്നിരുന്നത്. സെമിയിൽ ക്യൂബൻ താരം യുസ്നീലിസ് ലോപസിനെ 5-0ത്തിന് വീഴ്ത്തിയായിരുന്നു വിനേഷിന്റെ ചരിത്രക്കുതിപ്പ്. ഇതോടെ ഗുസ്തിയിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടവും വിനേഷിനെ തേടിയെത്തിയിരുന്നു.

Tags:    
News Summary - Vinesh Phogat disqualified; Failed weight test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.