മുംബൈ: വനിത ക്രിക്കറ്റിൽ പുതുയുഗപ്പിറവി വിളംബരം ചെയ്ത് പ്രഥമ വനിത പ്രീമിയർ ലീഗിന് (ഡബ്ല്യു.പി.എൽ) ശനിയാഴ്ച തുടക്കമാവും. അഞ്ചു ടീമുകൾ 21 മത്സരങ്ങളിലായി അങ്കംവെട്ടുന്ന ലീഗിൽ ആദ്യ കളിയിൽ രാത്രി 7.30ന് മുംബൈ ഇന്ത്യൻസും ഗുജറാത്ത് ജയന്റ്സും ഏറ്റുമുട്ടും. ഡൽഹി കാപിറ്റൽസ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, യു.പി വാരിയേഴ്സ് എന്നിവയാണ് മറ്റു ടീമുകൾ. മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയം, ബ്രോബോൺ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഏറെ വിജയകരമായി നടക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ.പി.എൽ) പാതയിൽ വൻ പണക്കൊഴുപ്പുമായാണ് ഡബ്ല്യു.പി.എല്ലും വരുന്നത്. 4,669 കോടി രൂപക്കാണ് അഞ്ചു ടീമുകളുടെയും അവകാശം വിറ്റുപോയത്.
1,289 കോടി രൂപ വില വന്ന ഗുജറാത്ത് ജയന്റ്സായിരുന്നു ഇതിലെ ജയന്റ്സ്. താരലേലത്തിൽ എല്ലാ ടീമുകളും ചേർന്ന് 59.50 കോടി ചെലവഴിച്ചു. 3.4 കോടി രൂപക്ക് റോയൽ ചലഞ്ചേഴ്സ് സ്വന്തമാക്കിയ സ്മൃതി മന്ദാനയായിരുന്നു വിലയേറിയ താരം. ഇന്ത്യൻ നായിക ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിലാണ് മുംബൈ ഇന്ത്യൻസ് ഇറങ്ങുന്നത്. ഇംഗ്ലണ്ടിന്റെ നതാലി സ്കൈവർ ബ്രന്റ്, ന്യൂസിലൻഡിന്റെ അമേലി കെർ, ദക്ഷിണാഫ്രിക്കയുടെ ക്ലോയി ട്രയൺ, വെസ്റ്റിൻഡീസിന്റെ ഹെയ്ലി മാത്യൂസ്, ആസ്ട്രേലിയയുടെ ഹീതർ ഗ്രഹാം തുടങ്ങിയവരാണ് മുംബൈയുടെ പ്രധാന താരങ്ങൾ. ഓസീസ് താരം ബെത്ത് മൂണിയുടെ നായകത്വത്തിൽ ഇറങ്ങുന്ന ഗുജറാത്ത് ജയന്റ്സിൽ ആസ്ട്രേലിയയുടെ തന്നെ ആഷ്ലി ഗാർഡ്നർ, ജോർജിയ വെയർഹാം, വിൻഡീസിന്റെ ദിയേന്ദ്ര ഡോട്ടിൻ, ഇംഗ്ലണ്ടിന്റെ സോഫിയ ഷങ്ക്ലി തുടങ്ങിയവരുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.