അഡലെയ്ഡ്/മെൽബൺ: ആദ്യമായി വനിത ലോകകപ്പിനെത്തി പ്രീക്വാർട്ടറിൽ കടന്ന മൊറോക്കോയുടെ പോരാട്ടവീര്യം ഫ്രഞ്ച് കരുത്തിന് മുന്നിൽ മങ്ങി. എതിരില്ലാത്ത നാലു ഗോളിന് ജയിച്ച് ഫ്രാൻസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ജമൈക്കയെ ഒറ്റ ഗോളിന് തോൽപിച്ച് കൊളംബിയയും അവസാന എട്ടിൽ ഇടംപിടിച്ചു. ആഗസ്റ്റ് 12ന് നടക്കുന്ന ക്വാർട്ടറിൽ ഫ്രാൻസ് ആതിഥേയരായ ആസ്ട്രേലിയയെയും കൊളംബിയ ഇംഗ്ലണ്ടിനെയും നേരിടും.
യുജീൻ ലെ സോമറിന്റെ ഇരട്ട ഗോളാണ് മൊറോക്കോയുടെ തോൽവി ദയനീയമാക്കിയത്. 15ാം മിനിറ്റിൽത്തന്നെ കാഡിഡിയാറ്റു ദിയാനി ഫ്രാൻസിന്റെ നിലപാടറിയിച്ചു. കൃത്യം അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ കെൻസ ഡാലി ലീഡ് ഇരട്ടിയാക്കി. 23ാം മിനിറ്റിൽ സോമറും പന്ത് വലയിലാക്കിയതോടെ മൊറോക്കോ പരാജയം ഉറപ്പിച്ച സ്ഥിതിയായി. പിന്നെ ഗോൾ വഴങ്ങാതെ ഇവർ മുക്കാൽ മണിക്കൂർ നേരം പിടിച്ചുനിന്നത് മിച്ചം. 70ാം മിനിറ്റിലാണ് ഫ്രാൻസിന്റെ നാലാമത്തെയും സോമറിന്റെ രണ്ടാമത്തെയും ഗോൾ പിറക്കുന്നത്. ജമൈക്കക്കെതിരെ കൊളംബിയയുടെ ഏക ഗോൾ 51ാം മിനിറ്റിൽ കാറ്റലിന്‍ ഉസ്മെ സ്കോർ ചെയ്തു. കഴിഞ്ഞ ഖത്തർ ലോകകപ്പിൽ മൊറോക്കോ പുരുഷ ടീം അതിശയിപ്പിക്കുന്ന കുതിപ്പിൽ സെമി ഫൈനലിലെത്തിയിരുന്നു. സെമിയിൽ ഫ്രാൻസിനോട് തോൽക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.