ലോകമേ...ഞങ്ങൾ തിരിച്ചുവരും

ദുരിതങ്ങൾക്കിടയിൽ ഈ ലോകകപ്പിനെത്താൻ  യുക്രെയ്ന് കഴിഞ്ഞിട്ടില്ല. പക്ഷേ, ഒരു കാര്യം ഉറപ്പുതരുന്നു. ഈ കളിക്കാർ ഞങ്ങളുടെ ഹീ​റോകളാണ്. ഞങ്ങൾ അത്യുജ്ജ്വലമായി തിരിച്ചുവരും'


'1986 ഏപ്രിൽ 26ന് ചെർണോബിൽ ന്യൂക്ലിയർ പവർ പ്ലാന്റിലെ റിയാക്ടർ 4 പൊട്ടിത്തെറിച്ചതോടെ ഏറെ ഭീതിയിലായിരുന്നു. യു.എസ്.എസ്.ആറിന്റെ ഒരു ബസ് വന്ന് ഞങ്ങളെയെല്ലാവരെയും കൊണ്ടുപോയി. ആറിനും 15നും ഇടക്കുള്ള കുട്ടികളായിരുന്നു അതിൽ മുഴുവൻ. ഡൈനാമോ കിയവിന്റെ അക്കാദമിയിലായിരുന്ന എനിക്കന്ന് പത്തുവയസ്സു മാത്രം. വീട്ടിൽനിന്ന് 1,500 കിലോമീറ്ററോളം ദൂരത്താണുള്ളത്. ഒരു സിനിമക്കഥ പോലെയാണ് അന്നതെനിക്ക് തോന്നിയത്.' -'എന്റെ ജീവിതം' എന്ന ആത്മകഥയിൽ ആന്ദ്രി ഷെവ്ചെങ്കോ എഴുതുന്നു.

'അന്ന് യുക്രെയ്ൻ സോവിയറ്റ് യൂനിയന്റെ ഭാഗമാണ്. എന്നാൽ, പതിയെ അതു തകർന്നുതുടങ്ങി. യു.എസ്.എസ്.ആർ എന്ന സങ്കൽപത്തിലുണ്ടായ വിള്ളൽ വലുതായിത്തുടങ്ങി. ഞങ്ങളറിയുന്ന ലോകം തകർന്നുകൊണ്ടിരിക്കുകയാണ്. എല്ലാ ആളുകളെയുംപോലെ എന്റെ കൂട്ടുകാർക്കും ഒന്നിലും വിശ്വാസമുണ്ടായിരുന്നില്ല. അവർ അവരുടേതായ ലോകത്തുതന്നെ ജീവിച്ചു. കുഞ്ഞുന്നാളിൽ എന്റെ ഒപ്പം കളിച്ചുവളർന്ന കൂട്ടുകാരാരും ഇന്ന് ജീവിച്ചിരിപ്പില്ലെന്നതാണ് അതിന്റെ പരിണതി. ചെർണോബിൽ ദുരന്തത്തെ തുടർന്നുള്ള റേഡിയേഷനല്ല അവരുടെ ജീവനെടുത്തത്. മദ്യവും മയക്കുമരുന്നും അക്രമങ്ങളുമായിരുന്നു അവരെ ഇല്ലാതാക്കിയത്. പത്തു വയസ്സുള്ളപ്പോൾ മുതൽ തെരുവിൽ പന്തിനൊപ്പം കളിച്ചുനടക്കുമായിരുന്ന എന്നെ രക്ഷിച്ചത് ഫുട്ബാളും മാതാപിതാക്കളുമാണ്. ഡൈനാമോ കിയവിലേക്ക് മാറിയതാണ് രക്ഷയായത്. അല്ലെങ്കിൽ ഇപ്പോൾ ഞാനും ഈ ഭൂമിയിൽ ഉണ്ടാകുമായിരുന്നില്ല' -ആന്ദ്രി തുറന്നുപറയുന്നു.

●●●

കളിക്കളത്തിലെ വിഖ്യാതമായ കരുനീക്കങ്ങളെക്കാൾ സംഭവബഹുലമാണ് കളത്തിനുപുറത്തെ ആന്ദ്രിയുടെ ജീവിതവഴികൾ. ഫുട്ബാളിന്റെ വഴികളിലെ ദുരൂഹതകളും അനിശ്ചിതത്വവും അതിനേക്കാൾ പടർന്നുകിടന്ന പാതകളായിരുന്നു കുഞ്ഞുന്നാൾ മുതൽ ഷെവ്ചെങ്കോയെ കാത്തിരുന്നത്. ദ്വിർകിഷിനയെന്ന ഗ്രാമത്തിൽനിന്ന് ലോകത്തിനു മുമ്പാകെ എണ്ണം പറഞ്ഞ മുന്നൂറോളം ഗോളുകളുടെ മായാമുദ്രകൾ പതിപ്പിച്ച കളിക്കാരനുമുന്നിൽ വിധിയുടെ ഓഫ്സൈഡ് ഫ്ലാഗുകൾ പലപ്പോഴും ഉയർന്നു.

ലോകത്തെ മികച്ച കളിക്കാരനുള്ള ബാലൺ ഡിഓർ പുരസ്കാരം നേടിയ, യൂറോപ്പിലെ മികച്ച കളിക്കാരനുള്ള പുരസ്കാരം ആറു തവണ സ്വന്തമാക്കിയ വിഖ്യാത പ്രതിഭ ഫുട്ബാളിന്റെ കളത്തിൽ അതുല്യനായി വാണ നാളുകളുണ്ടായിരുന്നു. സെന്റർ ഫോർവേഡ് എന്ന നിലയിൽ അസാമാന്യനായിരുന്നു ആന്ദ്രി. പലപ്പോഴും ഫ്രീ റോളിൽ അയാൾ എതിർ ഗോൾമുഖങ്ങളിൽ മേഞ്ഞുനടന്നു. ഔട്ട് ആൻഡ് ഔട്ട് സ്ട്രൈക്കറായിരിക്കുമ്പോഴും ഫ്രണ്ട്ലൈനിൽ എവിടെ നിന്നും ആക്രമണം നയിക്കാൻ മിടുക്കുള്ള പോരാളിയായിരുന്നു. ഇടതുവിങ്ങിലൂടെയും വലതുവിങ്ങിലൂടെയും കത്തിപ്പടരാൻ കെൽപ്പുള്ളവൻ. പെനാൽറ്റി എടുക്കുന്നതിൽ ഉൾപ്പെടെ സെറ്റ്പീസുകളിലും അയാൾ കേമനായിരുന്നു. പൊസിഷനൽ സെൻസും വേഗവും അസൂയാവഹമായിരുന്നു. അതിനുപുറമെ കരുത്തുള്ള ഫിസിക്കൽ സ്ട്രൈക്കർ എന്ന നിലയിലും ആന്ദ്രി സ്വയം അടയാളപ്പെടുത്തി. പെനാൽറ്റി ഏരിയക്കകത്തുനിന്നും പുറത്തുനിന്നും ഇടതു, വലതു കാലുകൾ കൊണ്ട് അയാൾ ഒരേസമയം അതിമാരകമായ തീയുണ്ടകളുതിർത്തു.

ഡൈനാമോ കിയവിനും എ.സി മിലാനും ചെൽസിക്കുമായി ജീവിതത്തിൽ അഞ്ഞൂറോളം മത്സരങ്ങളിൽ കളിക്കാനിറങ്ങിയ ഈ മുന്നേറ്റനിരക്കാരൻ അതിനുപുറമെ 111 മത്സരങ്ങളിൽകൂടി ബൂട്ടണിഞ്ഞിറങ്ങി. അതു തന്റെ സ്വന്തം നാടായ യുക്രെയ്നുവേണ്ടിയായിരുന്നു. യുക്രെയ്ൻ ലോക ഫുട്ബാളിനു സമ്മാനിച്ച എക്കാലത്തെയും മികച്ച താരം പക്ഷേ, ഈ ലോകകപ്പ് സമയത്ത് അശാന്തിയുടെയും ആശങ്കകളുടെയും കളത്തിലാണ്. കാരണം, ആവേശ നിമിഷങ്ങളുടെ ആരവങ്ങൾ നിറയേണ്ട മണ്ണിലിപ്പോൾ ആയുധങ്ങൾ തീർക്കുന്ന താണ്ഡവമാണ്. പണ്ട് ഒന്നായിക്കഴിഞ്ഞ ഭൂമിയിൽനിന്ന് വേറിട്ടുപോയവർ ആക്രമണശരങ്ങളെയ്യുമ്പോൾ ഈ ലോകകപ്പ് കാലത്ത് ആന്ദ്രി എന്തെടുക്കുകയാവും?



ആന്ദ്രി ഷെവ്ചെ​ങ്കോ

 ●●●

പാരിസിലെ പ്രശസ്തമായ ഷാറ്റെലെ തിയറ്റർ. കഴിഞ്ഞ ഒക്ടോബർ17ന് രാത്രി അവിടെ നടന്ന വർണാഭമായ ചടങ്ങ്. ലോകഫുട്ബാളിലെ മിന്നും താരത്തിനുള്ള ബാലൺ ഡി ഓർ പുരസ്കാരം വിതരണം ചെയ്യുന്നു. മികച്ച വനിത താരത്തിനുള്ള പുരസ്കാരം അലക്സിയ പുടേലാസിന് സമ്മാനിക്കുംമുമ്പ് വേദിയിൽ ആന്ദ്രി ഷെവ്ചെങ്കോ പ്രസംഗപീഠമേറി. 'എന്റെ രാജ്യത്തെക്കുറിച്ചോർത്ത് ഏറെ അഭിമാനമുണ്ട്. യുദ്ധം തുടങ്ങിയതുമുതൽ ഏറെ ക്ലേശകരമായ അവസ്ഥകളിലൂടെയാണ് യുക്രെയ്ൻ ജനത കടന്നുപോകുന്നത്. സ്വാതന്ത്ര്യത്തിനുവേണ്ടി എന്റെ രാജ്യം ഏതുവിധം പോരാടുന്നുവെന്നത് മഹത്തരമായ കാര്യമാണ്. യുദ്ധം ഇപ്പോഴും തുടരുന്നുവെന്ന് ഓർമിച്ചുകൊണ്ടിരിക്കേണ്ടതും പ്രധാനമാണ്. അതിനേക്കാളൊക്കെ പ്രധാനം, യുക്രെയ്നു പിന്നിൽ അണിനിരക്കുകയും അവരെ സഹായിക്കുകയും ചെയ്യുക എന്നതാണ്' -തിയറ്ററിലെ നിലക്കാത്ത കരഘോഷങ്ങൾക്കിടയിൽ ആന്ദ്രി ഉറച്ച ശബ്ദത്തോടെ പറഞ്ഞു.

യുക്രെയ്നിൽ യുദ്ധം

അന്ന് പുലർച്ച 3.30. യു.കെയിലെ വീട്ടിൽ ഞാൻ നല്ല ഉറക്കത്തിലാണ്. ഫോൺ റിങ് ചെയ്തുകൊണ്ടേയിരിക്കുന്നു. അമ്മയാണ്. അത്തരമൊരു സമയത്ത് അവർ വിളിക്കണമെങ്കിൽ അതൊരിക്കലും നല്ല വാർത്തയായിരിക്കില്ലെന്ന് മനസ്സ് പറഞ്ഞുകൊണ്ടിരുന്നു. 2022 ഫെബ്രുവരി 24 ആയിരുന്നു ആ തീയതിയെന്നത് ജീവിതത്തിലൊരിക്കലും ഞാൻ മറക്കില്ല. ആധിയോടെ ഫോൺ എടുത്തതും മറുതലക്കൽ അവർ കരച്ചിലിലാണ്. സ്ഫോടനത്തിൽ വീട് കുലുങ്ങിക്കൊണ്ടിരിക്കുകയാണെന്ന് ആ കരച്ചിലിനിടയിലും അവർ പറഞ്ഞത് കേട്ടു. ഞാൻ ടെലിവിഷൻ ഓൺ ചെയ്തു. അതിൽ കാര്യങ്ങൾ തെളിഞ്ഞുവന്നു. യുക്രെയ്നിൽ യുദ്ധം. ഞാൻ തരിച്ചുനിന്നുപോയി. എന്താണ് ചെയ്യേണ്ടതെന്നറിയാതെ വാക്കുകൾ തൊണ്ടയിൽ കുരുങ്ങി. തീർത്തും നിസ്സഹായനായതുപോലെയാണ് അനുഭവപ്പെട്ടത്. ഒപ്പം, ഞാൻ തെറ്റുകാരനായും തോന്നി.

അമ്മയോടൊപ്പം അവിടെ ഇല്ലാത്തതിൽ എനിക്ക് എന്നോടുതന്നെ ദേഷ്യം തോന്നി. രണ്ടു ദിവസം മുമ്പായിരുന്നു അവരുടെ പിറന്നാൾ. സഹോദരിയോടും കുറച്ചു കൂട്ടുകാരോടുമൊപ്പം ഫാമിലി ഡിന്നറിന് പോയിരുന്നു. ഫെബ്രുവരി 19 മുതൽ 29 വരെ ഞാനവിടെ ഉണ്ടാകേണ്ടതായിരുന്നു. യു.കെയിലെ ചില തിരക്കുകൾ കാരണം 26ലേക്കാണ് ഞാൻ ടിക്കറ്റെടുത്തത്. അമ്മ വിളിച്ച് അൽപസമയങ്ങൾക്കകം സുഹൃത്തുക്കൾ വിഡിയോകൾ അയച്ചുതരാൻ തുടങ്ങി. സമൂഹ മാധ്യമങ്ങളിലും അവ പ്രത്യക്ഷപ്പെട്ടു. ഞങ്ങളുടെ മണ്ണിന് മുകളിലൂടെ റഷ്യൻ ഹെലികോപ്ടറുകൾ പറക്കാൻ തുടങ്ങി. റോഡുകളിലും പാലങ്ങളിലും എയർപോർട്ടുകളിലും മിസൈലുകൾ വർഷിക്കുന്നു. ആയിരക്കണക്കിനാളുകൾ ഒരു ദിവസം കൊണ്ടുതന്നെ വഴിയാധാരമായി.

കടുത്ത ഷോക്കിലമർന്നു ഞാൻ. ഒന്നും എനിക്ക് മനസ്സിലാകുന്നില്ല. നാലുകുട്ടികളാണെനിക്കുള്ളത്. അവർക്ക് ഇതൊക്കെ എങ്ങനെയാവും? ഇളയ മകന് എട്ടുവയസ്സു മാത്രം. ഞാൻ അവനോട് ഇതൊക്കെ എങ്ങനെ വിശദീകരിക്കും? അന്ന് എത്രസമയം എന്റെ മൊബൈൽ ഫോൺ ചാർജ് ചെയ്തെന്ന് അറിയില്ല. ദിവസം മുഴുവൻ ഞാൻ ആളുകളെ വിളിച്ചുകൊണ്ടിരുന്നു. സുഹൃത്തുക്കൾ, കുടുംബം, മുൻ സഹപ്രവർത്തകർ, ടീംമേറ്റ്സ്...അവർ സുരക്ഷിതരാണോ? അവരുടെ കുടുംബങ്ങൾ എങ്ങനെയിരിക്കുന്നു? ഇനിയെന്താണ് സംഭവിക്കുക? എങ്ങനെ എനിക്കവരെ സഹായിക്കാനാകും? ഭാര്യയോട് ഞാൻ അതുതന്നെ പറഞ്ഞുകൊണ്ടിരുന്നു-' എന്താണ് ചെയ്യേണ്ടതെന്ന് എനിക്കറിയുന്നില്ല'.

കുടുംബത്തെ എങ്ങനെയെങ്കിലും രാജ്യത്തിന് പുറത്തെത്തിക്കുകയെന്നതായിരുന്നു എന്റെ ഉദ്ദേശ്യം. എന്നാൽ, അമ്മയും സഹോദരിയും ഒരേ മറുപടിയാണ് നൽകിയത്. അമ്മ പറഞ്ഞത് ഇപ്പോഴും വ്യക്തമായി എന്റെ ഓർമയിലുണ്ട്. 'ഇപ്പോൾ ഞാനെങ്ങോട്ടും പോകുന്നില്ല. ഇതെന്റെ വീടാണ്'. അപ്പോൾ ഞാൻ അമ്മയോട് പറഞ്ഞു -'എങ്കിൽ ഞാൻ അങ്ങോട്ട് വരുകയാണ്. 'നീ ഇങ്ങോട്ട് വന്നിട്ട് എന്തുകാട്ടാനാണ്? നീ പട്ടാളക്കാരനാണോ? എവിടെയാണോ ഉള്ളത്, അവിടെ നിന്നാൽ മതി. മാധ്യമങ്ങളോട് സത്യം വിവരിക്കൂ. തോക്കും ബോംബും കൊണ്ട് മാത്രമല്ല യുദ്ധം. വിവരങ്ങളും അതിൽ പ്രധാനമാണ്. നിന്റെ പ്രൊഫൈൽ, ബന്ധങ്ങൾ എന്നിവയെല്ലാം ഉപയോഗിക്കുക. എന്നിട്ട് ഫണ്ട് സ്വരൂപിക്കൂ. ആവശ്യമുള്ള സാധനങ്ങളും പിന്തുണയുമെത്തിക്കൂ. ഇവിടെയായിരിക്കുന്നതിനേക്കാൾ സഹായം നിനക്ക് അവിടെനിന്ന് ചെയ്യാൻ കഴിയും'-അമ്മയുടെ മറുപടി ഇതായിരുന്നു. അവർ പറഞ്ഞതുപോലെ ഞാൻ ചെയ്തു. പിന്നീടുള്ള ദിവസങ്ങളിൽ യുക്രെയ്നിലേക്ക് സഹായമെത്തിക്കാനുള്ള ശ്രമങ്ങളായിരുന്നു ഞാൻ നടത്തിയത്. ലോകം ഞങ്ങൾക്കൊപ്പം നിൽക്കുന്നത് കണ്ട് ഏറെ സന്തോഷം തോന്നി. ഭൂമിയുടെ വിഭിന്ന കോണുകളിൽനിന്ന് ആളുകൾ വിളിച്ച് സഹായ സന്നദ്ധതകൾ അറിയിച്ചുകൊണ്ടിരുന്നു. എല്ലാവരും എന്താണ് ചെയ്തുതരേണ്ടതെന്നാണ് ചോദിച്ചത്. ആരും 'നോ' പറഞ്ഞില്ല.

ഒരുപാട് കഥകൾ... വീരനായകർ...

'ഇതുപോലുള്ള സന്ദർഭങ്ങളിൽ നിങ്ങളുടെ കാഴ്ചപ്പാടുകളും മുൻഗണനകളും എന്തിന്, നിങ്ങളുടെ ചുറ്റിലുമുള്ള സകലതും മാറുകയാണ്. വിജയം എന്നാലെന്താണ്? ഒരു ഫുട്ബാൾ മത്സരം ജയിക്കുന്നതാണോ? ചാമ്പ്യൻസ് ലീഗ് വിജയമാണോ? കളിച്ചുകളിച്ച് കോടികൾ സമ്പാദിക്കുന്നതാണോ? വമ്പനൊരു വ്യവസായം കെട്ടിപ്പടുക്കുന്നതാണോ? അതൊന്നും ശാശ്വതമല്ല.

പിറന്ന മണ്ണുവിട്ടുപോകാതെ ഒരുപാടാളുകൾ ധീരതയോടെ നിലയുറപ്പിച്ചു. അന്യരാജ്യങ്ങളിൽനിന്ന് ആളുകൾ പലരും ആ സമയത്ത് നാട്ടിൽ തിരിച്ചെത്തി. അധിനിവേശക്കാരിൽനിന്ന് നാടിനെ രക്ഷിക്കലായിരുന്നു പ്രധാനം. 20 വയസ്സുള്ള കുട്ടികൾ അധിനിവേശക്കാരിൽനിന്ന് ഗ്രാമത്തെ രക്ഷിക്കാൻ റോഡിൽ കാവൽനിന്ന കഥ ഞാൻ കേട്ടിട്ടുണ്ട്. തകർന്നുവീഴുന്ന കെട്ടിടത്തിൽനിന്ന് മനുഷ്യരെ രക്ഷിക്കാൻ ജീവൻ പണയം വെച്ച് ഓടിച്ചെന്നവരെയുമറിയാം. ബോംബുകൾ പെയ്യുന്ന ഇർപിൻ നഗരത്തിലെ ആശുപത്രിയിൽ സേവന സന്നദ്ധരായി പുറപ്പെടുമ്പോൾ ഡോക്ടർ ദമ്പതികളായ രണ്ടുപേർ കൂട്ടുകാർക്കയച്ച സന്ദേശം ഇങ്ങനെയായിരുന്നു- ' ഞങ്ങൾക്കെന്തെങ്കിലും സംഭവിച്ചാൽ, ഞങ്ങളുടെ മക്കളെ നോക്കേണ്ട നിയമപരമായ അവകാശം നിങ്ങൾക്കായിരിക്കും'. ഇതുപോലുള്ള ഒരുപാട് കഥകൾ...ഒരുപാട് വീരനായകർ...

കിയവിലും ബോറോഡ്യാൻകയിലും ബുക്കയിലും ഹോസ്തോമലിലും ഞാൻ പോയിരുന്നു. ഇർപിനിലും ഞാനെത്തി. പുതുകെട്ടിടങ്ങൾനിറഞ്ഞ എന്തു മനോഹര നഗരമായിരുന്നു ഇർപിൻ. എന്നാൽ, ഇപ്പോൾ അവിടെ ഒന്നുമില്ല. കളിയുടെ ആരവങ്ങൾ ഉയർന്നുകേട്ട മൈതാനങ്ങൾ പ്രേതപ്പറമ്പുകൾ പോലെയായിരിക്കുന്നു. വീരചരിതങ്ങളെഴുതപ്പെട്ട പുൽത്തകിടികൾ കീറിപ്പറിഞ്ഞ കടലാസുകഷണം പോലെ തോന്നി പലയിടത്തും. ദിനിപ്രോയിലെ ഒരു ആശുപത്രിയിൽ കുട്ടികളുടെ വാർഡിൽ ഞാൻ പോയിരുന്നു. ആറോ ഏഴോ വയസ്സുള്ള കുട്ടികൾ മാരകപരിക്കേറ്റു കിടക്കുന്ന കാഴ്ച കണ്ടുനിൽക്കാനാവില്ല. ബോംബുകൾ അവരുടെ വീടും കൈയും കാലുമൊക്കെ കവർന്നതും കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടതുമായ വാർത്തകൾ കേട്ടുനിൽക്കാനാവാതെ ഞാൻ വേഗം മടങ്ങുകയായിരുന്നു.

●●●

ഇപ്പോഴും ഞാൻ ശുഭാപ്തി വിശ്വാസിയാണ്. ഇരുട്ടിനിടയിലും ഒരു വെളിച്ചം ഞാൻ കാണുന്നുണ്ട്. എന്റെ രാജ്യത്തിനൊരു ഭാവിയും. ഈ യുദ്ധം പലതും മാറ്റിമറിച്ചിട്ടുണ്ട്. എന്നാൽ, ഞങ്ങൾ എന്തിനെയാണോ വിലമതിക്കുന്നത്, അതിനെ മാറ്റിമറിക്കാൻ അതിന് കഴിഞ്ഞിട്ടില്ല. കാരണം ഇത് ഞങ്ങളുടെ ഭൂമിയാണ്.

ഞങ്ങളുടെ സ്വാതന്ത്ര്യമാണ്. ഞങ്ങളുടെ ഭാവിയാണ്. ദുരിതങ്ങൾക്കിടയിൽ ഖത്തറിലെ ലോകകപ്പിനെത്താൻ ഞങ്ങൾക്ക് കഴിഞ്ഞിട്ടില്ല. പക്ഷേ, ഒരു കാര്യം ഉറപ്പുതരുന്നു. ഈ കളിക്കാർ ഇന്നും ഞങ്ങളുടെ ഹീറോകളാണ്. ഞങ്ങൾ അത്യുജ്ജ്വലമായി തിരിച്ചുവരും. പുതിയ സ്വപ്നങ്ങൾ പിറവി കൊള്ളുകതന്നെ ചെയ്യും.

l

Tags:    
News Summary - World...we'll be back

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.