‘നീ തോറ്റിട്ടില്ല, തോൽപിക്കപ്പെട്ടതാണ്; ഞങ്ങൾക്ക് നീയെന്നും വിജയിയാണ്’; വിനേഷ് ഫോഗട്ടിന് ഹൃദയസ്പർശിയായ കുറിപ്പുമായി ബജ്റംഗ് പുനിയ

ന്യൂഡൽഹി: ഒളിമ്പിക്സിൽനിന്ന് അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ വിരമിക്കൽ പ്രഖ്യാപിച്ച ഇന്ത്യൻ വനിത ഗുസ്തി താരം വിനേഷ് ഫോഗട്ടിന് ഹൃദയസ്പർശിയായ കുറിപ്പുമായി അവർക്കൊപ്പം സമരനിരയിലുണ്ടായിരുന്ന ഗുസ്തി താരം ബജ്റംഗ് പുനിയ. നീ തോറ്റിട്ടില്ലെന്നും തോൽപിക്കപ്പെട്ടതാണെന്നും ഞങ്ങൾക്ക് നീ എന്നും വിജയിയായിരിക്കുമെന്നും താരം എക്സിൽ കുറിച്ചു.

‘വിനേഷ്... നീ തോറ്റിട്ടില്ല, തോൽപിക്കപ്പെട്ടതാണ്. ഞങ്ങൾക്ക് നീയെന്നും വിജയിയായിരിക്കും. നീ ഇന്ത്യയുടെ മകൾ മാത്രമല്ല, ഇന്ത്യയുടെ അഭിമാനവുമാണ്’ -എന്നിങ്ങനെയായിരുന്നു ബജ്റംഗ് പുനിയയുടെ കുറിപ്പ്. ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്നതടക്കമുള്ള പരാതികളുയർന്ന ഗുസ്തി ഫെഡറേഷൻ പ്രസിഡന്റും ബി.ജെ.പി എം.പിയുമായിരുന്ന ബ്രിജ്ഭൂഷൺ ശരൺ സിങ്ങിനും കൂട്ടാളികൾക്കുമെതിരെ വിനേഷി​നും സാക്ഷി മാലികിനുമൊപ്പം സമരത്തിനിറങ്ങിയ താരമാണ് ബജ്റംഗ് പുനിയ.

ഒളിമ്പിക്സിൽ അയോഗ്യയാക്കപ്പെട്ടതിന് മണിക്കൂറുകൾക്ക് ശേഷം എക്സിലെ പോസ്റ്റിലൂടെയായിരുന്നു വിനേഷ് ഫോഗട്ടിന്റെ വിരമിക്കൽ പ്രഖ്യാപനം. ‘ഗുസ്തി എനിക്കെതിരെ വിജയിച്ചു, ഞാൻ പരാജയപ്പെട്ടു. എല്ലാവരും എന്നോട് ക്ഷമിക്കണം. എന്റെ സ്വപ്നങ്ങളും ധൈര്യവും തകർ​ന്നിരിക്കുന്നു. ഇനി എനിക്ക് കരുത്തില്ല. 2001 മുതൽ 2024 വരെയുള്ള ഗുസ്തി കരിയറിനോട് താൻ വിട പറയുകയാണ്’ -എന്നിങ്ങനെയായിരുന്നു വിരമിക്കൽ പ്രഖ്യാപിച്ചുള്ള വിനേഷിന്റെ കുറിപ്പ്.

വനിത ഗുസ്തിയിൽ വിസ്മയിപ്പിക്കുന്ന പ്രകടനവുമായി ഫൈനലിലേക്ക് മുന്നേറി രാജ്യത്തിന്റെ സുവർണ പ്രതീക്ഷയായി മാറിയ വിനേഷ് ഫോഗട്ട് അയോഗ്യയാക്കപ്പെടുകയായിരുന്നു. 50 കിലോഗ്രാം ഫ്രീ സ്റ്റൈൽ ഇനത്തിൽ മത്സരിച്ച വിനേഷ് ഭാര പരിശോധനയിൽ പരാജയപ്പെട്ടതാണ് തിരിച്ചടിയായത്. 100 ഗ്രാം തൂക്കം അധികമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അയോഗ്യത. കലാശപ്പോരിൽ അമേരിക്കയുടെ സാറാ ഹില്‍ഡ്ബ്രാണ്ടുമായി ഏറ്റുമുട്ടാനിരിക്കെയാണ് അപ്രതീക്ഷിത തിരിച്ചടിയുണ്ടായത്.

നിലവിലെ ഒളിമ്പിക്സ് ചാമ്പ്യനെയടക്കം വീഴ്ത്തിയാണ് അഭിമാന നേട്ടത്തിലേക്ക് വിനേഷ് മുന്നേറിയത്. ഫൈനലിലെത്തിയതോടെ താരത്തിലൂടെ സ്വർണമോ വെള്ളിയോ ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു രാജ്യം മുഴുവൻ. എന്നാൽ, ഏവരുടെയും പ്രതീക്ഷകൾ തകിടം മറിക്കുന്നതായിരുന്നു അയോഗ്യത. നേരത്തെ 53 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ചിരുന്ന വിനേഷ് ഫോഗട്ട് ഭാരം മൂന്ന് കിലോ കുറച്ചാണ് ഒളിമ്പിക്സിനെത്തിയിരുന്നത്.

പ്രീ-ക്വാർട്ടറിൽ ലോക ഒന്നാം റാങ്കുകാരിയും നിലവിലെ ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവും നാലുതവണ ലോക ചാമ്പ്യനുമായ ജപ്പാന്റെ യുയി സുസാകിയെ വീഴ്ത്തിയ വിനേഷ് ക്വാർട്ടറിൽ യുക്രെയ്നിന്റെ ഒക്സാന ലിവാഷിനെയും മറികടന്നാണ് സെമിയിലേക്ക് കടന്നിരുന്നത്. സെമിയിൽ ക്യൂബൻ താരം യുസ്നീലിസ് ലോപസിനെ 5-0ത്തിന് വീഴ്ത്തിയായിരുന്നു വിനേഷിന്റെ ചരിത്രക്കുതിപ്പ്. ഇതോടെ ഗുസ്തിയിൽ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന നേട്ടവും വിനേഷിനെ തേടിയെത്തിയിരുന്നു.

Tags:    
News Summary - ‘You are always a winner for us'; Bajrang Punia with a heartwarming note for Vinesh Phogat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.