കുട്ടി ഫോട്ടോഗ്രാഫര്‍മാര്‍ക്ക് ഇനി ധൈര്യമായി പടമെടുക്കാം!

വിടെക് കിഡീസൂം ആക്ഷന്‍കാം, പ്ളേസ്കൂള്‍ ഷോ കാം, ലീപ്ഫ്രോഗ് ക്രിയേറ്റിവിറ്റി കാമറ, ഹെലോ കിറ്റി ഫ്യൂജിഫിലിം ഇന്‍സ്റ്റാക്സ് കാമറ, ഫ്രോസണ്‍ കാമറ, ഒളിമ്പസ് സ്റ്റൈലസ് ടഫ് ടിജി 860 , ഫ്യൂജിഫിലിം ഫൈന്‍പിക്സ് എക്സ്പി 80 എന്നിങ്ങനെ വിപണിയില്‍ കുട്ടികള്‍ക്കായി നിരവധി കാമറകള്‍ ഉണ്ടെങ്കിലും നിലവാരം കുറവാണ്. ഒളിമ്പസ് സ്റ്റൈലസ് ടഫ് ടിജി 860 , ഫ്യൂജിഫിലിം ഫൈന്‍പിക്സ് എക്സ്പി 80 എന്നിവയാണ് അല്‍പം മെച്ചമുള്ളത്. ഈ കുറവ് നികത്താനാണ് ജപ്പാന്‍ കമ്പനി നിക്കോണിന്‍െറ ശ്രമം. എല്ലാ പ്രായത്തിലുള്ളവര്‍ക്കും ഉപയോഗിക്കാന്‍ എളുപ്പമുള്ള നിക്കോണ്‍ കൂള്‍പിക്സ് W100 ആണ് ഈ ഒഴിവില്‍ കൊണ്ടുവരുന്നത്. നേരത്തെയുണ്ടായിരുന്ന നിക്കോണ്‍ കൂള്‍പിക്സ് എസ്33 പരിഷ്കരിച്ചതാണിത്. പിങ്ക്, നീല, മഞ്ഞ, വെള്ളത്തിനടിയിലെ തീമിലുള്ള ഗ്രാഫിക്സ് തുടങ്ങിയ ആകര്‍ഷക നിറങ്ങളില്‍ ലഭ്യമാണ്. ഈസി ഓട്ടോ മോഡ് ഉള്ളതിനാല്‍ സെറ്റിങ്സുകള്‍ തനിയെ ക്രമീകരിച്ച് കാമറ ഫോട്ടോ എടുക്കും. നമ്മള്‍ ഒന്നും ചെയ്യേണ്ട. പ്രത്യേക ചില്‍ഡ്രന്‍സ് മെനുവുമുണ്ട്. ഡെഡിക്കേറ്റഡ് വണ്‍ടച്ച് ബട്ടണുകളാണ്. 
 

 
പത്തു മീറ്റര്‍ ആഴമുള്ള വെള്ളത്തില്‍ ഒരുമണിക്കൂര്‍ നേരത്തേക്ക് ക്യാമറ പ്രശ്നമില്ലാതെ പ്രവര്‍ത്തിക്കും. 1.8 മീറ്റര്‍ വരെ ഉയരത്തില്‍ നിന്നുള്ള വീഴ്ചകളും ക്യാമറ സഹിക്കും. 10 ഡിഗ്രി സെല്‍ഷ്യസ് വരെയുള്ള തണുപ്പും കുഴപ്പമില്ല. പൊടിയും പിടിക്കില്ല. അതായത് കുട്ടികളുടെ കൈയില്‍  പേടിക്കാതെ കൊടുക്കാം. വൈഫൈ സൗകര്യമുള്ളതിനാല്‍ എടുക്കുന്ന ചിത്രങ്ങള്‍ നിക്കോണ്‍ സ്നാപ്ബ്രിജ് ആപ് ഇന്‍സ്റ്റാള്‍ ചെയ്ത ഐഫോണ്‍, ആന്‍ഡ്രോയിഡ് ഫോണിലേക്കും ടാബിലേക്കും ഷെയര്‍ചെയ്യാം. വൈ ഫൈ, ബ്ളൂടൂത്ത് 4.1 ലോ എനര്‍ജി എന്നിവ കണക്ടിവിറ്റിക്കുണ്ട്.  3എക്സ് ഒപ്റ്റിക്കല്‍ സൂം ലെന്‍സാണ്. ഇത് ജലത്തെ പ്രതിരോധിക്കും. എളുപ്പത്തിന് മുകളിലാണ് പവര്‍ ബട്ടണ്‍. ഷട്ടര്‍ റിലീസ്, വീഡിയോ റെക്കോര്‍ഡ് ബട്ടണുകളും മുകള്‍ ഭാഗത്താണ്. പിന്നില്‍ 230 കെ ഡോട്ട് 2.7 ഇഞ്ച് എല്‍സിഡി ഡിസ്പ്ളേയുണ്ട്. സ്റ്റീരിയോ ശബ്ദമേന്മയില്‍ ഫുള്‍ എച്ച്.ഡി വീഡിയോ റെക്കോര്‍ഡ് ചെയ്യാം. ഇലക്ട്രോണിക് വൈബ്രേഷന്‍ റിഡക്ഷന്‍ ഉള്ളതിനാല്‍ വീഡിയോ വ്യക്തമായിരിക്കും. 13.2 മെഗാപിക്സല്‍ സിമോസ് സെന്‍സര്‍, 177 ഗ്രാം ഭാരം, 30-90mm f/3.3 to 5.9 ലെന്‍സ,. 125 മുതല്‍ 1600 വരെ ISO എന്നിവയാണ് വിശേഷങ്ങള്‍. 130 ബ്രിട്ടീഷ് പൗണ്ട് (ഏകദേശം 12,000 രൂപ) ആണ് വില. സെപ്റ്റംബര്‍ എട്ടിന് വിപണിയിലത്തെും. 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.