ശത കോടീശ്വരനായ ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ കമ്പനിയായ സ്പേസ് എക്സ് 14 വയസുകാരനായ സോഫ്റ്റ്വെയർ എൻജിനീയറെ ജോലിക്കെടുത്തത് വലിയ വാർത്തയായി മാറിയിരുന്നു. സ്പേസ് എക്സ് നിയമിച്ച ഏറ്റവും പ്രായം കുറഞ്ഞ എൻജിനീയറുടെ പേര് കൈറൻ ക്വാസി എന്നാണ്. അമേരിക്കയിലെ പ്രശസ്ത യൂണിവേഴ്സിറ്റിയായ സാന്റാ ക്ലാരയിൽ നിന്നാണ് ക്വാസി ബിരുദം നേടിയത്. മാത്രമല്ല, സർവകലാശാലയുടെ 172 വർഷത്തെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ബിരുദ വിദ്യാർഥി കൂടിയാണ് 14-കാരൻ.
സ്‍പേസ് എക്സിലെ കഠിനമായ ഇന്റർവ്യൂ പ്രക്രിയയിൽ വിജയിച്ച് സ്റ്റാര്‍ലിങ്കില്‍ സോഫ്റ്റ് വെയർ എൻജിനീയറായി ജോലിക്ക് കയറാൻ പോകുന്ന വിവരം തന്റെ ലിങ്ക്ഡ്ഇൻ അക്കൗണ്ടിലൂടെയാണ് ക്വാസി ലോകത്തെ അറിയിച്ചത്. അതോടെ, 14-കാരനായ അത്ഭുത ബാലൻ ഇന്റർനെറ്റിലെ താരമായി മാറി. എന്നാലിപ്പോൾ ക്വാസിയുടെ ലിങ്ക്ഡ്ഇൻ അക്കൗണ്ട് നീക്കം ചെയ്യപ്പെട്ടിരിക്കുകയാണ്.
കൈറൻ ക്വാസിയെ തങ്ങളുടെ ജീവനക്കാരനായി നിയമിക്കാൻ സ്‍പേസ് എക്സിന് പ്രായം ഒരു തടസമായില്ലെങ്കിലും, തൊഴില്‍ അധിഷ്ഠിത സോഷ്യല്‍ മീഡിയാ നെറ്റ്വര്‍ക്കായ ലിങ്ക്ഡ്ഇൻ കൗമാരക്കാരന്റെ അക്കൗണ്ട് പ്രായം കാരണം നീക്കം ചെയ്തു. ലിങ്ക്ഡ്ഇൻ വഴി ജോലി അന്വേഷിക്കാനുള്ള പ്രായം കൈറൻ ക്വാസിക്ക് ആകാത്തതിനാലാണ് നടപടി.
തന്റെ പ്രായം കാരണം ലിങ്ക്ഡ്ഇൻ അക്കൗണ്ട് ബ്ലോക്കായ വിവരം ക്വാസി തന്നെയാണ് ഇൻസ്റ്റഗ്രാമിലൂടെ വെളിപ്പെടുത്തിയത്. ‘എനിക്ക് 16 വയസ്സ് തികയാത്തതിനാൽ, അക്കൗണ്ട് ബ്ലോക്ക് ചെയ്യുകയാണെന്ന് ലിങ്ക്ഡ്ഇൻ അറിയിച്ചു. എല്ലായ്പ്പോഴും ഞാൻ അഭിമുഖീകരിക്കുന്ന യുക്തിരഹിതവും പ്രാകൃതവുമായ മണ്ടത്തരം. എന്റെ കഴിവ് കൊണ്ട് എൻജിനീയറിങ് ജോലി ഞാൻ സ്വന്തമാക്കി, എന്നാൽ, ഒരു പ്രൊഫഷണൽ സോഷ്യൽ മീഡിയയിൽ പ്രവേശിക്കാൻ എനിക്ക് യോഗ്യതയില്ലേ..?’ -ക്വാസി ഇൻസ്റ്റഗ്രാമിൽ തുറന്നടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.