ചരിത്ര നേട്ടത്തിലേക്ക് ഇന്ത്യ; സ്‌പേഡെ‌ക്സ് വിക്ഷേപണം വിജയം; ഡോക്കിങ് സാങ്കേതികവിദ്യ ക്ലബിലേക്ക് ഇന്ത്യയും

ശ്രീഹരിക്കോട്ട: ബഹിരാകാശത്തുവെച്ച് പേടകങ്ങളെ കൂട്ടിയോജിപ്പിക്കാനുള്ള ഇന്ത്യയുടെ പരീക്ഷണ ദൗത്യമായ സ്പേഡെക്സ് വിക്ഷേപണം വിജയകരണം. 220 കിലോഗ്രാം വീതം ഭാരമുള്ള ചേസര്‍ (എസ്.ഡി.എക്‌സ്. 01), ടാര്‍ഗറ്റ് (എസ്.ഡി.എക്‌സ്. 02) ഉപഗ്രഹങ്ങൾ വഹിച്ച് പി.എസ്.എല്‍.വി സി60 റോക്കറ്റാണ് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിൽ നിന്ന് തിങ്കളാഴ്ച രാത്രി 10 മണിക്ക് പറന്നുയർന്നത്.

ബഹിരാകാശത്ത് വേർപെട്ട രണ്ടു പേടകങ്ങളും ജനുവരി ഏഴിന് ഒന്നായി ചേരുന്ന ഡോക്കിങ് പൂർത്തിയാക്കും. കൂടാതെ 24 പരീക്ഷണോപകരണങ്ങള്‍കൂടി ദൗത്യത്തിലുണ്ട്. റോക്കറ്റിന്റെ മുകള്‍ഭാഗത്തുള്ള ഓര്‍ബിറ്റല്‍ എക്‌സ്പെരിമെന്റല്‍ മൊഡ്യൂളിലാണ് (പോയെം) ഈ ഉപകരണങ്ങള്‍ ഭൂമിയെചുറ്റുക.

ഭൂമിയില്‍ നിന്ന് 470 കിലോമീറ്റര്‍ അകലെ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിലാണ് ഉപഗ്രഹങ്ങളെ എത്തിക്കുക. ഉപഗ്രഹങ്ങള്‍ തമ്മില്‍ 20 കിലോമീറ്ററോളം അകലമാണ് തുടക്കത്തിലുണ്ടാവുക. ഭൂമിയെ ചുറ്റുന്നതിനിടെ ഘട്ടംഘട്ടമായി അവതമ്മിൽ അകലം കുറച്ചുകൊണ്ടുവന്നശേഷം രണ്ടും കൂട്ടിയോജിപ്പിക്കും (ഡോക്കിങ്). ഊര്‍ജവും വിവരങ്ങളും പങ്കുവെച്ച് ഒരൊറ്റപേടകംപോലെ പ്രവര്‍ത്തിച്ചശേഷം അവയെ വേര്‍പെടുത്തുന്ന പ്രക്രിയയായ അണ്‍ഡോക്കിങ് നടത്തും. ഇതിനുശേഷം രണ്ടു വ്യത്യസ്ത ഉപഗ്രഹങ്ങളായി ഇവ രണ്ടുവര്‍ഷത്തോളം പ്രവര്‍ത്തിക്കും.

ഇതാദ്യമായാണ് ഇന്ത്യ ബഹിരാകാശത്തുവെച്ച് ഡോക്കിങ് പരീക്ഷിക്കുന്നത്. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ മാത്രം സ്വായത്തമാക്കിയ ഡോക്കിങ് സാങ്കേതികവിദ്യ ക്ലബിലേക്കാണ് ഇന്ത്യയും പ്രവേശിക്കുന്നത്. മനുഷ്യരെ വഹിക്കുന്നതോ അല്ലാത്തതോ ആയ രണ്ടു സ്വതന്ത്ര പേടകങ്ങളെ ബഹിരാകാശത്തുവെച്ച് സംയോജിപ്പിക്കുകയും തുടര്‍ന്ന് ഒറ്റ യൂണിറ്റായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന പ്രക്രിയയാണ് ഡോക്കിങ്. ബഹിരാകാശ നിലയം നിര്‍മിക്കുന്നതിനും പരിപാലിക്കുന്നതിലും ഡോക്കിങ്, ബെര്‍ത്തിങ് സാങ്കേതികവിദ്യകള്‍ അത്യന്താപേക്ഷിതമാണ്.

 പലതവണ വിക്ഷേപിച്ച വ്യത്യസ്ത ഘടകഭാഗങ്ങള്‍ കൂട്ടിയോജിപ്പിച്ച് അന്താരാഷ്ട്ര ബഹിരാകാശനിലയം നിര്‍മിച്ചത് ഈ സാങ്കേതികവിദ്യയിലൂടെയാണ്. ചാന്ദ്രപര്യവേക്ഷണമായ ചാന്ദ്രയാന്റെ അടുത്തഘട്ടത്തിനും മനുഷ്യനെ ബഹിരാകാശത്തെത്തിക്കുന്നതിനുള്ള ഗഗന്‍യാനിനും സ്‌പെയ്സ് ഡോക്കിങ് ഉപയോഗപ്പെടുത്താനാവും. ഭാരതീയ അന്തരീക്ഷ സ്റ്റേഷന്‍ എന്നപേരില്‍ ഇന്ത്യ വിഭാവനംചെയ്യുന്ന ബഹിരാകാശനിലയവും ഇതുപോലെ വ്യത്യസ്ത പേടകങ്ങള്‍ ഒരുമിച്ചു ചേര്‍ത്തുകൊണ്ടാവും നിര്‍മിക്കുക.

നേരത്തെ ഒരുക്കങ്ങളുടെ ഭാഗമായി, പിഎസ്എൽവി-സി60 വിക്ഷേപണ വാഹനം വിജയകരമായി സംയോജിപ്പിച്ചതായും അന്തിമ പരിശോധനകൾക്കായി ഫസ്റ്റ് ലോഞ്ച് പാഡിലേക്ക് മാറ്റിയതായും ഐഎസ്ആർഒ അറിയിച്ചു. 220 കിലോഗ്രാംവീതം ഭാരമുള്ള എസ്.ഡി.എക്‌സ് 01, എസ്.ഡി.എക്‌സ് 02 ഉപഗ്രഹങ്ങള്‍ക്കു പുറമേ 24 പരീക്ഷണോപകരണങ്ങള്‍കൂടി പി.എസ്.എല്‍.വി. ഭ്രമണപഥത്തില്‍ എത്തിക്കും. ഭൂമിയില്‍നിന്ന് 476 കിലോമീറ്റര്‍മാത്രം ഉയരെയുള്ള വൃത്താകൃതിയുള്ള ഭ്രമണപഥത്തിലെത്തുന്ന എസ്.ഡി.എക്‌സ് 01, എസ്.ഡി.എക്‌സ് 02 ഉപഗ്രഹങ്ങള്‍ തമ്മില്‍ 20 കിലോമീറ്ററോളം അകലമാണ് തുടക്കത്തിലുണ്ടാവുക. ഭൂമിയെ ചുറ്റുന്നതിനിടെ ഘട്ടംഘട്ടമായി അകലം കുറച്ചുകൊണ്ടുവന്നശേഷമാണ് രണ്ടും കൂട്ടിയോജിപ്പിക്കുക.

സ്‌പേസ് ഡോക്കിങ് സാങ്കേതികവിദ്യ സ്വന്തമാക്കുന്നതിലൂടെ ഇന്ത്യക്ക് ഭൂസ്ഥിര ഉപഗ്രഹങ്ങളുടെ കാര്യത്തില്‍ വലിയനേട്ടം കൊയ്യാനാവും. വളരെ ചെലവേറിയതാണ് ഭൂസ്ഥിര ഉപഗ്രഹങ്ങള്‍. പ്രൊപ്പല്‍ഷന്‍ യൂണിറ്റുകളിലെ ഇന്ധനം തീരുന്നതനുസരിച്ച് എട്ടു മുതല്‍ 10 വര്‍ഷം വരെയാണ് ഇത്തരം ഉപഗ്രഹങ്ങളുടെ ആയുസ്.

Tags:    
News Summary - ISRO PSLV-C60 SpaDex successfully launched for key space docking experiment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.