‘ഡെവിൻ’ എന്ന് കേട്ടിട്ടുണ്ടോ? ലോകത്തിലെ ആദ്യത്തെ നിർമിത ബുദ്ധി സോഫ്റ്റ് വെയർ എൻജിനീയറാണ് ഡെവിൻ. മനുഷ്യരുടെ നിര്‍ദേശങ്ങള്‍ സ്വയം മനസ്സിലാക്കി അതിനനുസരിച്ച് കാര്യങ്ങള്‍ ചെയ്യാനും ഗവേഷണം നടത്താനും സ്വന്തമായി കോഡുകള്‍ വികസിപ്പിക്കാനും ഈ ‘എൻജിനീയർ‘ക്ക് കഴിയും. അമേരിക്കൻ കമ്പനിയായ കോഗ്നിഷനാണ് ‘ഡെവിൻ’ വികസിപ്പിച്ചത്. സോഫ്റ്റ് വെയർ ഡെവലപ്മെന്റിൽ അതിനിർണായകമായ ചുവടുവെപ്പായിരുന്നു ‘ഡെവിന്റെ’ കടന്നുവരവ്. മാർച്ച് 13ന് ‘കോഗ്നിഷൻ’ അത് അവതരിപ്പിച്ചതോടെ സൈബർ ലോകത്ത് പുതിയൊരു ചർച്ചക്ക് വഴിതുറന്നു. മാസങ്ങളും വർഷങ്ങളും ചെലവഴിച്ച് വികസിപ്പിക്കുന്ന സോഫ്റ്റ്വെയറുകൾ ഡെവിന്റെ സഹായത്തോടെ മണിക്കൂറുകൾക്കുള്ളിൽ പൂർത്തിയാക്കാമെന്നതടക്കം ഒട്ടേറെ പ്രയോജനങ്ങൾ ഈ എ.ഐ നിർമിതിക്കുണ്ട്.
സൈബർ ലോകത്തെ ചർച്ചകൾ ഏറെ കൗതുകത്തോടെ ശ്രദ്ധിക്കുകയായിരുന്നു മൂഫീദ് വി.എച്ച് എന്ന 21 കാരൻ. മലയാളിയാണ്. തൃശൂർ ജില്ലയിലെ ചാവക്കാട്ടുകാരൻ. ‘ഡെവിൻ’ മികച്ച സോഫ്റ്റ്വെയർ എൻജിനീയറാണെങ്കിലും അത് ലഭ്യമാകാൻ വലിയ പണച്ചെലവുണ്ട്. ഓപൺ സോഴ്സിൽ ഇത്തരമൊരു ‘ചാറ്റ്ബോട്ട്’ എന്തുകൊണ്ടായിക്കൂടാ എന്നാണ് മുഫീദ് ആലോചിച്ചത്. തന്റെ ചിന്ത അവൻ ‘എക്സി’ൽ പങ്കുവെക്കുകയും ചെയ്തു. ആ പോസ്റ്റിന് നല്ല പ്രതികരണം ലഭിച്ചതോടെയാണ് ഡെവിന്റെ ഓപൺ സോഴ്സ് ഇന്ത്യൻ പതിപ്പ് സ്വന്തമായി വികസിപ്പിക്കുന്നതിനെക്കുറിച്ച് മുഫീദ് ഗൗരവത്തോടെ ചിന്തിച്ചത്. പിന്നീട് അതിനുള്ള ശ്രമങ്ങളായി. ഒടുവിൽ ‘ദേവിക’ അവതരിച്ചു. ലോകത്തെ വിവിധ ഓപൺ സോഴ്സ് കൂട്ടായ്മകളിൽ പുതിയൊരു തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ‘ദേവിക’. മൂന്നു ദിവസംകൊണ്ടാണ് ‘ദേവിക’ യാഥാർഥ്യമാക്കിയതെന്ന് മുഫീദ് പറയുന്നു. ഉടൻതന്നെ അത് ഓപൺ സോഴ്സായി പബ്ലിഷ് ചെയ്തു. അതോടെ, ആർക്കും ഉപയോഗിക്കാനും തങ്ങളുടെ ഇഷ്ടാനുസരണം കോഡിങ്ങിൽ മാറ്റം വരുത്താനും സാധിക്കും. ഡെവലപ്പര്‍ പ്ലാറ്റ്ഫോമായ ‘ഗിറ്റ്ഹബ്ബി’ലെ താരമാണിപ്പോൾ ദേവിക.
ലിമിനല്‍ എന്ന സൈബര്‍ സുരക്ഷാ കണ്‍സല്‍ട്ടന്‍സി സ്ഥാപനത്തിന്റെ സ്ഥാപകനും സ്റ്റിഷന്‍ എ.ഐയുടെ സഹസ്ഥാപകനുമാണ് മുഫീദ്. സോഫ്റ്റ്വെയർ ഡെവലപ്മെന്റും എ.ഐയുമെല്ലാം ഇന്റർനെറ്റ് സഹായത്തോടെ മുഫീദ് സ്വന്തമായി പഠിച്ചതാണ്. 2021ല്‍ നാഷനല്‍ സ്കില്‍ ഡെവലപ്മെന്റ് കോര്പറേഷന് സംഘടിപ്പിച്ച ഇന്ത്യ സ്കില്‍സ് പരിപാടിയില്‍ ഗോള്‍ഡ് മെഡല്‍ ജേതാവാണ് മുഫീദ്. വിവിധ അന്തർദേശീയ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.