5G മൊബൈൽ നെറ്റ്‌വർക്കുകളിൽ നിന്ന് "സംരക്ഷിക്കുമെന്ന്" അവകാശപ്പെടുന്ന നെക്‌ലെയ്സുകളും അനുബന്ധ ഉപകരണങ്ങളും ധരിക്കരുതെന്ന് ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി നെതർലൻഡ്സ്.
അത്തരം ഉപകരണങ്ങൾ 'റേഡിയോ ആക്ടീവ്' ആണെന്നും ആരോഗ്യത്തിന് പ്രശ്നമാണെന്നും ന്യൂക്ലിയർ സേഫ്റ്റി ആൻഡ് റേഡിയേഷൻ പ്രൊട്ടക്ഷൻ ഫോർ ഡച്ച് അതോറിറ്റി വ്യക്തമാക്കുന്നു. ദീർഘകാലം ധരിച്ചാൽ വലിയ ദോഷം വരുത്തുന്ന ഉൽപ്പന്നങ്ങൾ ഉപയോഗിക്കരുതെന്നും അധികൃതർ ആളുകളോട് അഭ്യർത്ഥിച്ചു. 5ജി നെറ്റ്വർക്കിൽ നിന്നും രക്ഷ നൽകുമെന്ന് കാട്ടി ആന്‍റി-5ജി നെക്‌ലെയ്സുകളും മാസ്കുകളും ഡച്ച് വിപണിയിൽ സജീവമാണ്. ആളുകൾ അത് വാങ്ങിക്കൂട്ടുന്നുമുണ്ട്.
അതേസമയം, 5ജി നെറ്റ്‌വർക്കുകൾ സുരക്ഷിതമാണെന്ന് ലോകാരോഗ്യ സംഘടന നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിലുള്ള 3ജി, 4ജി സിഗ്നലുകളിൽ നിന്ന് അടിസ്ഥാനപരമായി 5ജി നെറ്റ്‌വർക്കുകൾ വ്യത്യസ്തമല്ലെന്നും അവർ ചൂണ്ടിക്കാട്ടിയിരുന്നു. 5ജിക്കെതിരെ ബ്രിട്ടനിലടക്കം പ്രതിഷേധമുണ്ടായിരുന്നു. 5ജി ആരോഗ്യ പ്രശ്നമുണ്ടാക്കുമെന്നാണ് പ്രതിഷേധക്കാർ അവകാശപ്പെടുന്നത്.
5 ജി യാഥാർത്ഥ്യമായാൽ ഭൂമിയിൽ മനുഷ്യരും മൃഗങ്ങളും പക്ഷികളും പ്രാണികളും സസ്യങ്ങളും അതിന്‍റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും നിലവിലുള്ളതിന്‍റെ 10 മുതൽ 100 മടങ്ങ് വരെ അളവിൽ റേഡിയോ വികിരണം വർധിക്കുമെന്നും പരിസ്ഥിതി പ്രവർത്തകരും അവകാശപ്പെടുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.