അടുത്ത വർഷം അവതരിപ്പിക്കാനിരിക്കുന്ന ഐ.ഒ.എസ് പതിപ്പായ iOS 18-ൽ പ്രവർത്തിക്കുന്നത് നിർത്തിവെച്ച് അമേരിക്കൻ ടെക് ഭീമൻ ആപ്പിൾ. ഇതോടൊപ്പം ഐപാഡ്, മാക് ഒഎസ്, അടക്കമുള്ള ഓപറേറ്റിങ് സിസ്റ്റങ്ങളുടെ അടുത്ത പതിപ്പിലുള്ള പ്രവർത്തനവും കുറച്ചുകാലത്തേക്ക് കമ്പനി താൽക്കാലികമായി നിർത്തിവച്ചതായി ബ്ലൂംബെർഗാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഐഒഎസ് പതിനെട്ടാം പതിപ്പിൻ മേലുള്ള വികസനം താൽക്കാലികമായി നിർത്തുന്നതിനുള്ള അറിയിപ്പ് ജീവനക്കാർക്ക് നൽകിയിട്ടുണ്ടെന്നും, ഐഫോൺ ഒ.എസിന്റെ മുൻ പതിപ്പുകളിലുള്ള വ്യാപകമായ പ്രശ്നങ്ങൾ കാരണമാണിതെന്നും റിപ്പോർട്ടിൽ പറയുന്നു. iOS, macOS, iPadOS, watchOS, tvOS എന്നിവയ്‌ക്കായി പുതിയ സവിശേഷതകൾ പുറത്തിറക്കുന്നതിന് മുമ്പ് പിഴവുകൾ പരിഹരിക്കാനാണ് ആപ്പിൾ ഇത്തരമൊരു നീക്കം നടത്തിയതെന്നാണ് സൂചന.
ഐഫോൺ 15 പ്രോ സീരീസിനെ ബാധിച്ച ഓവർഹീറ്റിങ്, ഇടക്കിടെ ഫോൺ ഓഫായിപ്പോകുന്ന പ്രശ്നമടക്കം ഐ.ഒ.എസ് 17-ൽ നിലനിൽക്കുന്ന വ്യാപക ബഗ്ഗുകളാണ് ആപ്പിൾ നിലവിൽ നേരിടുന്ന പ്രധാന പ്രതിസന്ധി. അതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് അടുത്ത വർഷത്തെ iOS 18 കഴിയുന്നത്ര ബഗ് രഹിതമാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഇതേ കാരണങ്ങളാൽ ആപ്പിൾ ഐ.ഒ.എസ് 17.4 അപ്‌ഡേറ്റ് മാർച്ച് വരെ വൈകിപ്പിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. അതേസമയം, എയർഡ്രോപ്പ്, ആപ്പിൾ മ്യൂസിക് സവിശേഷതകൾ എന്നിവയ്‌ക്കൊപ്പം iOS 17.1 അടുത്തിടെ ആപ്പിൾ അവതരിപ്പിച്ചിരുന്നു. അതിൽ നേരിട്ട ബഗ്ഗുകൾ പരിഹരിക്കാനായി തൊട്ടുപിന്നാലെ ഐ.ഒ.എസ് 17.1.1-ഉം അവതരിപ്പിക്കുകയുണ്ടായി.
ഐ.ഒ.എസ് 18, ഐപാഡ് ഒ.എസ് 18, മാക് ഒ.എസ് 15 എന്നിവയുടെ വികസനത്തിന്റെ ആദ്യ ഘട്ടം ആപ്പിൾ പൂർത്തിയാക്കിയിട്ടുണ്ട്. ഐ.ഒ.എസ് 18, ഐപാഡ് ഒ.എസ് 18 എന്നിവയ്ക്ക് ക്രിസ്റ്റൽ എന്ന കോഡ് നാമമാണ് നൽകിയിരിക്കുന്നത്. എന്നാൽ, മാക് ഒ.എസ് അപ്ഡേറ്റിനെ ഗ്ലോ എന്നാണ് വിളിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.