ജിമെയിൽ സേവനം നിർത്താൻ പോവുകയാണോ..? വിശദീകരണുമായി ഗൂഗിൾ

ജനപ്രിയ ഇമെയിൽ സേവനമായ ‘ജിമെയിൽ’, ഗൂഗിൾ അടച്ചുപൂട്ടാൻ പോവുകയാണോ..? ട്വിറ്ററടക്കമുള്ള സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ പ്രചരിക്കുന്ന ഒരു സ്ക്രീൻഷോട്ടിൽ കണ്ടവരൊക്കെ ചോദിക്കുകയാണ്. 2024 ഓഗസ്റ്റ് ഒന്നിന് ജിമെയില്‍ ഔദ്യോഗികമായി സേവനം അവസാനിപ്പിക്കുമെന്നാണ് അതിൽ പറയുന്നത്.

അ തീയതിക്ക് ശേഷം ഇമെയിലുകള്‍ അയക്കാനോ, സ്വീകരിക്കാനോ, ശേഖരിക്കാനോ സാധിക്കില്ലെന്നും ഇതില്‍ പറയുന്നു. Google is sunsetting Gmail എന്ന തലക്കെട്ടോടെ വന്ന സ്ക്രീൻഷോട്ട് പലരും വിശ്വസിക്കുകയും ചെയ്തു. ഗൂഗിളിന്റെ എഐ ഇമേജ് ജനറേറ്ററുമായി ബന്ധ​പ്പെട്ട് ഉയർന്ന വിവാദങ്ങളാണ് അതിലേക്ക് നയിച്ചതെന്നായിരുന്നു ചിലർ പ്രചരിപ്പിച്ചത്.

ലോകമെമ്പാടുമായി 1.8 ബില്യൺ യൂസർമാരുള്ള ജിമെയിൽ സേവനം ഗൂഗിൾ അവസാനിപ്പിക്കുന്നതിന്റെ അമ്പരപ്പിലായിരുന്നു എല്ലാവരും. എന്നാൽ, അതിനെല്ലാം വിശദീകരണവുമായി ഗൂഗിൾ തന്നെ രംഗത്തുവന്നിരിക്കുകയാണ്.

ജിമെയിൽ എവിടെയും പോകുന്നില്ലെന്നും ഇവിടെ തന്നെ കാണുമെന്നുമാണ് അവർ എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്. ജിമെയിൽ സേവനം ആകെ നിർത്തലാക്കുന്നതിന് പകരമായി അതിലെ എച്ച്ടിഎംഎൽ കാഴ്ച (basic HTML) എന്ന സംവിധാനമാണ് ഗൂഗിൾ നിർത്തലാക്കുന്നത്.

നെറ്റ് വര്‍ക്ക് കുറഞ്ഞ പ്രദേശങ്ങളിൽ ഇമെയില്‍ സേവനം കാര്യക്ഷമമായി ലഭ്യമാക്കുന്നതിനായിരുന്നു എച്ച്ടിഎംഎല്‍ പതിപ്പ് ഉപയോഗിച്ചിരുന്നത്. വളരെ കുറഞ്ഞ ആളുകൾ മാ​ത്രമാണ് ആ പതിപ്പിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്നത്. കൂടാതെ, അതിന് സുരക്ഷാ വീഴ്ചകളുടെ ഭീഷണിയും നിലനിൽക്കുന്നുണ്ട്. 


Tags:    
News Summary - Is Gmail shutting down ? Google said this after a viral post

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.